2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ജയം കളഞ്ഞുകുളിച്ച് ബംഗ്ലാദേശ്

വെല്ലിങ്ടന്‍: ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറും ലീഡും സ്വന്തമാക്കിയിട്ടും ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു അപ്രതീക്ഷിത തോല്‍വി. ഏഴു വിക്കറ്റിനാണു ബംഗ്ലാദേശ് തോല്‍വി വഴങ്ങിയത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 160 റണ്‍സില്‍ അവസാനിച്ചു. 217 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ കിവികള്‍ 39.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 90 പന്തില്‍ 104 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനിന്റെ മികവിലായിരുന്നു കിവീസ് ജയം. 60 റണ്‍സ് നേടിയ വെറ്ററന്‍ താരം റോസ് ടെയ്‌ലര്‍ നായകനു മികച്ച പിന്തുണ നല്‍കി.
ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 595 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തിയര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡും പൊരുതി. എന്നാല്‍ അവരുടെ പോരാട്ടം 539 റണ്‍സില്‍ അവസാനിച്ചു.
56 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കാന്‍ ബംഗ്ലാ ടീമിനു സാധിച്ചെങ്കിലും രണ്ടാമിന്നിങ്‌സിലെ നിരുത്തരവാദപരമായ ബാറ്റിങിലൂടെ വിജയിക്കുമായിരുന്ന മത്സരം അവര്‍ കളഞ്ഞുകുളിച്ചു.
56 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ സന്ദര്‍ശകരുടെ മധ്യനിരയും വാലറ്റവും തകര്‍ന്നടിഞ്ഞതോടെ അവര്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തി. ഏഴാമനായി ക്രീസിലെത്തിയ സാബിര്‍ റഹ്മാന്‍ 50 റണ്‍സ് നേടി ടോപ് സ്‌കോററായി.
ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടി ബംഗ്ലാ ഇന്നിങ്‌സിനെ ശക്തമാക്കിയ ഷാക്കിബ് അല്‍ ഹസന്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പും സെഞ്ച്വറി നേടിയ മുഷ്ഫിഖുര്‍ റഹീം 13 റണ്‍സിനും പുറത്തായി. ഇമ്‌റുല്‍ കയെസ് (36), തമിം ഇഖ്ബാല്‍ (25), മൊമിനുല്‍ ഹഖ് (23) എന്നിവരും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. ‘
കിവീസിനു വേണ്ടി ട്രന്റ് ബോള്‍ട്ട് മൂന്നും നീല്‍ വാഗ്‌നര്‍, മിച്ചല്‍ സാന്റ്‌നര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ കിവീസിനു വേണ്ടി സെഞ്ച്വറി നേടിയ ടോം ലാതമാണ് മാന്‍ ഓഫ് ദ മാച്ച്.

 

 

നൂറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡ് ഇനി ബംഗ്ലാദേശിന്റെ പേരില്‍

ഒന്നാം ഇന്നിങ്‌സില്‍ 595 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ബംഗ്ലാദേശ് മത്സരം തോറ്റത്. ഇത്രയും ഉയര്‍ന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയ ശേഷം ഒരു ടീം ടെസ്റ്റ് മത്സരം തോല്‍ക്കുന്നത് ഒരു നൂറ്റാണ്ടിനു ശേഷമാണ്.
1894- 95 കാലഘട്ടത്തില്‍ സിഡ്‌നിയില്‍ ആസ്‌ത്രേലിയയാണ് ഇതിനു മുന്‍പ് ഏറ്റവും അധികം ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ നേടിയ ശേഷം മത്സരം തോല്‍ക്കുന്നത്. അന്ന് ഇംഗ്ലണ്ടിനെതിരേ 586 റണ്‍സ് നേടിയ ശേഷമാണ് ഓസീസ് തോല്‍വി വഴങ്ങിയത്. ഈ പട്ടികയില്‍ രണ്ടു തവണ ബംഗ്ലാദേശിന്റെ പേര് ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു. 2012- 13ല്‍ വെസ്റ്റിന്‍ഡീസിനെതിരേ 556 റണ്‍സ് നേടിയ ശേഷവും അവര്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.