2018 June 13 Wednesday
നിങ്ങളില്‍ തന്നെ വിശ്വസിക്കുവിന്‍. മഹാവിശ്വാസങ്ങളാണ് മഹാകര്‍മങ്ങളുടെ മാതാവ്.
-സ്വാമി വിവേകാനന്ദന്‍

ചെല്‍സിയുടെ തിരിച്ചുവരവ്

ലണ്ടന്‍: അപാര തിരിച്ചുവരവ് കണ്ട പോരാട്ടത്തില്‍ ചെല്‍സി രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടനെ തകര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എവേ പോരാട്ടത്തിലാണ് അവസാന നിമിഷങ്ങളിലേക്ക് കടന്ന മത്സരത്തിന്റെ എട്ട് മിനുട്ടുകള്‍ക്കിടയില്‍ മൂന്ന് ഗോളുകള്‍ വലയിലെത്തിച്ചുള്ള ചെല്‍സിയുടെ തിരിച്ചുവരവ്.
ഇരു പകുതികളുടെ തുടക്കത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ചെല്‍സി 70, 75, 78 മിനുട്ടുകളില്‍ ഗോള്‍ മടക്കിയാണ് മത്സരം രക്ഷിച്ചെടുത്തത്. ചെല്‍സിയുടെ കുപ്പായത്തിലെത്തി ഫോമിലേക്കെത്താതെ കുഴങ്ങിയ ഒലിവര്‍ ജിറൂദിന്റെ മാസ്മരിക പ്രകടനവുമായുള്ള തിരിച്ചുവരവാണ് അവരുടെ വിജയത്തിന്റെ കാതല്‍. 70, 78 മിനുട്ടുകളില്‍ ജിറൂദും 75ല്‍ ഹസാദും ചെല്‍സിക്കായി വല കുലുക്കി. മറ്റ് മത്സരങ്ങളില്‍ ബേണ്‍ലി 2-1ന് ലെയ്സ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചപ്പോള്‍ ക്രിസ്റ്റല്‍ പാലസ് 3-2ന് ബ്രൈറ്റനെ വീഴ്ത്തി തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് കയറി. ഹഡ്ഡേഴ്‌സ്ഫീല്‍ഡ് 1-0ത്തിന് വാട്‌ഫോര്‍ഡിനെ കീഴടക്കിയപ്പോള്‍ സ്വാന്‍സീ സിറ്റി- എവര്‍ട്ടന്‍ മത്സരം 1-1ന് സമനില.

റെക്കോര്‍ഡിട്ട് ബാഴ്‌സ
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ സെമിയിലെത്താതെ പുറത്തായ ബാഴ്‌സലോണ ലാ ലിഗയിലെ അപരാജിത ലീഡ് തുടരുന്നു. തുടര്‍ച്ചയായി 39 മത്സരങ്ങളില്‍ തോല്‍ക്കാതെ കുതിച്ച് ബാഴ്‌സലോണ ലാ ലിഗയില്‍ റെക്കോര്‍ഡിട്ടു. ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ അവര്‍ 2-1ന് വലന്‍സിയയെ വീഴ്ത്തി. ലൂയീസ് സുവാരസ്, ഉംറ്റിറ്റി എന്നിവരാണ് വല ചലിപ്പിച്ചത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ സെവിയ്യയെ വിയ്യാറല്‍ 2-2ന് സമനലിയില്‍ തളച്ചു. റയല്‍ ബെറ്റിസ് 1-0ത്തിന് ജിറോണയെ പരാജയപ്പെടുത്തി.

കൊളോണിനെ അട്ടിമറിച്ച് ഹെര്‍ത്ത
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ പോരാട്ടത്തില്‍ ബയര്‍ ലെവര്‍കൂസന് തകര്‍പ്പന്‍ ജയം. 4-1ന് അവര്‍ ഫ്രാംങ്ഫര്‍ടിനെ തകര്‍ത്തു. മറ്റ് മത്സരങ്ങളില്‍ ഹെര്‍ത്ത 2-1ന് കൊളോണിനെ അട്ടിമറിച്ചു.
ഹോഫെന്‍ഹെയിം- ഹന്നോവര്‍ പോരാട്ടം 1-1നും വോള്‍വ്‌സ്ബര്‍ഗ്- ഓഗ്‌സ്ബര്‍ഗ് പോരാട്ടം ഗോള്‍രഹിതവുമായി സമനില. ഹോഫെന്‍ഹെയിം 2-0ത്തിന് ഹാംബര്‍ഗറെ പരാജയപ്പെടുത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.