2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ജംബോ സമിതികളുമായി കെ.പി.സി.സി

ഫെബ്രുവരി മൂന്നു മുതല്‍ മുല്ലപ്പള്ളിയുടെ ജനമഹായാത്ര

 

തിരുവനന്തപുരം: ഗ്രൂപ്പുകളെ പിണക്കാതെ എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി ജംബോ സമിതികളുമായി തെരഞ്ഞെടുപ്പിനിറങ്ങാന്‍ കെ.പി.സി.സി ഒരുങ്ങുന്നു.
തെരഞ്ഞെടുപ്പ് സമിതി, തെരഞ്ഞെടുപ്പ് ഏകോപന സമിതി, പ്രചാരണ സമിതി, മാധ്യമ ഏകോപന സമിതി എന്നിങ്ങനെയാണ് സമിതികള്‍. പ്രചാരണ സമിതി അധ്യക്ഷനായി കെ. മുരളീധരനെ ഹൈക്കമാന്‍ഡ് നേരിട്ട് നിയമിച്ചിരുന്നു.
വിവിധ സമിതികളിലേക്ക് 30 അംഗങ്ങളെ ഉള്‍പ്പെടുത്താനാണ് തീരുമാനം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവര്‍ വിവിധ നേതാക്കളുമായി സംസാരിച്ചതിനു ശേഷമാണ് അന്തിമ പട്ടിക തയാറാക്കുക. എല്ലാ ഗ്രൂപ്പിനെയും തൃപ്തിപ്പെടുത്തി വേണം സമിതിയില്‍ അംഗങ്ങളെ തീരുമാനിക്കാനെന്ന് അധ്യക്ഷന്‍ കെ.മുരളീധരന്‍ മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ മാത്രം ഉള്‍പ്പെട്ടതായിരിക്കും തെരഞ്ഞെടുപ്പ് സമിതി. ഇപ്പോള്‍ പദവികളില്ലാത്ത നേതാക്കളെ പരമാവധി ഉള്‍ക്കൊള്ളിക്കണമെന്ന ആവശ്യമാണ് ഗ്രൂപ്പ് മാനേജര്‍മാരുടേത്.
അങ്ങനെ തീരുമാനിച്ചാല്‍ കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, എം.എല്‍.എമാര്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍മാര്‍ എന്നിവരെ പരമാവധി ഒഴിവാക്കും. മുന്‍ ഡി.സി.സി പ്രസിഡന്റുമാര്‍, മുന്‍ എം.എല്‍.എമാര്‍, മറ്റ് മുന്‍ ഭാരവാഹികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി സമിതികളിലേക്ക് അംഗങ്ങളെ നിശ്ചയിക്കുമെന്നാണ് സൂചന.
ജംബോ സമിതിയുടെ പ്രഖ്യാപനം ഈ ആഴ്ച തന്നെയുണ്ടാകും. അതിനിടെ, തെരഞ്ഞെടുപ്പിനുശേഷം പുനഃസംഘടന മതിയെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതിനെ തുടര്‍ന്ന് നിലവിലെ അംഗങ്ങള്‍ക്ക് സംഘടനാ ചുമതല വീതിച്ചുനല്‍കാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. വര്‍ക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷും മത്സരിക്കാന്‍ ഇറങ്ങുന്നതിനാല്‍ സംഘടനാപ്രവര്‍ത്തനം പ്രസിഡന്റിന് ഒറ്റയ്ക്ക് ആവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നിലവിലെ അംഗങ്ങള്‍ക്ക് സംഘടനാ ചുമതല വീതിച്ചുനല്‍കാന്‍ അനുമതി നല്‍കിയത്. 22 ജനറല്‍സെക്രട്ടറിമാരും 42 സെക്രട്ടറിമാരും ഉണ്ടായിരുന്നിടത്ത് ഇരുപദവികളിലും ഇപ്പോള്‍ ആറ് ഒഴിവുകള്‍ വീതമുണ്ട്. ശേഷിക്കുന്ന 16 ജനറല്‍ സെക്രട്ടറിമാര്‍ക്കും 36 സെക്രട്ടറിമാര്‍ക്കും ആയിരിക്കും ചുമതലകള്‍ വിഭജിച്ചുനല്‍കുക.
അതേസമയം, കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ജനമഹായാത്ര ഫെബ്രുവരി മൂന്നിന് ആരംഭിക്കാനാണ് തീരുമാനം. എല്‍.ഡി.എഫിന്റെ ജാഥ ഫെബ്രുവരി 14ന് ആരംഭിക്കുന്നതിനാലാണ് അതിനുമുന്‍പ് തന്നെ തീരുമാനിച്ചത്. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ സ്വീകരണത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പങ്കെടുപ്പിക്കാനുള്ള ആലോചനയും തുടങ്ങിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.