2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ജപ്പാന്‍ ഭൂചലനം: മരണം 18 ആയി

 

ടോക്കിയോ: ജപ്പാന്‍ ദ്വീപായ ഹൊക്കൈദോയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ചയാണുണ്ടായത്.
നിരവധി പേര്‍ക്ക് ഭൂചലനത്തില്‍ പരുക്കേറ്റെന്നും 26 പേരെ കാണാതായെന്നും പ്രധാനമന്ത്രി ഷിന്‍സെ ആബെ പറഞ്ഞു. ഇവിടെയുള്ള താപ വൈദ്യുത നിലയത്തിന് തകരാറുണ്ടായതിനാല്‍ 30 ലക്ഷത്തോളം ഭവനങ്ങളില്‍ വൈദ്യുതിയില്ല.
വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തണമെന്നും ഭയത്തോടെ ഇരുട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ഇന്നലെ നടന്ന കാബിനറ്റ് യോഗത്തില്‍ മന്ത്രിമാരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
പടിഞ്ഞാറന്‍ ജപ്പാനില്‍ ജെബി ചുഴലിക്കാറ്റ് അടിച്ചുവീശിയതിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്. ചുഴലിക്കാറ്റില്‍ പത്ത് പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പത്തു ലക്ഷത്തോളം പേരെ മാറ്റി താമസിപ്പിച്ചു.
ഒസാകയില്‍ പ്രതിദിനം 1,35,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കുന്ന നിപ്പോള്‍ ഓയില്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്റെ സാകെ എണ്ണ ശുദ്ധീകരണ ശാലയിലെ ഒരു യൂണിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. 25 വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിതെന്നാണ് വിലയിരുത്തല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.