2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ജസീറിന്റെ കഥ അധികാരികള്‍ കേട്ടിട്ടുണ്ടോ?

ഇര്‍ഷാദ് അഹമ്മദ് സി, കുറ്റിക്കാട്ടൂര്‍

കഴിഞ്ഞ ലക്കം (ഏപ്രില്‍ 1 ലക്കം 185) ‘ഞായര്‍പ്രഭാത’ത്തില്‍ ‘ഇന്ത്യയുടെ യശസുയര്‍ത്തിയ അഞ്ചുമിനിറ്റ് ‘ എന്ന ശീര്‍ഷകത്തില്‍ ഇര്‍ഷാദ് അലി കുന്ദമംഗലം എഴുതിയ ഫീച്ചര്‍ വായിച്ചു. തികച്ചും പ്രതികൂലാവസ്ഥകളോടു പടവെട്ടി നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്കു ചിന്തിക്കാനാകാത്ത നേട്ടമാണ് ജസീര്‍ തെക്കേക്കര എന്ന യുവാവ് സ്വന്തമാക്കിയിരിക്കുന്നത്. കഠിനാധ്വാനവും ക്ഷമയും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ മനുഷ്യന് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒന്നും ലോകത്തില്ലെന്നു തെളിയിക്കുകയാണ് ജസീര്‍. ജീവിതത്തിന്റെ കൈപ്പും മധുരവും തൊട്ടറിഞ്ഞുകൊണ്ടാണ് ജസീര്‍ ഇന്നത്തെ നിലയിലെത്തിച്ചേര്‍ന്നിരിക്കുന്നത്.
വേറിട്ട സാമൂഹിക സന്ദേശങ്ങള്‍ നല്‍കുന്ന തന്റെ ഹ്രസ്വചിത്രങ്ങളിലൂടെ ഇന്ത്യയെ യശസ് ലോത്തോളം ഉയര്‍ത്താന്‍ ഈ യുവാവിനായി. രാജ്യത്തെ പ്രതിനിധീകരിച്ചു വിവിധ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്തു പല അംഗീകാരങ്ങളും നേടിയിരിക്കുന്നു അദ്ദേഹം. ഇതില്‍ അഭിമാനിക്കുന്നതോടൊപ്പം ഇത്തരം പ്രതിഭകള്‍ക്കു സാമ്പത്തികമായും സാങ്കേതികമായും മറ്റുമുള്ള സഹായങ്ങളും പിന്തുണയും രാജ്യത്തെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. തീര്‍ത്തും പ്രതികൂലമായ സാമൂഹികാവസ്ഥകളില്‍നിന്നാണ് ജസീര്‍ ദൃശ്യരംഗത്തെ സാങ്കേതികവിദ്യകള്‍ വശമാക്കുന്നതും സ്വന്തമായി ചിത്രങ്ങള്‍ നിര്‍മിക്കുന്നതുമെല്ലാം. ഭരണകൂടം സാമ്പത്തികമായോ സാങ്കേതികമായോ പിന്തുണയ്ക്കുക പോയിട്ട് അര്‍ഹമായൊരു അംഗീകാരം പോലും ആ യുവാവിന് നല്‍കിയിട്ടില്ലെന്നത് അത്യന്തം പരിതാപകരമാണ്. കലാരംഗങ്ങളോട് പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടില്‍നിന്ന് കഠിനാധ്വാനം കൊണ്ട് ഉയര്‍ന്നുവരുന്ന കലാകാരന്മാരോട് നാട്ടിലെ ഭരണകൂടവും ഭരണസംവിധാനങ്ങളും കാണിക്കുന്ന കടുത്ത അവഗണനയുടെ കാലികമായ ഉദാഹരണവുമായി ജസീര്‍. ‘ഞായര്‍പ്രഭാതം’ പ്രസിദ്ധീകരിച്ച ഫീച്ചറിലൂടെ ജസീറിലേക്ക് അധികൃതരുടെ ശ്രദ്ധ പതിയുമെന്നു തന്നെ കരുതട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.