2019 January 18 Friday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ജലനിരപ്പ് വീണ്ടും താഴേക്ക്: വൈദ്യുതി ഉല്‍പ്പാദനം വെട്ടിക്കുറച്ചു

ബാസിത് ഹസന്‍

തൊടുപുഴ: വൈദ്യുതി ബോര്‍ഡ് ജല സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴുന്നതിനാല്‍ സംസ്ഥാനത്തെ ജലവൈദ്യുതി ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ഇന്നലെ രാവിലെ 7 ന് അവസാനിച്ച 24 മണിക്കൂറില്‍ 8.61 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഉല്‍പ്പാദനം. കഴിഞ്ഞയാഴ്ചകളില്‍ 25 ദശലക്ഷം യൂനിറ്റിന് മുകളില്‍ ഉല്‍പ്പാദനം ഉയര്‍ത്തിയിരുന്നു. സംഭരണികളിലെ ജലനിരപ്പ് ശേഷിയുടെ 24.5 ശതമാനമായി കുറഞ്ഞു. 1046.5 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇനി അവശേഷിക്കുന്നത്. അതേസമയം കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയുടെ അളവ് കൂട്ടി. 60.36 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്. ഇത് സമീപകാലത്തെ ഉയര്‍ന്ന അളവാണ്. ചിലയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചതുമൂലം അന്തരീക്ഷ താപനില കുറഞ്ഞതിനാല്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. 68.93 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഇന്നലത്തെ ഉപഭോഗം. ഇത് വൈദ്യുതി ബോര്‍ഡിന് ചെറിയ ആശ്വാസമേകുന്നുണ്ട്. കഴിഞ്ഞ 28, 29, 30 തീയതികളില്‍ 80 ദശലക്ഷം യൂനിറ്റിന് മുകളിലായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.സംസ്ഥാനത്തെ ഒന്‍പത് അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വേനല്‍മഴ ലഭിച്ചു. 4.649 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുതകുന്ന വെള്ളം ഇതുമൂലം ഒഴുകിയെത്തി. ഇടമലയാറിലാണ് കൂടുതല്‍ മഴ ലഭിച്ചത്, 21.2 മിമീ. ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് 9.4 മി.മീ മഴ ലഭിച്ചു. ജലനിരപ്പ് അരയടി ഉയര്‍ന്ന് 2319.68 അടിയിലെത്തി. 496.1 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഇനി ഇടുക്കിയില്‍ അവശേഷിക്കുന്നത്. ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ ഇന്നലെ 2.92 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇവിടുത്തെ ഉല്‍പ്പാദനം 12 ദശലക്ഷം യൂനിറ്റ് വരെ ഉയര്‍ത്തിയിരുന്നു. സംഭരണശേഷിയുടെ 22.5 ശതമാനം വെള്ളമാണ് ഇനി ഇടുക്കിയില്‍ അവശേഷിക്കുന്നത്. കക്കി 8 മിമീ, ഷോളയാര്‍ 4.3, ഇടമലയാര്‍ 21.2, മാട്ടുപ്പെട്ടി 15, പൊന്മുടി 9, നേര്യമംഗലം 2, പൊരിങ്ങല്‍കുത്ത് 18, ചെങ്കുളം 7 മിമീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
വൈദ്യുതി ബോര്‍ഡിന്റെ മറ്റ് പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്. ഇടമലയാര്‍ 21 , പമ്പ 31, ഷോളയാര്‍ 24, മാട്ടുപ്പെട്ടി 53, പൊന്മുടി 17, നേര്യമംഗലം 70, ലോവര്‍പെരിയാര്‍ 55, കുറ്റ്യാടി 39, കുണ്ടള 13, ആനയിറങ്കല്‍ 15.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.