2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ജഡ്ജിക്കെതിരേ സുപ്രിംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: നീതിന്യായ സംവിധാനത്തിലെ അഴിമതി ചൂണ്ടിക്കാണിച്ചു പ്രധാനമന്ത്രിക്കു കത്തെഴുതിയ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.കര്‍ണനെതിരേ സുപ്രിംകോടതിയുടെ കോടതിയലക്ഷ്യ നടപടി.
നീതിനിര്‍വഹണ സംവിധാനത്തിനു തടസം സൃഷ്ടിച്ചു, അപമാനകരമാംവിധം പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് സുപ്രിംകോടതിയുടെ അത്യപൂര്‍വ നടപടി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രിംകോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയക്കുന്നത്.
അടുത്തിടെ കോളിളക്കം സൃഷ്ടിച്ച സൗമ്യവാധക്കേസില്‍ വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജുവിനെതിരേ സുപ്രിംകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതു വലിയ വാര്‍ത്തയായിരുന്നു. സൗമ്യാ കേസിലെ വിധിയെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശിച്ചതിന് അദ്ദേഹത്തെ കോടതിയിലേക്കു വിളിപ്പിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ ഉന്നത നീതിന്യായരംഗത്തുള്ള അഴിമതിയെക്കുറിച്ച് ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞമാസം 23ന് പ്രധാനമന്ത്രിക്കു എഴുതിയ തുറന്നകത്താണ് കോടതിയലക്ഷ്യ നടപടിയിലേക്കു നയിച്ചത്. നീതിന്യായരംഗത്തെ അഴിമതി ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെടുന്ന കത്തില്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമുള്ള വിരമിച്ചവരും അല്ലാത്തവരുമായ അഴിമതിക്കാരായ 20 ജഡ്ജിമാരുടെ പേരും പരാമര്‍ശിച്ചിരുന്നു.
വിരമിച്ച ജഡ്ജിമാരെക്കുറിച്ചുള്‍പ്പെടെ അപമാനകരമായ വിധത്തില്‍ ജസ്റ്റിസ് കര്‍ണന്‍ അഭിപ്രായ പ്രകടനം നടത്തിയെന്നും കത്തെഴുതിയെന്നും ജഡ്ജിയുടെ പേരെടുത്തു പരാമര്‍ശിച്ച് സുപ്രിംകോടതി വ്യക്തമാക്കി. ഈ മാസം 13ന് നേരിട്ടു ഹാജരാകാനും സുപ്രിംകോടതിയുടെ ഏഴംഗബെഞ്ച് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹാര്‍, ജസ്റ്റിസുമാരായ ദീപക്മിശ്ര, ജെ. ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, പി.സി.ഘോഷ്, കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണു നടപടി. കര്‍ണനെ കോടതി നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്താനും അദ്ദേഹത്തിന്റെ കൈവശമുള്ള കേസുകള്‍ സംബന്ധിച്ച രേഖകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാനും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു.
അതീവ ഗൗരവമുള്ളതാണ് ജസ്റ്റിസ് കര്‍ണന്റെ നടപടിയെന്ന് ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആദ്യമായാണ് ഇത്തരത്തിലൊരു നടപടിയെന്നതിനാല്‍ തങ്ങള്‍ സൂക്ഷ്മതയോടെയാണു നീങ്ങുന്നത്. ഇക്കാര്യത്തിലെ തുടര്‍നടപടികളെക്കുറിച്ച് ബാര്‍ അസോസിയേഷനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
നീതിന്യായ സംവിധാനത്തിന് മാനഹാനിയുണ്ടാക്കുന്നതാണ് ജഡ്ജിയുടെ നടപടിയെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ (എ.ജി) മുകുള്‍ രോഹ്തകി പറഞ്ഞു.
ജസ്റ്റിസ് കര്‍ണനില്‍ നിന്ന് സമാനമായ കത്തുകള്‍ മുമ്പും ഉണ്ടായിരുന്നതായി നേരത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്തെ വിവാദങ്ങള്‍ പരാമര്‍ശിച്ച് ബെഞ്ച് പറഞ്ഞു. അദ്ദേഹത്തെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റിയ സുപ്രിംകോടതി കൊളീജിയത്തിന്റെ നടപടിയെ സ്വയം സ്റ്റേ ചെയ്ത നടപടി അവര്‍ ചൂണ്ടിക്കാട്ടി. തന്നെ സ്ഥലം മാറ്റിയ നടപടിയില്‍ അദ്ദേഹം സുപ്രിംകോടതി ചീഫ് ജസ്റ്റിസിനോട് വിശദീകരണം തേടിയത് വിചിത്രമായ നടപടിയാണെന്നും സുപ്രിംകോടതിയുടെ വിശാല ബെഞ്ച് നിരീക്ഷിച്ചു. ഇതേതുടര്‍ന്ന് ജസ്റ്റിസ് കര്‍ണന് ഏതെങ്കിലും ഉത്തരവിറക്കാനും നേരിട്ട് കേസെടുക്കാനുമുള്ള അധികാരം സുപ്രിംകോടതി വിലക്കിയിരുന്നു. പിന്നീട് രാഷ്ട്രപതിയുടെ അന്ത്യശാസനത്തിന്റെ അടിസ്ഥാനത്തിലാണ് കല്‍ക്കത്ത ഹൈക്കോടതിയില്‍ അദ്ദേഹം ചുമതലയേറ്റെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.