2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ജനത സ്‌കൂളിന് ഇനി ചോക്ക് വേണ്ട

കൊപ്പം: പട്ടാമ്പി മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായ നടുവട്ടം ഗവ. ജനത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പൂര്‍വവിദ്യാര്‍ഥികളുടെ സമ്മാനം. സ്‌കൂളിലെ 50 ക്ലാസ് മുറികളിലും ബ്ലാക്ക് ബോര്‍ഡുകള്‍ മാറ്റി വൈറ്റ് ബോര്‍ഡുകള്‍ സജ്ജീകരിച്ചു. ചോക്കുപൊടി ഇല്ലാത്ത ക്ലാസ് മുറികള്‍ കുട്ടികളിലെ അലര്‍ജി പ്രശ്‌നങ്ങളുടെ പരിഹാരത്തിനും ഉപകരണങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കപ്പെടുന്നതിനും സഹായകമാകും. എല്ലാ ക്ലാസ് റൂമുകളിലും വൈറ്റ് ബോര്‍ഡുകള്‍ സജ്ജീകരിച്ച ജില്ലയിലെതന്നെ ആദ്യ വിദ്യാലയമായിരിക്കും നടുവട്ടം ഗവ. ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്ന് വിലയിരുത്തപ്പെടുന്നു.
യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കുള്ള മുഴുവന്‍ വൈറ്റ് ബോര്‍ഡുകളും നല്‍കിയത് സ്‌കൂളിലെ 1986 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികളാണ്. ബാക്കിയുള്ള ക്ലാസുകളില്‍ അവര്‍ തന്നെ മറ്റു വര്‍ഷങ്ങളിലെ പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെ സ്ഥാപിച്ചു. ആറുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഒന്നരലക്ഷത്തോളം രൂപ ചെലവിലാണ് വൈറ്റ് ബോര്‍ഡ് പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിക്കും. സ്‌കൂളിന് സഹായഹസ്തവുമായി പൂര്‍വവിദ്യാര്‍ഥികള്‍ എന്നും കൂടെയുണ്ട്. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായങ്ങള്‍, കലാകായിക പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക സഹായം, ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ ഇവയെല്ലാം പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടപ്പാക്കിവരുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.