2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ജയം തുടരാന്‍ നീലപ്പട

 

സിഡ്‌നി: ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഏകദിനവും പിടിക്കാനൊരുങ്ങി ഇന്ത്യ. ഏകദിന പരമ്പര സ്വന്തമാക്കുന്നിതായി അരയും തലയും മുറുക്കി ഇറങ്ങുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ചരിത്രം തിരുത്തിയാണ് ഇന്ത്യന്‍ സംഘം ആസ്‌ത്രേലിയയില്‍ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുള്‍പ്പെടുന്നതാണ് ഏകദിന പരമ്പര. ഏകദിനത്തിലും ആധിപത്യം തുടരാമെന്ന വിശ്വാസത്തിലാണ് നീലപ്പട.
സിഡ്‌നിയില്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ ഓസീസിനെ തകര്‍ത്തത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഏകദിനത്തില്‍ ഇന്ത്യ മികച്ച ഫോമിലാണിപ്പോഴുള്ളത്.
കഴിഞ്ഞ വര്‍ഷം ഒരേയൊരു ഏകദിന പരമ്പര മാത്രമേ ഇന്ത്യക്കു നഷ്ടമായിട്ടുള്ളൂ. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിങ് കരുത്തിലായിരുന്നു ഏകദിനങ്ങളില്‍ ഇന്ത്യ മികച്ച ഫോം കണ്ടെത്തിയിരുന്നത്. ഇന്നത്തെ മത്സരത്തില്‍ ബൗളിങില്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഭുവനേശ്വര്‍ കുമാറിനും ഖലീല്‍ അഹമ്മദിനും നികത്താനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്രതിരോധിക്കാന്‍ ഓസീസ് ബാറ്റിങ് നിരക്ക് നന്നായി വിയര്‍ക്കേണ്ടിവരും.
അതേസമയം, ആദ്യ ഏകദിനത്തിനു തയാറെടുക്കുന്ന ഇന്ത്യക്ക് ഓള്‍റൗണ്ടണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടേയും ലോകേഷ് രാഹുലിന്റെയും അപ്രതീക്ഷിത വിലക്ക് തിരിച്ചടിയായേക്കും. പാണ്ഡ്യക്കും രാഹുലിനും പകരം ആരൊക്കെ പ്ലെയിങ് ഇലവനില്‍ എത്തുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല.

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും അഭാവം ആസ്‌ത്രേലിയന്‍ ക്യാംപിനെ നന്നായി ബാധിച്ചിട്ടുണ്ട്. വിലക്ക് കാരണം പുറത്തിരിക്കുന്ന ഇരുവരുടെയും അഭാവം നികത്താന്‍ ഇതുവരെ കംഗാരുക്കള്‍ക്കായിട്ടില്ല. ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ ഏകദിനത്തിലെങ്കിലും പിടിമുറുക്കാന്‍ ഒരുങ്ങിയാണ് ഇന്നത്തെ മത്സരത്തില്‍ കംഗാരുക്കളെത്തുന്നത്. എട്ട് വര്‍ഷത്തിന് ശേഷം ആസ്‌ത്രേലിയന്‍ ബൗളര്‍ പീറ്റര്‍ സിഡില്‍ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹസല്യൂഡ് എന്നിവര്‍ക്ക് ആസ്‌ത്രേലിയ വിശ്രമവും അനുവദിച്ചിട്ടുണ്ട്.
ആസ്‌ത്രേലിയന്‍ ടീം
ആരോണ്‍ ഫിഞ്ച്, അലക്‌സ് കാരി, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോംപ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോണിസ്, ജെ. റിച്ചാര്‍ഡ്‌സണ്‍, ജോസണ്‍ ബെറന്‍ഡോഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.