2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ജയം തുടരാന്‍ ഇന്ത്യ

 

പാര്‍ക്ക് ഓവല്‍: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് നടക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0 ത്തിന് മുന്നിലാണുള്ളത്. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ 59 റണ്‍സിന് വിന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് എടുത്തു. തുടര്‍ന്ന് മഴ പെയ്തതോടെ മത്സരം 46 ഓവറാക്കി ചുരുക്കുകയായിരുന്നു.

ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയ ലക്ഷ്യം 270 ആക്കി കുറച്ചു. എന്നാല്‍ 42 ഓവറില്‍ വിന്‍ഡീസിന് 210 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം മത്സരത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മികച്ച ഇന്നിങ്‌സായിരുന്നു ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 125 പന്ത് നേരിട്ട കോഹ്‌ലി 120 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ ശ്രേയസ് അയ്യര്‍ 68 പന്തില്‍ 71 റണ്‍സെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു.

ബാക്കി താരങ്ങളെല്ലാം പൂര്‍ണ പരാജയമാവുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ട് റണ്‍സിന് ശിഖാര്‍ ധവാനെ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. കോഹ്‌ലിക്ക് ഇന്നും ഫോം തുടരാനായാല്‍ ഇന്ത്യക്ക് പരമ്പര അനായാസം സ്വന്തമാക്കാനാകും. മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ബൗളിങ്ങിലും ഫോം കണ്ടെത്തിയാല്‍ ഇന്ന് ജയം ഇന്ത്യക്കൊപ്പം നില്‍ക്കും. വിന്‍ഡീസ് താരം ഗെയിലിന്റെ അവസാന ഏകദിനമായതില്‍ ഇന്നത്തെ മത്സരത്തില്‍ എന്ത് വിലകൊടുത്തും ജയിക്കാനുള്ള ഒരുക്കത്തിലാണ് വിന്‍ഡീസ് പട. ഏകദിന പരമ്പരക്ക് ശേഷം ഈമാസം 22ന് വിന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് പരമ്പരക്കും തുടക്കമാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.