2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ജലപ്രാന്തം

ഷാഹുല്‍ഹമീദ് കെ.ടി

പാതിമയക്കത്തില്‍നിന്ന് അയാളുണരുമ്പോള്‍ മഴ ശക്തമായിക്കഴിഞ്ഞിരുന്നു. വെള്ളം ചുവരിലൂടെ ഒഴുകിയിറങ്ങി ഡ്യൂട്ടിറൂമില്‍ പരക്കുന്നു. അയാള്‍ മേശപ്പുറത്തുനിന്നു തലയുയര്‍ത്തി മുകളിലേക്കു നോക്കി. അടര്‍ന്നുവീഴാന്‍ വെമ്പുന്ന സിമന്റ് പാളികളില്‍ കൂടുവച്ച എട്ടുകാലികള്‍ മഴവെള്ളത്തിലൂടെ പായുന്നു. തകര്‍ന്ന കൂട്ടില്‍നിന്ന് താഴേക്കുവീണ പ്രാവിന്‍കുഞ്ഞ് പറക്കാനാവാതെ ചിറകടിച്ചൊച്ച വച്ചു. കാറ്റില്‍ ഇളകിയാടിയ ബള്‍ബ് കെട്ടു.

അയാള്‍ വാര്‍ഡിലേക്കു നോക്കി. കൂരിരുട്ട്. ഒരാള്‍ കാറ്റത്ത് മെഴുകുതിരി കത്തിക്കാനുള്ള ശ്രമമുപേക്ഷിച്ചു ചുരുണ്ടുകൂടിക്കിടന്നു. ഇടിമിന്നല്‍, വെളിച്ചം പകരുന്നു. രോഗികളെല്ലാവരും വെള്ളം വീഴാത്ത ഇടങ്ങളിലേക്കു നീങ്ങിയിരിക്കുന്നു.
കാലൊച്ചകള്‍…
വെള്ളത്തിലൂടെ അരികിലേക്കു വരുന്ന കാലൊച്ചകള്‍ അയാള്‍ക്കുള്ളില്‍ പ്രതിധ്വനിക്കുന്നു. ഡ്യൂട്ടിറൂമിന്റെ വാതില്‍ പതിയെ തുറക്കുന്ന ശബ്ദം. ആരെയും കാണുന്നില്ല..! അയാള്‍ മേശയുടെ ചുവട്ടിലൊളിച്ചു. കാലൊച്ചകള്‍ അരികിലെത്തിയപ്പോള്‍ പകച്ചുപോയ അയാള്‍ക്ക് ആശ്വാസമേകിയതു പരിചിതമായ ശബ്ദമായിരുന്നു.
”കടലിനക്കരെ നമുക്കുള്ള തൊഴില്‍സാധ്യത നീ മറക്കുന്നു. പണം വാരിക്കൂട്ടാം.”
അയാളുടെ സഹപ്രവര്‍ത്തകന്റെ ശബ്ദം.
”അനന്താ, എന്റെ നാട്… കുടുംബം… എന്റെ കഥകള്‍… ഇല്ല… ഞാനില്ല…”അയാളുടെ കൈകള്‍ വെള്ളത്തിലെന്തിനോ പരതി.
”തൊഴില്‍ സുരക്ഷ നഷ്ടപ്പെട്ട ഇവിടെ ഇനിയും നീ…”
അയാള്‍ ഒന്നും മിണ്ടിയില്ല.
”അറബിനാടുകളില്‍ എനിക്കും അനന്തനും മുന്‍പേ ജോലികിട്ടുക നിനക്കായിരിക്കും. നീ മുസ്‌ലിമാണ്.” അയാളുടെ വിരലുകള്‍ മേശയുടെ കാലുകളെ ബലമായി പിടിച്ചു.
”അറിയാം… എല്ലാമറിയാം. പക്ഷേ, എന്റെ നാട്… പ്രവാസം..!”
കാലൊച്ചകള്‍ അകലുന്നു… വെള്ളം കടല്‍ത്തിരമാലകളെപ്പോലെ ആടിയുലഞ്ഞു. വെണ്‍നുരകളുമായി തിരമാലകള്‍ അയാള്‍ക്കരികിലേക്കു കുതിച്ചുവരുമ്പോള്‍ അവര്‍ യാത്ര തുടരുന്നു…
ബള്‍ബ് മിന്നിമിന്നി പ്രകാശിച്ചു. മഞ്ഞളിച്ച കണ്ണുകള്‍ അയാള്‍ കൈകള്‍കൊണ്ട് പൊത്തി. മേശച്ചുവട്ടില്‍നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ പ്രാവിന്‍കുഞ്ഞ് അയാളുടെ വെളുത്ത കോട്ടിലേക്കു പാറിവന്നു. കോട്ടിന്റെ വലിയ കീശയ്ക്കുള്ളിലേക്ക് അതു ചുരുണ്ടുകൂടി. അയാള്‍ ആ പ്രാവിന്‍കുഞ്ഞിനെയെടുത്തു തലോടി. നനഞ്ഞ കസേരയിലിരിക്കുമ്പോള്‍ വെളിച്ചം, മഴനാരുകള്‍ വലിച്ചുനീക്കി പക്ഷിച്ചിലപ്പുകളുമായി വന്നെത്തിക്കൊണ്ടിരുന്നു. പ്രാവിന്‍കുഞ്ഞിനെ ചുംബിച്ച് അയാള്‍ പറഞ്ഞു:
”ഇല്ല… ഞാനില്ല. ഈ മണ്ണ് വിട്ട് എങ്ങോട്ടുമില്ല.”
അയാളുടെ കണ്ണുകള്‍ പ്രാവിന്‍കുഞ്ഞില്‍നിന്നു പതിയെ വാര്‍ഡിലേക്കു തിരിയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.