2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജസ്റ്റ: അമേരിക്ക പ്രത്യാഘാതം നേരിടുമെന്ന് സഊദി ജി.സി.സി രാജ്യങ്ങളും ആശങ്കയറിയിച്ചു

റിയാദ്: സെപ്റ്റംബര്‍ 11 ഭീകരാക്രമണക്കേസില്‍ നഷ്ടപരിഹാരം സംബന്ധിച്ച് സഊദിക്കെതിരേയുള്ള ബില്‍ യു.എസ് നിയമമാക്കിയതില്‍ സഊദി ആശങ്ക രേഖപ്പെടുത്തി. സഊദിക്കെതിരേയുള്ള നടപടിയില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സഊദി യു.എസിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ എന്താണ് പ്രത്യാഘാതങ്ങളെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്്താവനയില്‍ പറയുന്നില്ല. ഓരോ രാജ്യത്തിന്റെയും പരമാധികാരങ്ങളിലുള്ള കടന്നു കയറ്റം എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും അത് അമേരിക്കക്ക് ബാധകമാണെന്നും സഊദി പ്രസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സഊദിക്ക് പിന്തുണയുമായി മറ്റ് ഗള്‍ഫ് രാജ്യങ്ങളും രംഗത്തുവന്നു. ജി.സി.സി ഉന്നതതല യോഗം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2001 ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സഊദിക്കെതിരേ കൊണ്ടുവന്ന ബില്‍ യു.എസ് പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്തിരുന്നു. ഇതു മറികടന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാസാക്കിയത്. അമേരിക്കയുമായി ഗള്‍ഫ് മേഖലയിലെ സൈനിക സഹകരണത്തില്‍ നിന്നുവരെ സഊദി പിന്നോക്കം പോകാന്‍ തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ ഇരകളായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തിനായി സഊദി അറേബ്യക്കെതിരേ കോടതിയെ സമീപിക്കാന്‍ അനുവദിക്കുന്നതാണ് വിവാദ നിയമം. ആക്രമണത്തില്‍ പങ്കെടുത്ത 19 പേരില്‍ 15 ഉം സഊദി പൗരന്‍മാരാണെന്നാണ് അമേരിക്കയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ ബില്ലിന് അമേരിക്ക മുതിര്‍ന്നത്.
എന്നാല്‍, സാമ്പത്തിക, സൈനിക മേഖലകളില്‍ ഗള്‍ഫ് മേഖലയിലെ പ്രമുഖ അറബ് രാജ്യമായ സഊദി അറേബ്യക്കെതിരേ പുതിയ നിയമം പാസാക്കിയത് തികഞ്ഞ വെല്ലുവിളിയായാണ് അറബ് രാജ്യങ്ങള്‍ കാണുന്നത്.  ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ അമേരിക്കക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയ്ക്കു തന്നെ തിരിച്ചടിയായി ജസ്റ്റ മാറുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് അല്‍ ഖലീഫയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് അമേരിക്ക നടത്തിയതെന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് എന്നിവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. അമേരിക്കയുമായി ഔദ്യോഗിക ആശയ വിനിമയങ്ങള്‍ മരവിപ്പിക്കല്‍, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നും നിലവിലെ ട്രില്യണ്‍ കണക്കിനുള്ള ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കല്‍, സമാന നടപടികള്‍ സ്വീകരിക്കാന്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കല്‍, ഭീകരവിരുദ്ധ പോരാട്ടത്തില്‍ പരസ്പര സഹകരണം റദ്ദാക്കല്‍, നിക്ഷേപ സഹകരണം മരവിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ സഊദി അറേബ്യ നീങ്ങുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
വീറ്റോ അസാധുവാക്കിയ കോണ്‍ഗ്രസ് നടപടി ഗുരുതമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ തന്ത്രപ്രധാന താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന നിലക്ക് മറുപടി നല്‍കുന്നതിന് സഊദിക്ക് സാധിക്കുമെന്ന് മുന്‍ യു.എസ് പ്രതിരോധ സഹ സെക്രട്ടറിയും സഊദിയിലെ മുന്‍ യു.എസ് അംബാസിഡറുമായ ഷാസ് ഫ്രീമാന്‍ വ്യക്തമാക്കി.  
നിക്ഷേപം പിന്‍വലിച്ച് യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും ഇഷ്ടമുള്ള പങ്കാളികളെ തിരഞ്ഞെടുക്കുന്നതിന് സഊദിക്ക് സാധിക്കുമെന്നും അമേരിക്ക മാത്രമല്ല നിക്ഷേപത്തിന് ഇന്ന് കളിക്കളത്തിലുള്ളതെന്നും യു.എസ് -അറേബ്യന്‍ ചേംബര്‍ പ്രസിഡന്റ് ഡേവിഡ് ഹാമോണ്‍ പറഞ്ഞു. സഊദിയുടെ ആസ്ഥികളും നിക്ഷേപങ്ങളും കണ്ടുകെട്ടുന്നതിനും തടഞ്ഞുവയ്ക്കുന്ന ജസ്റ്റ നിയമം സഊദി-അമേരിക്ക ബന്ധത്തിന് അന്ത്യം കുറിക്കമെന്ന് ന്യൂയോര്‍ക്ക് ടൈംസും സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.