2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ജര്‍മന്‍ ഗോകുലം വിട്ടു; പരാഗ്വന്‍ സ്‌ട്രൈക്കര്‍ വരുന്നു

 

കോഴിക്കോട്: ഗോകുലം എഫ്.സിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ജര്‍മന്‍ ക്ലബ് വിട്ടു. ജര്‍മന് പകരം പരാഗ്വയില്‍നിന്ന് സ്‌ട്രൈക്കര്‍ വരുന്നു. വ്യക്തിപരമായ കാരണത്താലാണ് ക്ലബ് വിടുന്നതെന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജര്‍മന്‍ അറിയിച്ചത്.
ഗോകുലം മാനേജ്‌മെന്റും ജര്‍മന്‍ ടീം വിട്ട വിവരം സ്ഥിരീകരിച്ചു. ഈസ്റ്റ് ബംഗാളിനെതിരെയുള്ള പോരാട്ടത്തിനായി ഗോകുലം ഇപ്പോള്‍ കൊല്‍ക്കത്തയിലാണ്. ഈ സീസണില്‍ ഗോകുലത്തില്‍ എത്തിയ അന്റോണിയോ ജര്‍മന്‍ ഐ ലീഗില്‍ ആറു കളികളില്‍ ക്ലബിനായി ബൂട്ടുക്കെട്ടി.
ഏറെ പ്രതീക്ഷയോടെ കൊണ്ടു വന്ന ജര്‍മന്റെ സംഭാവന രണ്ട് ഗോള്‍ മാത്രം. സ്‌ട്രൈക്കറായ ജര്‍മനില്‍നിന്ന് പ്രതീക്ഷിച്ച നേട്ടം ലഭിക്കാതെ വന്നത് ക്ലബിനും തിരിച്ചടിയായി. പ്രതിഭയോട് നീതിപുലര്‍ത്താനാവാത്ത ജര്‍മന് ആരാധകരില്‍നിന്ന് ഏറെ പഴികേള്‍ക്കേണ്ടി വന്നു. ഫിനിഷിങിലെ കൃത്യതയില്ലായ്മയും സഹതാരങ്ങളോടുള്ള ജര്‍മന്റെ പെരുമാറ്റവും ടീമിലും അസ്യസ്ഥത സൃഷ്ടിച്ചിരുന്നു. ഭാര്യ സമേതമാണ് ജര്‍മന്‍ കോഴിക്കോട്ടെത്തിയിരുന്നത്.
ജര്‍മന്റെ ഭാര്യ ഒരാഴ്ച മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ജര്‍മന്‍ ക്ലബ് വിടുമെന്നും അദ്ദേഹത്തെ ക്ലബ് ഒഴിവാക്കുന്നതുമായ അഭ്യൂഹം പരന്നു.
വ്യക്തിപരമായ കാരണത്താല്‍ കരാര്‍ റദ്ദാക്കാന്‍ ജര്‍മന്‍ ആവശ്യപ്പെട്ടെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. ചിലകാര്യങ്ങളില്‍ സന്തോഷമില്ലായിരുന്നുവെന്നും സ്വയം ആസ്വാദനമുണ്ടായില്ലെന്നും ജര്‍മന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗോകുലത്തെ കുറിച്ച് ഒന്നും മോശമായി പറയാനില്ല. ഏത് സ്ഥലത്തായായലും ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്താല്‍ മാത്രമേ മികച്ച പ്രകടനം നടത്താനാവൂ. ആരാധകരുടെ പിന്തുണയും സ്‌നേഹവും ആശ്ചര്യപ്പെടുത്തി. എല്ലാ ആരാധകരോടും അത്രമേല്‍ സ്‌നേഹമുണ്ടെന്നും ആരെയും ഒരിക്കലും മറക്കില്ലെന്നും ജര്‍മന്‍ പറഞ്ഞു. ഗോകുലത്തിന് ഭാവിയില്‍ മികച്ച വിജയങ്ങളുണ്ടാകട്ടെയെന്നും അന്റോണിയോ ജര്‍മന്‍ ആശംസിച്ചു. മികച്ചൊരു താരമായിരുന്നു ജര്‍മനെന്ന് ഗോകുലം പരിശീലകന്‍ ബിനോ ജോര്‍ജും വ്യക്തമാക്കി.
യൂറോപ്യന്‍ ലീഗുകളിലെ ജര്‍മന്റെ പരിചയം ടീമിന് സഹായമായെന്നും ബിനോ ജോര്‍ജ് പറഞ്ഞു. ഇംഗ്ലണ്ടിലെ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനു വേണ്ടി കളിച്ച ജര്‍മന്‍ 2015 ല്‍ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പന്തുതട്ടാനാണ് ഇന്ത്യയില്‍ ആദ്യമെത്തിയത്. ഒന്‍പത് കളികളില്‍ നിന്നായി ആറു ഗോളുകള്‍ ജര്‍മന്‍ ബ്ലാസ്‌റ്റേഴ്‌സിന് സമ്മാനിച്ചു.
ആരാധകരുടെ ഹൃദയം കവര്‍ന്ന ജര്‍മന് 2016-17 സീസണില്‍ പിഴച്ചു. 11 കളികളില്‍ ബ്ലാസ്‌റ്റേഴ്‌സിനായി പന്തുതട്ടിയ ജര്‍മന്‍ ഒരു ഗോള്‍ പോലും നേടാനാവാതെയാണ് മടങ്ങിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.