2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

ജനങ്ങള്‍ക്ക് ഇനിയും പട്ടിയുടെ കടിയേല്‍ക്കരുത്


കഴിഞ്ഞ മൂന്നുമാസത്തിനിടെ 31,114 പേര്‍ക്കു തെരുവു നായ്ക്കളുടെ കടിയേല്‍ക്കുകയുണ്ടായെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞദിവസം നിയമസഭയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ നിലയ്ക്കുപോയാല്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു വര്‍ഷത്തിനകം പട്ടികടിയേല്‍ക്കേണ്ടിവരുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.
തെരുവ്‌നായ്ക്കളുടെ നിയന്ത്രണത്തിനു നടപടി ശക്തമാക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും കണ്ടില്ല. അക്രമികളായ തെരുവുനായ്ക്കളെ കൊല്ലുമെന്നും കടിക്കാന്‍വരുന്ന തെരുവുനായയെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കാണിച്ചുകൊടുത്തതു കൊണ്ടു തടയാനാകില്ലെന്നും തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ.ടി ജലീല്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ കാഞ്ഞിരകുളത്ത് വീട്ടമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകീറികൊന്നതു വാര്‍ത്താപ്രാധാന്യം നേടിയതിനെത്തുടര്‍ന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ പ്രഖ്യാപനം. തെരുവുനായ്ക്കളെ ഉന്മൂലനംചെയ്യാന്‍ സര്‍ക്കാര്‍ പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും വിജയിക്കുന്നില്ല. അതു നടപ്പാക്കാന്‍ ബാധ്യസ്ഥരായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അനങ്ങാപ്പാറ നയം തുടരുകയാണ്. തെരുവുനായ്ക്കളെ പിടിക്കാന്‍ ഫണ്ടില്ലെന്നായിരിക്കും പ്രതികരണം.
ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ പട്ടികളെ പിടിക്കാനാവുന്നില്ലെന്നു ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പരാതി പറയാറുണ്ട്. പട്ടികളെ പിടിച്ചാല്‍ കോടതിയുത്തരവ് ഉയര്‍ത്തിക്കാട്ടി പട്ടികളെ കൊല്ലുന്നതിനു നിരോധമുണ്ടെന്നു പറഞ്ഞു നിയമനടപടികളുമായി പൊലിസെത്തും. വീടിനകത്തു കിടന്നുറങ്ങുകയും മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളെവരെ പട്ടി കടിച്ചുകീറി കൊല്ലുന്നു.
കേരളത്തിലെ തെരുവുനായ ശല്യത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ സുപ്രിംകോടതി മൂന്നംഗസമിതിയെ നിയോഗിച്ചിരുന്നു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി സിരിജഗന്‍ അധ്യക്ഷനായ സമിതിയില്‍ നിയമവകുപ്പു സെക്രട്ടറിയും ആരോഗ്യവകുപ്പു സെക്രട്ടറിയും അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏപ്രില്‍മാസത്തില്‍ നിയമിതമായ സമിതിക്കു മൂന്നുമാസത്തെ കാലാവധിയാണു നിശ്ചയിച്ചിരുന്നത്. സമിതി റിപ്പോര്‍ട്ടു സമര്‍പ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അനന്തരനടപടിയെന്താണെന്നതിനെക്കുറിച്ചു വിവരമില്ല.
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവത്തിനെതിരെയും പേപ്പട്ടിശല്യത്തിന്റെ ഭീകരത സര്‍ക്കാറിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്നതിനായും വ്യവസായിയും പൊതുകാര്യ പ്രസക്തനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തിരുവനന്തപുരത്തും കോഴിക്കോട്ടും നിരാഹാര സമരം നടത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ ഈ സമരത്തെ അനുഭാവപൂര്‍വം പരിഗണിച്ചില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത വേളയില്‍ തെരുവുനായ്ക്കളെ കൊല്ലുമെന്നു പറഞ്ഞിരുന്നെങ്കിലും അതില്‍നിന്നു പിന്മാറുംവിധമുള്ള സത്യവാങ്മൂലമായിരുന്നു കഴിഞ്ഞ മാസം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്.
