2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ജയില്‍ ശിക്ഷാ വിധിയെ അപലപിച്ച് മാധ്യമങ്ങള്‍

യങ്കൂന്‍: റോഹിംഗ്യന്‍ കൂട്ടക്കൊലയില്‍ സര്‍ക്കാരിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്ന റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് മ്യാന്‍മര്‍ മാധ്യമങ്ങള്‍. പ്രമുഖ മാധ്യമമായ 7 ഡെ ഡെയ്‌ലി ആദ്യ പേജില്‍ ഭാഗികമായി കറുപ്പ് നിറം നല്‍കിയാണ് ജയില്‍ ശിക്ഷയെ അപലപിച്ചത്. കൂടാതെ ശിക്ഷ വിധിച്ച ദിനം മ്യാന്‍മര്‍ ചരിത്രത്തിലെ ദുഃഖദിനമാണെന്ന് 7 ഡെ ഡെയ്‌ലി മുഖപ്രസംഗത്തില്‍ പറഞ്ഞു.
കോടതി നടപടിയെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളും വിമര്‍ശിച്ചു. വിവര സ്വാതന്ത്രത്തിനേരെയുള്ള ആക്രമണമാണ് കോടതി നടപടിയെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് വാ ലോന്‍ (32), ക്യാ സോ ഊ (28) എന്നിവരെയാണ് ജില്ലാ കോടതി ജഡ്ജി കഴിഞ്ഞ ദിവസം ശിക്ഷിച്ചത്.
റോഹിംഗ്യകള്‍ തിങ്ങിത്താമസിക്കുന്ന ഇന്‍ഡിന്‍ ഗ്രാമത്തില്‍ പത്തു പേരെ സൈന്യം നിരത്തിനിര്‍ത്തി വെടിവച്ചു കൊന്നതും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയതും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നു പൊലിസ് ഇവരെ കള്ളകേസില്‍ കുടുക്കുകയായിരുന്നു.
അത്താഴവിരുന്നിനെന്നു പറഞ്ഞു വിളിച്ചുകൊണ്ടുപോയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ അറസ്റ്റിനു തൊട്ടുമുന്‍പു ഹോട്ടലില്‍വച്ചു പൊലിസ്തന്നെ ഇവര്‍ക്കു കൈമാറിയതായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.