2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജനപ്രിയ വില്ലന്‍ അകത്തായി

ചിത്രനാഥ്

ഒടുവില്‍ ആ നടന്‍ കുടുങ്ങി. കേരളാ പൊലിസിന്റെ വലയില്‍ ഈ വലിയ മീന്‍ വീണു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ബിഗ് സല്യൂട്ട്. കേരളാ പൊലിസിന്റെ മിടുക്ക് ഒരിക്കല്‍ കൂടി വ്യക്തമായി.
അമ്മ ജനറല്‍ ബോഡിയില്‍ ഹാലിളകി പത്രപ്രവര്‍ത്തകരെ കടിച്ചുകീറാന്‍ വന്ന ജനപ്രതിനിധികള്‍ കൂടിയായ അമ്മയുടെ സ്ഥിരം പ്രസിഡന്റ് ഇന്നസെന്റ്, മുകേഷ്, ഗണേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.
അന്ന് ബുദ്ധിപൂര്‍വം അനങ്ങാതിരുന്ന സൂപ്പര്‍ താരങ്ങള്‍ ബുദ്ധിയുള്ളവരാണെന്ന് ഇപ്പോള്‍ മനസിലായി.
സിനിമയില്‍ ഇതൊരു പുതിയ സംഭവമല്ല. സ്ത്രീ പീഡനവും നടികളെ വേട്ടയാടലുമൊക്കെ അവിടെ പതിവാണ്. ആരും ഇത് പുറത്തുപറയില്ല. ഫീല്‍ഡില്‍നിന്ന് പുറത്തായി പോകുമെന്ന ഭയം, ആളറിഞ്ഞാല്‍ സമൂഹം എന്ത് ധരിക്കുമെന്ന ചിന്ത, കുടുംബത്തിന്റെ മാനം പോകുമെന്ന ഉല്‍ക്കണ്ഠ, വേട്ടക്കാരുടെ ആക്രമണം തുടരുമെന്ന ധാരണ. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ആരും ഇത് പുറത്തുപറയാറില്ല.

നടി കാണിച്ച ധീരത അഭിനന്ദനാര്‍ഹമാണ്. അവരുടെ ജീവിതപങ്കാളി നല്‍കിയ പിന്തുണയും ശ്രദ്ധേയമാണ്. അതുകൊണ്ടാണ് മലയാളത്തിന്റെ ഈ ജനപ്രിയ നായകന്റെ മുഖംമൂടി പിച്ചിച്ചീന്താന്‍ കഴിഞ്ഞത്.
പൊലിസ് എത്ര സമര്‍ഥമായാണ് കരുക്കള്‍ നീക്കിയത്. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ തന്നെ മലയാളികള്‍ ദിലീപ് പ്രതിയാണെന്ന് ഉറപ്പിച്ചിരുന്നു. നമ്മുടെ പൊലിസ് പക്ഷേ, അപ്പോഴും പറഞ്ഞു ദിലീപിനെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഒന്നും കിട്ടിയില്ലെന്ന്.
അമ്മ കൈ പിടിയിലൊതുക്കി. നിര്‍മാണവും വിതരണവും പ്രദര്‍ശനശാലയും എല്ലാമായപ്പോള്‍ സിനിമ കൈപിടിയിലൊതുങ്ങിയെന്ന് ഇയാള്‍ ധരിച്ചു.
ലിബര്‍ട്ടി ബഷീറിനെ തട്ടി വിതരണക്കാരുടെ സംഘടനയും പിടിച്ചു. നാട്ടില്‍ പുട്ട് കച്ചവടവും തുടങ്ങി. ഇതാണ് പറ്റിയ പണിയെന്ന് ഇനിയെങ്കിലും ഇയാള്‍ തിരിച്ചറിഞ്ഞെങ്കില്‍ .

സിനിമാരംഗം കൈ പിടിയിലൊതുങ്ങിയെന്ന അഹങ്കാരവും നടനുണ്ടായിരുന്നു. സാംസ്‌കാരിക രംഗമാണ് സിനിമയെന്ന ധാരണ തിരുത്തുകയും സംസ്‌കാര ശൂന്യരുടെ കൂട്ടായ്മയാണ് ഇവിടമെന്നു വ്യക്തമാക്കുകയും ചെയ്തിരിക്കയാണ് ഈ സംഭവങ്ങള്‍. സംഭവം നടന്നതില്‍ പിന്നെ ഇരയ്ക്കായി മുതലക്കണ്ണീര്‍ ഒഴുക്കിയ സിനിമാക്കാരുടെ തനിനിറവും നമ്മള്‍ കണ്ടു.

ദിലീപ് തന്നെ പറഞ്ഞത്, ഇത് സിനിമയില്‍ സംഭവിച്ചു എന്നതല്ല നമ്മുടെ നാട്ടില്‍ തന്നെ സംഭവിച്ചു എന്നതാണ് വേദനാജനകം. അമ്മയുടെ യോഗത്തില്‍ ഇരയായ നടിക്ക് പിന്തുണ നല്‍കി ഒരു രണ്ടു വരി പ്രമേയം അവതരിപ്പിക്കാന്‍ പോലും തയാറാവാതെ, രണ്ടുപേരും അമ്മയുടെ മക്കളാണ്, അവര്‍ ഞങ്ങള്‍ക്ക് ഒരുപോലെയാണ് എന്നൊക്കെയാണ് അധ്യക്ഷ വേദിയില്‍ നിന്ന് പറഞ്ഞത്. സിനിമയിലെ കോമാളിവേഷം പോലെ പ്രസിഡന്റ് വേദിയില്‍ നിന്ന് അഭിനയിച്ചു. മമ്മൂട്ടിയും ലാലും ഒഴികെയുള്ളവര്‍ ദിലീപിനെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു.
ഈ ജനപ്രിയ വില്ലനെ സംരക്ഷിക്കാന്‍ ഇനി എന്താ വേണ്ടതെന്ന് വച്ചാല്‍ ചെയ്‌തോളൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.