2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ചൈനയില്‍ ഉയിഗുറുകളെ ഭരണകൂടം അടിച്ചമര്‍ത്തുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ന്യൂയോര്‍ക്ക്: ഉയിഗുര്‍ മുസ്‌ലിംകളെ ചൈനീസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗുറുകള്‍ക്കെതിരേ രൂക്ഷവും ഏകപക്ഷീയവുമായ അതിക്രമങ്ങളാണ് നടക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.
മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനള്ള കാംപയിനുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. മതാചാരങ്ങള്‍ നടത്തുന്നത് തടസപ്പെടുത്തുക, ദിനംപ്രതിയുള്ള നിരീക്ഷണം, തടവിലിടുക ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നടക്കുന്നു.
ഷിന്‍ജിയാങ്ങിലെ 13 മില്യനോളമുള്ള ഉയിഗുറുകളെ വിശ്വാസ മാറ്റത്തിന് നിര്‍ബന്ധിക്കുകയാണ് ഭരണകൂടം.അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്നതെന്ന് 117 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യം ഇതുവരെ കാണാത്ത അടിച്ചമര്‍ത്തലുകളാണ് ചൈനയില്‍ നടക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ചൈനയിലെ ഡയരക്ടര്‍ സോഫി റിച്ചാഡ്‌സന്‍ പറഞ്ഞു.
ഷിന്‍ജിയാങ്ങിലെ ഉയിഗുറുകള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാന്‍ യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു. ഷിന്‍ജിയാങ്ങില്‍ താമസിച്ചിരുന്ന 58 പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്.
2014 മുതലാണ് ചൈനയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കാംപയിനുകള്‍ ആരംഭിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തല്‍, അനുസരിക്കാത്തവരെ തടവിലിട്ട് നിര്‍ബന്ധിത ‘അധ്യാപനം’എന്നിവ കാംപയിനുകളുടെ ഭാഗമാണ്.
തടവിലിട്ടവരെ സന്ദര്‍ശിക്കാനോ ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കാനോ സാധ്യമല്ല. കുടുംബങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ഇവരെ സന്ദര്‍ശിക്കാനും സാധ്യമല്ല. ഉയിഗുര്‍ വിഭാഗത്തിന്റെ പാസ്‌പോര്‍ട്ടുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നിയന്ത്രണത്തിന് കീഴിലാണ്. വിദേശത്തുള്ളവരുമായി ബന്ധപ്പെടാന്‍ സാധ്യമല്ല. ഷിന്‍ജിയാങ്ങില്‍ പത്ത് ലക്ഷത്തോളം ഉയിഗുള്‍ വിഭാഗങ്ങളെ അനധികൃതമായി തടവിലിട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ട് യു.എന്‍ നേരത്തെ പുറത്തുവിട്ടിരുന്നു.രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി ഏകപക്ഷീയമായി ഇവരെ തടവിലിട്ടിരിക്കുകയാണെന്ന് യുനൈറ്റഡ് നാഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ഇസ്‌ലാമിക തീവ്രവാദികളില്‍ നിന്ന് രാജ്യം ഭീഷണി നേരിടുകയാണെന്നായിരുന്നു ഭരണകൂടത്തിന്റെ വിശദീകരണം.

ചൈനയില്‍ പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് അടച്ചുപൂട്ടി

ബെയ്ജിങ്: ചൈനയില്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ചര്‍ച്ച് സര്‍ക്കാര്‍ അടച്ചുപൂട്ടി. വടക്കന്‍ ബെയ്ജിങ്ങിലെ സിയോണ്‍ ചര്‍ച്ചാണ് അടച്ചുപൂട്ടിയത്. ചര്‍ച്ചിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അനധികൃതമായി മത പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് അടച്ചുപൂട്ടല്‍.
എന്നാല്‍ മത വിഭാഗങ്ങള്‍ക്കെതിരേയുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് ആരോപണം. ഞായറാഴ്ച ഉച്ചക്ക് ശേഷം എഴുപതോളം സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചിലെത്തി അവിടെയുണ്ടായിരുന്ന വിശ്വാസികളെ ഒഴിപ്പിച്ച് കെട്ടിടം സീല്‍വച്ചുവെന്ന് ചര്‍ച്ചിലെ പാസ്റ്റര്‍ ജിന്‍ മിന്‍ഗ്രി പറഞ്ഞു. ചര്‍ച്ചിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പിടിച്ചെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. സിയോണ്‍ ചര്‍ച്ച് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും ചിയോങ് ജില്ലാ സിവില്‍ വിഭാഗം പ്രസ്താവനയില്‍ പറഞ്ഞു.
ചൈനയില്‍ ക്രിസ്ത്യാനികള്‍ രണ്ട് വിഭാഗങ്ങളാണുള്ളത്. സര്‍ക്കാര്‍ അനുവദിച്ച ആരാധനാലയങ്ങളില്‍ പോവുന്നവരും രഹസ്യമായി സംഘടിക്കുന്നവരും. സിയോണ്‍ ചര്‍ച്ച് രഹസ്യമായി പ്രവര്‍ത്തിക്കുന്നതായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.