
തിരുവല്ല: ജലവിഭവ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ കുടിവെള്ളമില്ലാതെ ജനം വലയുന്നു. എം.സി റോഡില്‍ കെ.എസ്.ടി.പി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ വിതരണ കുഴലുകള്‍ തകരാറിലായതാണ് കുടിവെള്ളം തടസപ്പെടാന്‍ ഇടയാക്കിയത്.
ഇതോടെ നഗരസഭ, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസമായി ശുദ്ധജലം കിട്ടാക്കനിയായി മാറി.
റോഡ് നിര്‍മാണത്തിനിടെ വിവിധ ഭാഗങ്ങളിലെ വിതരണ കുഴലുകള്‍ തകര്‍ന്നിരുന്നു. ഇവ നീക്കം ചെയ്ത് പുതിയ പൈപ്പ് സ്ഥാപിക്കാന്‍ കെ.എസ്.ടി.പി കരാറുകാര്‍ കാലതാമസം വരുത്തിയതാണ് പ്രശ്നത്തിന് ഇടയാക്കിയത്.
പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. ഇതുമൂലം പ്രദേശത്തെ രണ്ടായിരത്തില്‍പ്പരം കുടുംബങ്ങള്‍ കുടിവെളളം മുട്ടിയ അവസ്ഥയിലാണ്. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ഹോട്ടലുകള്‍, ഫഌറ്റുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കുടിവെളള ക്ഷാമം മുതലെടുത്ത് ജല വിതരണക്കാര്‍ വന്‍തുകയാണ് പല പ്രദേശങ്ങളിലും ഈടാക്കുന്നത്.
ഈ വിഷയം സംബന്ധിച്ച് ജലവിഭവവകുപ്പ് മന്ത്രിയും സ്ഥലം എം.എല്‍.എയുമായ മാത്യു ടി. തോമസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.