2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജനങ്ങള്‍ വോട്ട് കൊടുക്കാന്‍ തയാറാണ്; വാങ്ങിയെടുക്കുന്നതില്‍ ആവേശം കാണിക്കാതെ യു.ഡി.എഫ് നേതൃത്വം

പാലക്കാട്: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കാര്‍ഷികമേഖലയായ ചിറ്റൂരിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഒച്ചിഴയും പോലെ. ജനങ്ങള്‍ വോട്ടു കൊടുക്കാന്‍ തയ്യാറാണ് പക്ഷേ വോട്ട് വാങ്ങിയെടുക്കാന്‍ പ്രവര്‍ത്തിക്കാതെയുള്ള ഈ ഇഴഞ്ഞുപോക്ക് യു.ഡി.എഫിനെ പ്രതികൂലമായി ബാധിക്കും. മണ്ഡലത്തില്‍ മുഴുവന്‍ യു.ഡി.എഫ് തരംഗം ആഞ്ഞു വീശുമ്പോഴും ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫിന് പ്രചാരണങ്ങള്‍ അടിത്തട്ടില്‍ എത്തുന്നില്ലെന്ന വ്യാപകമായ പരാതിയാണ് ഉയരുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും വോട്ടുനല്‍കാതെ നോട്ടക്ക് വോട്ടുനല്‍കി പ്രതിഷേധിച്ച ആര്‍.ബി.സിയുടെ വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കി എടുക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുമ്പോഴും മുതിര്‍ന്ന നേതാക്കളൊന്നും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ് താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ക്കുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ നിന്നായി മൊത്തം 8966 വോട്ടുകളാണ് നോട്ട സ്വന്തമാക്കിയത്.
5735 വോട്ടുകളാണ് വാടകരപ്പതിയില്‍ മാത്രം നോട്ടക്ക് കിട്ടിയത്. മൂലത്തറ വലതു കനാല്‍ വേലന്താവളം വരെ നീട്ടുന്ന പദ്ധതി വൈകിയതിനാലാണ് വോട്ടുകള്‍ നോട്ടയിലേക്ക് പേകാന്‍ കാരണം. തെരഞ്ഞെടുപ്പിനുശേഷം വടകരപ്പതി പഞ്ചായത്തില്‍ ആര്‍.ബി.സി കക്ഷി രൂപീകരിക്കുകയും തുടര്‍ന്നുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ ഭരണം നേടുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള ചിറ്റൂരിന്റെ മണ്ണില്‍ കഴിഞ്ഞതവണ നോട്ടക്ക് പോയ വോട്ടുകള്‍ തിരിച്ച് സ്വന്തം പെട്ടിയിലാക്കാന്‍ നേതാക്കന്മാര്‍ ഒരുവിധത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. നടക്കുന്നതാകട്ടെ ആധുനിക രീതികള്‍ അവലംബിക്കാതെ പഴയ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും. എന്നാല്‍ മേഖലയില്‍ എല്‍.ഡി.എഫിന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തി പ്രാപിച്ചു വരികയാണ്. ജനതാദള്‍ സ്വാധീനമുള്ള ചിറ്റൂര്‍ മേഖലയിലെ ആര്‍.ബി.സി നേതാക്കന്മാരെ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് മന്ത്രിമാര്‍ അടങ്ങുന്ന എല്‍.ഡി.എഫ് നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഇടപെടല്‍ ഇല്ലാത്തതും ശക്തമായി നേതൃത്വത്തിലേക്ക് വരാത്തതും അണികളെ നിരുത്സാഹപ്പെടുത്തുന്നു. ലോക്‌സഭാ മണ്ഡലം മുഴുവന്‍ നോക്കുമ്പോള്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്, എന്നാല്‍ ചിറ്റൂര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ളില്‍ നേതാക്കാന്മാരുടെ ആവേശക്കുറവ് ഇടതു പാളത്തിലേക്ക് വോട്ടുനീങ്ങി പോകാനും കാരണമാകും. തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി പല പ്രാദേശിക കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവര്‍ത്തകരും ജനതാദള്‍ അടക്കമുള്ള ഇടതു പാര്‍ട്ടികളിലേക്ക് കൂറുമാറുമെന്നുമുള്ള പരാതിയും പ്രവര്‍ത്തകരിലുണ്ട്. ചിറ്റൂരിലെ ഈ ഇഴഞ്ഞിപോക്ക് രമ്യ ഹരിദാസിന്റെയും യു.ഡി.എഫിന്റെയും വിജയത്തിന് തടസം സൃഷ്ടിക്കും.
ഇനിയെങ്കിലും കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുക മാത്രമല്ല, തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി ചിറ്റൂരില്‍ പാര്‍ട്ടി തകരുമെന്നും പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. വീടുകള്‍ കയറിയുള്ള ശക്തമായ പ്രചാരണങ്ങളും വോട്ട് പിടുത്തവും ത്വരിതപ്പെടുത്തിയില്ലെങ്കില്‍ ചിറ്റൂര്‍ മേഖല യു.ഡി.എഫിനെ കൈവിട്ടു പോകും. യു.ഡി.എഫ് തരംഗം ചിറ്റൂരില്‍ ആഞ്ഞടിപ്പിക്കാന്‍ പ്രവര്‍ത്തിക്കാതെ മന്ദഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കിട്ടുന്ന വോട്ടും ഇല്ലാതാക്കുമെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതിയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.