2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ജര്‍മന്‍ ആക്രമണം: യുവാവ് മനോരോഗി; ടിക്കറ്റില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി

ബെര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലെ ബവാരിയയില്‍ ചാവേറായ സിറിയന്‍ യുവാവ് മാനസികരോഗിയെന്ന് പൊലിസ്. നിരവധി പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ആക്രമണത്തിന് കാരണമായതെന്തെന്ന് കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. ബാറില്‍ നടന്ന സംഗീതനിശയ്ക്കിടെയായിരുന്നു യുവാവ് കാര്‍പാര്‍ക്കിങ്ങില്‍ സ്‌ഫോടനം നടത്തിയത്. അന്‍സ്ബക്കിലാണ് സംഭവം. ഇയാളെ ടിക്കറ്റ് ഇല്ലാത്തതിനാല്‍ ബാറിലേക്ക് കയറ്റിയിരുന്നില്ല. ഇതാണ് വന്‍ദുരന്തം ഒഴിവാക്കിയത്. ബവാരിയയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. സംഭവം ആളുകളില്‍ പരിഭ്രാന്തിപരത്തിയതായി മേഖലാ ആഭ്യന്തരമന്ത്രി ജോഷിം ഹെര്‍മന്‍ പറഞ്ഞു.

എന്നാല്‍ ആക്രമണത്തിന് തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല. ബവാരിയയില്‍ ട്രെയിനില്‍ യുവാവ് കോടാലി ആക്രമണവും തുടര്‍ന്ന് മ്യൂണിക്കിലെ ഷോപ്പിങ് മാളില്‍ വെടിവയ്പും നടന്നതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ആക്രമണം. ഞായറാഴ്ചയിലെ ആക്രമണം നടന്ന മാളിനകത്ത് 2000 പേര്‍ ഒത്തുചേര്‍ന്നിരുന്നു. പ്രതി നേരത്തെ രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ഇയാളുടെ ഫോണിലും ലാപ്‌ടോപ്പിലും തീവ്രവാദ ആക്രമണങ്ങളുടെ വീഡിയോ ഉണ്ടായിരുന്നതായും പൊലിസ് പറയുന്നു.
ഇയാളുടെ ശരീരത്തില്‍ കെട്ടിവച്ച ബോംബാണ് പൊട്ടിയത്. ലോഹകഷ്ണങ്ങളാണ് ബോംബിലുണ്ടായിരുന്നതെന്ന് ഡെപ്യൂട്ടി പൊലിസ് മേധാവി റോമണ്‍ ഫെര്‍ടിങ്കര്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ സിറിയയില്‍ നിന്ന് അഭയാര്‍ഥിയായി എത്തിയത്. ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ മനോരോഗ ചികിത്സാകേന്ദ്രത്തിലായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.