2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജംറയില്‍ കല്ലേറ് കര്‍മം ഇന്നുമുതല്‍

നിസാര്‍ കലയത്ത്

മിന:ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം ഇന്ന് ആരംഭിക്കും. ഇന്നലെ മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ കല്ലുകള്‍ ശേഖരിച്ചാണ് പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തിയത്. തിരക്കൊഴിവാക്കാന്‍ തീര്‍ഥാടകരെ നേരത്തെ തന്നെ മിനയിലെത്തിക്കാന്‍ അതത് രാജ്യങ്ങളിലെ ഹജ്ജ് മിഷനുകള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇശാ നിസ്‌കാരത്തിന് ശേഷമാണ് മുസ്ദലിഫയിലെത്തിയത്. ഇവിടെ നിന്നും മത്വാഫിന്റെ ബസുകളിലും മശാഇര്‍ മെട്രോ ട്രെയിനിലുമാണ് മിനയിലേക്ക് മടങ്ങിയത്.
ഇത്തവണ കല്ലേറിന് വന്‍ നിയന്ത്രണവും സുരക്ഷയുമാണ് ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകരില്‍ ഭൂരിഭാഗവും മിനായിലെ ജംറകളില്‍ ഒരേ സമയം കല്ലേറ് നിര്‍വഹിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് ഹജ്ജ് ഉംറ മന്ത്രാലയം പുതിയ സമയക്രമം നിര്‍ണയിച്ചത്. ഓരോ ദിവസവും കല്ലേറ് കര്‍മം ആരംഭിക്കുന്ന ഘട്ടത്തില്‍ നിയമവിധേയമല്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവരുടെ തിരക്കായിരിക്കും ജംറകളില്‍.
 ജംറ പാലത്തിലും ജംറകളിലേക്കുള്ള വഴികളിലും തിരക്കൊഴിവാക്കാന്‍ കൂടുതല്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ മൂന്നു ലക്ഷം പേര്‍ക്ക് കല്ലേറ് നിര്‍വഹിക്കാന്‍ ജംറ പാലത്തിനു ശേഷിയുണ്ട്. എന്നാല്‍ നിയമാനുസൃതം ഹജ്ജ് നിര്‍വഹിക്കുന്നവരുടെ എണ്ണം മണിക്കൂറില്‍ ഒന്നര ലക്ഷം കവിയാതിരിക്കാനാണ് പുതിയ സമയക്രമം നിര്‍ണയിച്ചത്. കല്ലേറ് കര്‍മത്തിനിടയിലുണ്ടായ തിക്കും തിരക്കുമാണ് കഴിഞ്ഞ വര്‍ഷം വന്‍ ദുരന്തത്തിലേക്ക് വഴി വച്ചത്. തുടര്‍ന്നാണ് ഇത്തവണ കര്‍ശന നിയന്ത്രണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയത്.
ദുല്‍ഹിജ്ജ 12 ബുധനാഴ്ച വൈകീട്ടോടെയാണ് മിനായില്‍ നിന്നുള്ള മടക്കം ആരംഭിക്കുക. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ദുല്‍ഹിജ്ജ 13ന് കൂടി കുറച്ച് തീര്‍ഥാടകരെ മിനായില്‍ നിര്‍ത്താന്‍ ഇത്തവണ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News