2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ജാഗ്രത വേണം, കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേ

കോഴിക്കോട്: വെള്ളപ്പൊക്കത്തിനു ശേഷം വരുംദിവസങ്ങളില്‍ ഡെങ്കിപ്പനി, മലമ്പനി, തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
ഈഡിസ് കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍, ടിന്നുകള്‍, വീടിനു ചുറ്റുമുള്ള പാഴ്‌വസ്തുക്കള്‍, വെള്ളം കെട്ടിനില്‍ക്കുന്ന സണ്‍ഷേഡുകള്‍ തുടങ്ങിയവ ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങളാണ്.
കൂടാതെ വീടിനകത്തെ ഫ്രിഡ്ജിന് പുറകിലെ ട്രേയിലും ചെടിച്ചട്ടി ട്രേയിലും ഉപയോഗിക്കാത്ത ക്ലോസെറ്റുകളിലും ഇവ വളരുന്നു. അതുകൊണ്ട് ഇത്തരം കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തൊലിപ്പുറമേ ചുവന്നു തടിച്ച പാടുകള്‍, ശരീരവേദന, വെളിച്ചത്തേക്ക് നോക്കാന്‍ പ്രയാസം എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.

കരുതലെടുക്കണം

* ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക.
* വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുകയോ മണ്ണിട്ടു നികത്തുകയോ ചെയ്യുക.
* കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മണ്ണെണ്ണ ഒഴിച്ച് കൂത്താടികളെ നശിപ്പിക്കുക.
* ജലാശയങ്ങളില്‍ കൂത്താടി ഭോജികളായ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കുക.
* റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ ഉപയോഗത്തിനുശേഷം കമിഴ്ത്തിവയ്ക്കുകയോ വെള്ളം തങ്ങിനില്‍ക്കാത്ത വിധം സൂക്ഷിക്കുകയോ ചെയ്യുക.
* കവുങ്ങിന്‍ തോട്ടങ്ങളിലെ പാളകള്‍ നീക്കം ചെയ്യുകയോ വെള്ളം തങ്ങിനില്‍ക്കാത്തവിധം സൂക്ഷിക്കുകയോ ചെയ്യുക.
* ടെറസിലും സണ്‍ഷേഡിലും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കുക.
* കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിഗത മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
* കൊതുകുവല ഉപയോഗിക്കുക, ലേപനം പുരട്ടുക, ശരീരം മുഴുവന്‍ മറയ്ക്കുന്നവിധമുള്ള വസ്ത്രം ധരിക്കുക.
* രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് വിധേയരാകാതെ ആരോഗ്യസ്ഥാപനങ്ങളില്‍ ചികിത്സ തേടുക.
* ആഴ്ചയില്‍ ഒരിക്കല്‍ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈഡേ ആചരിക്കുക.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.