2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

ജനാധിപത്യ ഭരണകൂടത്തിന് ഏകാധിപത്യ സ്വരമോ! ഇന്ത്യന്‍ ഭരണകൂടമേ,

അലി അക്ബര്‍ പടിഞ്ഞാറെക്കര

പവിത്രമായ ജനാധിപത്യസംവിധാനത്തിലൂടെ നിങ്ങള്‍ നേടിയ വിജയം അംഗീകരിച്ചുകൊണ്ട് തന്നെയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ജീവിച്ചുപോരുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ടതോടൊപ്പം രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് പട്ടിണി കൂടാതെ ജീവിച്ചുപോകാനുള്ള സാഹചര്യം നിലനിര്‍ത്തേണ്ടത് നിങ്ങള്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേതു പോലെതന്നെ ഭരണമേറ്റെടുത്ത ഏതാനും ദിനങ്ങളിലും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രസംഗങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ സ്വപ്നതുല്യമായ വാഗ്ദാനങ്ങള്‍ പൊള്ളയായതുമാണെന്ന് ഏതാനും മാസങ്ങള്‍ പിന്നിട്ടതിനകം തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് മനസ്സിലായി.
നിങ്ങളില്‍ അങ്ങേയറ്റത്തെ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്നവര്‍ ഇന്ന് നിരാശരാണെന്നതില്‍ സംശയമില്ല. ഈ വിനീതനുള്‍പ്പെടെയുള്ള പ്രതിപക്ഷ ജനവിഭാഗം നിങ്ങളില്‍ കാര്യമായ വിശ്വാസവും പ്രതീക്ഷകളും അര്‍പ്പിക്കാതിരുന്നതിനാല്‍ നിരാശരല്ല… മറിച്ച്, നിറഞ്ഞ അസ്വസ്ഥതയിലും ആശങ്കയിലുമാണ്.
കാരണം, കാര്യമായ ആസൂത്രണങ്ങളോ ദീര്‍ഘ വീക്ഷണങ്ങളോ നടത്താതെ ‘രാജ്യത്തിനു വേണ്ടി’ എന്ന് നാല്‍പ്പത് വട്ടം ആവര്‍ത്തിച്ച്‌കൊണ്ട് നോട്ട് പരിഷ്‌കരണം ഉള്‍പ്പെടെയുള്ള നിങ്ങള്‍ നടത്തിയ നയങ്ങളുടേയും പരിഷ്‌കാരങ്ങളുടേയും പിന്നിലുള്ള രഹസ്യങ്ങളും ലക്ഷ്യങ്ങളും ഇന്ന് ഏവര്‍ക്കും മനസ്സിലായി. തീരുമാനങ്ങളും നയങ്ങളും രൂപീകരിക്കാനും നടപ്പില്‍വരുത്താനും നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം. അതിനെതിരേയുള്ള ആക്ഷേപങ്ങളുടേയും അഭിപ്രായങ്ങളുടേയും മുനയൊടിക്കാന്‍ നിങ്ങള്‍ക്കാവില്ല.
ഇന്ത്യന്‍ ജനത സഹിക്കുന്നതിനൊരു പരിധിയുണ്ട്. ഏറെ സഹനങ്ങളുടെ പിന്നാമ്പുറങ്ങളുള്ള ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഏകാധിപത്യ സ്വരങ്ങളോട് വീറോടെ പോരടിച്ച, രക്തം തിളയ്ക്കുന്ന പോരാട്ട ഭൂമികള്‍ തീര്‍ത്ത, പ്രതിരോധങ്ങളുടെ ചരിത്രവും പറയാനുണ്ടെന്നത് ഓര്‍ക്കുക.
പൗരസ്വാതന്ത്ര്യം ഹനിച്ചുകൊണ്ട് സമകാലിക ഇന്ത്യന്‍ ഭരണകൂടം മുന്നോട്ട് പോയാല്‍, അതിനെതിരേയുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.