2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

ജലദുരുപയോഗം തടയണം


സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ 34 ശതമാനം കുറവുണ്ടായതോടെ വരള്‍ച്ച അതിരൂക്ഷമാവാനുള്ള സാധ്യതയാണുള്ളത്. അട്ടപ്പാടിയില്‍ ഇപ്പോള്‍ത്തന്നെ ജലസ്രോതസുകള്‍ വറ്റിവരണ്ടും നിലം വിണ്ടുകീറിയും വരള്‍ച്ച ബാധിച്ചുകഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ അടുത്ത വേനലിനു മുന്‍പുതന്നെ അട്ടപ്പാടിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും മനുഷ്യരും കന്നുകാലികളും മരിച്ചുവീഴാനുള്ള സാധ്യതയേറെയാണെന്നുമാണു കണ്ടെത്തിയിരിക്കുന്നത്.
അട്ടപ്പാടിയില്‍ ഈ വര്‍ഷം പത്തുശതമാനം മാത്രമാണു മഴ കിട്ടിയത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന വയനാട്ടില്‍ ഏറ്റവും കുറഞ്ഞ മഴയാണ് ഇപ്രാവശ്യം ലഭിച്ചത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്പെടുത്തേണ്ട കാറ്റ് വടക്കന്‍ പ്രദേശങ്ങളിലേയ്ക്കു ദിശമാറിപ്പോയതിനാലാണു ഈ പ്രാവശ്യത്തെ കാലവര്‍ഷം ദുര്‍ബലമായതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.
ഇനി പ്രതീക്ഷയുള്ളതു തുലാവര്‍ഷമാണ്. കഴിഞ്ഞപ്രാവശ്യം തുലാം വേണ്ടത്ര കനിയാത്തതിനാലായിരുന്നു സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലമര്‍ന്നത്. മനുഷ്യരും കന്നുകാലികളും സൂര്യാഘാതംമൂലം മരിച്ചു. തുലാവര്‍ഷവും കനിഞ്ഞില്ലെങ്കില്‍ ഇത്തവണയും അതൊക്കെ ആവര്‍ത്തിക്കും. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണ്. പാലക്കാട് ജില്ലയിലെ ഭൂഗര്‍ഭജല അളവില്‍ ഭീമമായ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജലമൂറ്റുന്ന വന്‍കിട പെപ്‌സി കമ്പനികളെ നിയന്ത്രിക്കാനാവാത്തത് ഇതിലെ മുഖ്യകാരണമാണ്. ജലസമൃദ്ധിയാലും ഹരിതഭംഗിയാലും നിറഞ്ഞുനിന്നിരുന്ന ഇടുക്കിപോലും രൂക്ഷമായ വരള്‍ച്ച നേരിടുകയാണ്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വരള്‍ച്ചാനിരീക്ഷണ സെല്‍ ഈ മാസം ആറു ജില്ലകളെ വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. തുലാവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഇടുക്കിപോലുള്ള ജില്ലകളെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കാന്‍ കാരണമാകുന്നതിലേയ്ക്കു അടിയന്തരശ്രദ്ധ പതിയുന്നില്ലെങ്കില്‍ കേരളം മരുഭൂമിയായിത്തീരുന്ന കാലം ഏറെയകലെയാവില്ല.
കാലാവസ്ഥാ വ്യതിയാനം ജലദൗര്‍ലഭ്യത്തിനു മുഖ്യകാരണമാണെങ്കിലും ജലവിനിയോഗത്തിലെ ധൂര്‍ത്തും ജലസ്രോതസുകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നതും വരള്‍ച്ചയുടെ വേഗം വര്‍ധിപ്പിക്കുന്നുവെന്നതു യാഥാര്‍ഥ്യമാണ്. മഴക്കാലം കഴിഞ്ഞാലും നമ്മുടെ കാവുകളും കുളങ്ങളും പാടങ്ങളും ജലസമൃദ്ധിയാല്‍ നിറഞ്ഞുനിന്നിരുന്ന കാലം ഓര്‍മയായിരിക്കുന്നു. ഇപ്പോള്‍, മഴ കഴിയുന്നതോടെ വയലുകളും തോട്ടങ്ങളും വറ്റുവരണ്ടു ഉണങ്ങുകയാണ്.
