2018 May 16 Wednesday
വിട്ടുവീഴ്ച നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്.
ഡോസ് റസ്സല്‍ ലവല്‍

ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് പുനര്‍നിര്‍മാണം അവസാന ഘട്ടത്തിലേക്ക്

 

ചേര്‍ത്തല : ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് പുനര്‍നിര്‍മാണം അവസാന ഘട്ടത്തിലേയ്ക്ക്.കെ.എസ.ആര്‍.ടി.സി സ്റ്റാന്റിന് സമീപത്തെ കലുങ്ക് നിര്‍മാണവും ടൈല്‍പാകലും പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കും.
കലുങ്കിന് കിഴക്കുവശം ടൈല്‍വിരിക്കലും കാണ നിര്‍മ്മാണവുമാണ് ഇപ്പോള്‍ നടക്കുന്നത്. വാഹനഗതാഗതത്തിന് തടസം വരാതിരിക്കാന്‍ രാത്രിമാത്രമാണ് ടൈല്‍വിരിക്കുന്നത്.ചേര്‍ത്തല ദേവീക്ഷേത്രത്തിനു മുന്നില്‍ നിന്ന് ഗേള്‍സ് ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വരെ റോഡില്‍ ഇന്റ്റര്‍ലോക്ക് ടൈലാണ് വിരിക്കുന്നത്.
കലുങ്ക് നിര്‍മ്മാണവും അതിനോട് ചേര്‍ന്ന് കാണയും പണിയുന്നതിനാല്‍ ഇരുചക്രവാഹനംപോലും ഈ വഴി കടത്തിവിടുന്നില്ല.ഇത് പടിഞ്ഞാറുഭാഗത്തുനിന്നും കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തേണ്ട യാത്രക്കാര്‍ക്ക് ഒരു കിലോമീറ്ററോളം ചുറ്റിവരേണ്ടിവരുന്നെന്ന് പരാതിയുണ്ട്.കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇരുവശത്തേയും കൈവരിയും അപ്രോച്ച് റോഡുംനിര്‍മ്മിക്കണം.
ശേഷം ബസ് വേയുടേയുംനിര്‍മ്മാണവും കണക്ഷന്‍ റോഡുകളുടെ ടാറിങും നടക്കുവാനുണ്ട്.കാണ നിര്‍മ്മാണത്തിനിടയ്ക്ക് ഉണ്ടായ മഴവെള്ളം ഒഴുകിപ്പോകാതെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്‍വശത്ത് കെട്ടിക്കിടക്കുന്നത് സമീപത്തെ കച്ചവട സ്ഥാപനങ്ങള്‍ക്ക് ദുരിതമാകുന്നുണ്ട്.
ഇവിടെ കാല്‍ നടയാത്രക്കാര്‍ക്കു കൂടി നടക്കാനാവാത്ത അവസ്ഥയാണ്.
മഴ കനക്കും മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജനം ദുരിതത്തിലാകും.ചെങ്ങന്നൂര്‍ ഇലക്ഷന്‍ കഴിഞ്ഞാലുടന്‍ റോഡിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് സൂചന.
12.08 കോടി രൂപ നിര്‍മ്മാണ ചെലവു വരുന്ന റോഡില്‍ ആറ് കിലോമീറ്റര്‍ നീളം വരുന്ന റോഡ് അഞ്ചരമീറ്റര്‍ വീതിയിലാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗേള്‍സ് ഹൈസ്‌കൂള്‍ ജംഗ്ഷന്‍മുതല്‍ തണ്ണീര്‍മുക്കം വരെ ടാറിംഗ് ഭാഗികമായി നടന്നെങ്കിലും ഇനിയും റോഡ് പൂര്‍ണ്ണമായും തുറന്നുകൊടുത്തിട്ടില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.