2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ജവാന് വീരമൃത്യു; ഇന്ത്യ നാല് പാക് പോസ്റ്റുകള്‍ തകര്‍ത്തു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാന്‍ വീരമൃത്യുവരിച്ചതിനുപിന്നാലെ ഇന്ത്യ പാകിസ്താന്റെ നാല് അതിര്‍ത്തി പോസ്റ്റുകള്‍ ആക്രമിച്ചുതകര്‍ത്തു. കെരന്‍ മേഖലയിലാണ് ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്താന് കനത്ത നാശം നേരിട്ടത്. എത്രപേര്‍ മരിച്ചുവെന്ന് വ്യക്തമല്ലെന്നു സൈന്യം അറിയിച്ചു.
അതിര്‍ത്തിയില്‍ ഇന്നലെ രാവിലെയുണ്ടായ പാക് വെടിവയ്പ്പില്‍ ബി.എസ്.എഫ് ജവാന്‍കൊല്ലപ്പെട്ടിരുന്നു. ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ നിതിന്‍ സുഭാഷ്(28) ആണ് വീരമൃത്യു വരിച്ചത്. വടക്കന്‍ കശ്മിരിലെ മച്ചില്‍ മേഖലയിലാണ് പാക്‌സേന വെടിനിര്‍ത്തല്‍ ലംഘിച്ച് സൈനികനെ കൊലപ്പെടുത്തിയത്.
മഹാരാഷ്ട്ര സ്വദേശിയാണ് നിതിന്‍. ഭാര്യയും നാലും രണ്ടും വയസുള്ള മക്കളുമുണ്ട്. കൊല്ലപ്പെട്ട ജവാന്റെ ശരീരം ഛിന്നഭിന്നമാക്കിയതില്‍ പാകിസ്താനെ പ്രതിഷേധമറിയിച്ചിരുന്നു. പാക് നടപടിക്കെതിരേ തക്കതായ തിരിച്ചടി നല്‍കുമെന്ന് സൈന്യം ശപഥം ചെയ്തിരുന്നു. അതേസമയം ജമ്മുകശ്മിരിലെ കതുവ, ഹിരാനഗര്‍ മേഖലയില്‍ ഇന്നലെ രാവിലെ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് പാക്  സൈന്യം ആക്രമണം നടത്തിയിരുന്നു. ബി.എസ്.എഫ്  ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം കുപ്‌വാര ജില്ലയിലുണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികന്റെ മൃതദേഹം പാക് തീവ്രവാദികള്‍ നിയന്ത്രണരേഖയ്ക്കു സമീപം വികൃതമാക്കിയ നിലയില്‍ ഉപേക്ഷിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.