കുളങ്ങളും വയലുകളും മണ്ണിട്ടു നികത്തിക്കൊണ്ടിരിക്കുന്നതിനാലാണിത്. വെള്ളം ഭൂമിയിലേയ്ക്കിറങ്ങാതെ മുകള്‍പ്പരപ്പിലൂടെ ഒഴുകി ഉപകാരപ്രദമല്ലാതായിത്തീരുന്നു. ഭൂമി മണ്ണിട്ടു നികത്തുന്നത് അധികവും അര്‍ധരാത്രിയിലോ സര്‍ക്കാര്‍ അവധി ദിവസങ്ങളിലോ ആണ്. സര്‍ക്കാരുദ്യോഗസ്ഥരില്‍ അഴിമതിക്കാരായ ചിലരുടെ ഒത്താശയോടെയാണു ഭൂമാഫിയ വയലുകള്‍ മണ്ണിട്ടു നികത്തിക്കൊണ്ടിരിക്കുന്നത്. പല പ്രദേശങ്ങളിലും നാട്ടുകാരുടെ കൂട്ടായ്മകളാണ് ഇത്തരം കൊള്ളരുതായ്മ തടഞ്ഞുനിര്‍ത്തുന്നത്.
അഞ്ചുസെന്റും പത്തുസെന്റും പാടം മണ്ണിട്ടു നികത്താമെന്ന സര്‍ക്കാര്‍ ഉത്തരവ് ദുരുപയോഗപ്പെടുത്തി ഭൂമാഫിയ ഏക്കറക്കണക്കിനു വയലുകളാണു മണ്ണിട്ടു നികത്തിക്കൊണ്ടിരിക്കുന്നത്. ജലസ്രോതസുകള്‍വരെ ഇപ്രകാരം മണ്ണിട്ടു മൂടിക്കൊണ്ടിരിക്കുന്നു. മാലിന്യക്കൂമ്പാരങ്ങള്‍ നദികളിലും തോടുകളിലുമാണു ഉപേക്ഷിക്കപ്പെടുന്നത്. ഇതുകാരണം സംസ്ഥാനത്തെ മിക്ക നദികളും മലിനമായിക്കഴിഞ്ഞു. ഈ നദികളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
കോഴിയവശിഷ്ടങ്ങളും അറവുമാടുകളുടെ അവശിഷ്ടങ്ങളും സംസ്‌കരിക്കുന്നതിനു പകരം വയലുകളിലും തോടുകളിലും ഉപേക്ഷിക്കുമ്പോള്‍ കുടിവെള്ള സ്രോതസുകളാണു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ നടപടിയെടുക്കേണ്ടവരാകട്ടെ കൈക്കൂലി വാങ്ങി മൗനം ഭജിക്കുന്നു. കോഴിക്കടകള്‍ക്കു ലൈസന്‍സ് കിട്ടണമെങ്കില്‍ അവശിഷ്ട സംസ്‌കരണ പദ്ധതികള്‍ ഉണ്ടാവണമെന്നു നിഷ്‌കര്‍ഷിക്കപ്പെടണം.
തുലാവര്‍ഷം ഇപ്രാവശ്യവും ചതിക്കുകയാണെങ്കില്‍ അടുത്തമാസത്തോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് സംസ്ഥാന വരള്‍ച്ചാ നിവാരണ സെല്‍ അധികൃതര്‍ പറയുന്നത്. ജലദുരുപയോഗം തടയാന്‍ ഇരുപത്താറിന പ്രതിരോധ നടപടികള്‍ സെല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ ബാധ്യസ്ഥരായവര്‍ കടമ നിറവേറ്റുമോയെന്നു കണ്ടറിയണം.
വരള്‍ച്ചാ നിരീക്ഷണ സെല്‍ വിഭാവനം ചെയ്യുന്ന ചെക്ക് ഡാം നിര്‍മിക്കല്‍, കനാല്‍ വൃത്തിയാക്കല്‍, കുളം വൃത്തിയാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃപരമായ പങ്കുവഹിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ടുപയോഗിച്ചു കാര്യക്ഷമമായി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പംതന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് അവശിഷ്ടങ്ങളും കുടിവെള്ള സ്രോതസുകളിലും നദികളിലും തോടുകളിലും നിക്ഷേപിക്കുന്നവര്‍ക്കെതിരേ തടവുശിക്ഷയും കനത്തപിഴയും ഈടാക്കുന്ന ശിക്ഷാനിയമങ്ങളും ഉണ്ടാവേണ്ടിയിരിക്കുന്നു.
പൊതുടാപ്പുകളിലെ വെള്ളം ഉപയോഗിച്ച് വാഹനം കഴുകുന്നതും പൂന്തോട്ടം പരിപാലിക്കുന്നതും കര്‍ശനമായി തടയണം. സര്‍വോപരി ജലവിനിയോഗത്തെക്കുറിച്ചും ജല സാക്ഷരതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന ക്ലാസുകളും കൂട്ടായ്മകളും സംഘടിപ്പിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്നദ്ധമാകണം. പൊതുജന പങ്കാളിത്തത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതേയുള്ളൂ. ജലം ജീവജലമാണെന്ന പ്രചാരണപരിപാടികളും ആവിഷ്‌കരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ജലം അമൂല്യമാണെന്ന ബോധ്യം പൊതുസമൂഹത്തില്‍ വരുത്താന്‍ കഴിയൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.