സര്‍ക്കാറിന്റെ ഈ പിന്മാറ്റം സമൂഹത്തില്‍ അങ്കലാപ്പു സൃഷ്ടിച്ചിരിക്കുകയാണ്. പട്ടികളുടെ കടിയേറ്റു മാരകമായി പരുക്കേല്‍ക്കുന്നവര്‍ക്ക്, സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ വാക്‌സിനുകളില്ലാത്തതു കാരണം, ഭീമമായ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. മരുന്നുകമ്പനികളുടെ താല്‍പ്പര്യമാണു പട്ടിപ്രേമികളുടെ തെരുവുനായ പ്രേമത്തിനു പിന്നിലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. കോടികളുടെ വാക്‌സിനാണു മരുന്നുകമ്പനികള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത്.
ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ കേന്ദ്ര ശിശുക്ഷേമവകുപ്പു മന്ത്രി മേനകാഗാന്ധി ആകാംക്ഷയോടെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയോടു അന്വേഷിച്ചതു കേരളത്തിലെ തെരുവുപട്ടികളെ കുറിച്ചായിരുന്നു. പട്ടിസ്‌നേഹികള്‍ പട്ടികളെ കൊല്ലരുതെന്നു പറയുന്നതിനോടൊപ്പം ഇത്തരം പട്ടികളെ സംരക്ഷിക്കുന്ന ബാധ്യതയും ഏറ്റെടുക്കേണ്ടതാണ്. സര്‍ക്കാരിനൊപ്പമോ സന്നദ്ധ സംഘടനകള്‍ക്കൊപ്പമോ ചേര്‍ന്നു അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന വന്ധീകരണപദ്ധതിയെങ്കിലും നടപ്പാക്കാന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. ശീതീകരിച്ച കാറില്‍ സഞ്ചരിക്കുന്ന പട്ടിസ്‌നേഹികള്‍ക്കു തെരുവില്‍ ജോലിചെയ്യുന്ന സാധാരണക്കാരനു തെരുവുപട്ടികളുടെ കടിയേല്‍ക്കുന്നതില്‍ വലിയ മനഃപ്രയാസം ഉണ്ടായിക്കൊള്ളണമെന്നില്ല.
തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വന്ധീകരണ നടപടി സ്വീകരിക്കുമെന്നും അതിനു നഗരസഭാ കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ബ്ലോക്ക്, ജില്ലാതലങ്ങളില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിനു ജില്ലാകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്നും വന്ധീകരിച്ച നായ്ക്കളെ സംരക്ഷിക്കാനുള്ള ചുമതല മൃഗസ്‌നേഹി സംഘടനകള്‍ക്കു നല്‍കുമെന്നുമൊക്കെയാണു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്കു കടിയേറ്റതു തലസ്ഥാന ജില്ലയിലാണ്. 6042 പേര്‍ക്കു കടിയേറ്റിട്ടുണ്ടെന്നും പേവിഷബാധ പ്രതിരോധ വാക്‌സിന്‍ മൃഗസംരക്ഷണവകുപ്പു വഴി നല്‍കുന്നതിനു നടപടി പുരോഗമിക്കുകയാണെന്നും ഒക്ടോബര്‍ 31 നകം മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും പ്രതിരോധവാക്‌സിന്‍ നല്‍കുന്നതു പൂര്‍ത്തിയാകുമെന്നും മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. അക്രമാസക്തരാകുന്ന തെരുവുനായ്ക്കളെ കൊല്ലാമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കെ അത്തരത്തിലുള്ള നീക്കമുണ്ടാകുമ്പോള്‍ സുപ്രിംകോടതിയുത്തരവ് ഉയര്‍ത്തിക്കാട്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരേയും വ്യക്തികള്‍ക്കെതിരേയും കേസെടുക്കാന്‍ വരുന്ന പൊലിസിനെ നിയന്ത്രിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്.
രണ്ടുമൂന്നു വര്‍ഷത്തിനകം തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കാന്‍ കഴിയുമെന്നു മന്ത്രി പറയുന്നുണ്ടെങ്കിലും അഞ്ചുവര്‍ഷത്തിനകമെങ്കിലും തെരുവുനായ്ക്കളുടെ ശല്യത്തില്‍നിന്നും പേപ്പട്ടിശല്യത്തില്‍ നിന്നും കേരളത്തെ മുക്തമാക്കിയാല്‍ വളരെ നന്നായിരുന്നു. സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങളും മന്ത്രി കെ.കെ ശൈലജ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കിയാല്‍ ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ കേരളം തെരുവുനായ ശല്യത്തില്‍നിന്നു മുക്തമാകുമെന്നു പ്രതീക്ഷിക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.