2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജയം കൊതിച്ച് മഞ്ഞപ്പട വീണ്ടും തട്ടകത്തില്‍

ജലീല്‍ അരുക്കൂറ്റി

 

കൊച്ചി: ആവേശത്തോടെ തുടക്കം കുറിച്ചെങ്കിലും കഴിഞ്ഞ സീസണ്‍ പോലെയാകുമോയെന്ന ആശങ്കയുമായി നില്‍ക്കുന്ന ആരാധകര്‍ക്ക് മുമ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു വിജയം അനിവാര്യം.
പ്രമുഖ താരങ്ങളുടെ പരുക്കിലും പ്രതികൂല സാഹചര്യങ്ങളിലും ശക്തമായ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ പങ്കുവച്ചാണ് മഞ്ഞപ്പട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ബംഗളൂരു എഫ്.സിക്കെതിരേ അവസാനനിമിഷം ഒരു ഗോളിന് പരാജയപ്പെട്ടുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതാണ് ടീമിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്.
സീസണില്‍ തിരിച്ചുവരവിന്റെ പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ എഫ്.സി ഗോവയാണ്. രാത്രി 7.30നാണ് മത്സരം. ഈ സീസണില്‍ കളിച്ച അഞ്ച് കളികളില്‍ ഒരു ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം നാല് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്. ഗോവ അഞ്ച് കളികളില്‍നിന്ന് രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമടക്കം 8 പോയിന്റുമായി അഞ്ചാമത്.
ഇന്ന് ജയിച്ചാല്‍ 11 പോയിന്റുമായി അവര്‍ക്ക് പട്ടികയില്‍ മുന്നേറാം. ബ്ലാസ്റ്റേഴ്‌സ് ജയിച്ചാല്‍ മഞ്ഞപ്പടയുടെ നിലയിലും മുന്നേറ്റമുണ്ടാക്കാം. പരുക്കും സ്‌ട്രൈക്കര്‍മാര്‍ ഗോളടിക്കാത്തതുമാണ് ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്ന പ്രശ്‌നം. ആദ്യ കളിയില്‍ എ.ടി.കെയ്‌ക്കെതിരെ രണ്ട് ഗോളടിച്ചശേഷം ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെ നിറം മങ്ങി.
കഴിഞ്ഞ കളിയില്‍ ഒഗ്‌ബെച്ചെക്കൊപ്പം ആദ്യ ഇലവനില്‍ ഇറങ്ങിയ റാഫേല്‍ മെസ്സി ബൗളിയും ഗോളടിക്കാന്‍ കഴിയാതെ വിഷമിക്കുന്നു. സന്ദേശ് ജിങ്കന്‍, ജെയ്‌റോ, മരിയോ ആര്‍ക്കെസ് എന്നിവര്‍ക്ക് പുറമെ മുഹമ്മദ് റാഫിയും പരുക്കിന്റെ പിടിയിലാണ്.
മരിയോ ആര്‍ക്കസ് പരിശീലനം പുനരാരംഭിച്ചെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ലെന്നാണ് കോച്ച് ഷട്ടോരി നല്‍കുന്ന സൂചന. ദൈര്‍ഘ്യമേറിയ സീസണ്‍ മുന്നിലുള്ളപ്പോള്‍ ആര്‍ക്കസിനെ ഇറക്കി റിസ്‌ക്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് കോച്ചിന്റെ വാദം. ബംഗളൂരുവിനെതിരായ മത്സരത്തില്‍ ടീം പുറത്തെടുത്ത പോരാട്ടവീര്യത്തില്‍ സംതൃപ്തനാണെന്ന് പറഞ്ഞ കോച്ച് ഗോവയെ വിലകുറച്ച് കാണുന്നില്ലെന്നും വ്യക്തമാക്കി.
ഇന്ന് പ്രതിരോധത്തിലെ പുതിയ താരം വ്‌ളാറ്റ്‌കോ ഡ്രോബറോവ് ആദ്യ ഇലവനില്‍ ഇറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം കൂട്ടും. എന്നാല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ മുഹമ്മദ് നിങ് ഇന്നും കളത്തിലുണ്ടാവില്ല.
പകരം സിഡോഞ്ചയായിരിക്കും ഈ റോളില്‍. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പ്രതിരോധനിരതാരം വ്‌ളാറ്റ്‌കോ ഡ്രോബറോവിന് കേരളത്തിലെ ആളുകളും കാലാവസ്ഥയും എല്ലാം വ്യത്യസ്തമായ അനുഭവമായിട്ടാണ് പറയുന്നത്. ടീമുമായി കരാറൊപ്പിടുന്നതിനു മുന്നേ കേട്ടകാര്യം മഞ്ഞപ്പടയെക്കുറിച്ചാണ്. ഇന്ന് അവര്‍ക്കു മുന്നില്‍ കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലും ആകാംക്ഷയിലുമാണ് താരം. ഇന്ത്യയിലെത്തി 24 മണിക്കൂറിനുള്ളില്‍ മഞ്ഞ ജഴ്‌സിയണിഞ്ഞ് പകരക്കാരനായി കളത്തിലിറങ്ങിയ ഈ 27കാരന്‍ ബംഗളൂരു എഫ്.സിക്കെതിരേ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു.
പെട്ടെന്ന് ക്ലബും സഹതാരങ്ങളും മൈതാനവുമൊക്കെ മാറിയതിന്റെ പ്രശ്‌നമുണ്ടെങ്കിലും തനിക്ക് കേരളം വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നതെന്നും വ്‌ളാറ്റ്‌കോ പറയുന്നു.
മാസിഡോണിയന്‍ ക്ലബ് എഫ്.കെ ബെലസിക്കയില്‍ നിന്നാണ് വ്‌ളാറ്റ്‌കോ ബ്ലാസ്റ്റേഴ്‌സിലെത്തിയിട്ടുള്ളത്. കഴിഞ്ഞ കളിയിലെ പോലെ 4-3-1-2 രീതിയിലാവും ഷട്ടോരി ടീമിനെ ഇന്നും കളത്തിലിറക്കാന്‍ സാധ്യത. ബംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ സിഡോഞ്ച ഈ റോളില്‍ തിളങ്ങിയിരുന്നു.
പ്രതിരോധത്തിന് മുന്നിലായി സഹലും പ്രശാന്തും രാഹുലും എത്താനാണ് സാധ്യത. മാറ്റമുണ്ടായാല്‍ സഹലിന് പകരം ജീക്‌സണ്‍ കളിച്ചേക്കും. പ്രധാന താരങ്ങളുടെ അഭാവത്തിലിറങ്ങുന്ന ഗോവയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തുമെന്നാണ് കോച്ചും താരങ്ങളും വിശ്വസിക്കുന്നത്. കേരളത്തിനെതിരേ ശക്തമായ മുന്നേറ്റം ആഗ്രഹിച്ചാണ് ഗോവന്‍പടയെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News