2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ചെറുവത്തൂര്‍ റെയില്‍വേ നടപ്പാലം; നിര്‍മാണത്തിന് ടെന്‍ഡറായി

ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം നീട്ടിപ്പണിയുന്നതിന് ടെന്‍ഡറായി. തമിഴ്‌നാട് സ്വദേശി മനോഹരനാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. 41,13,183 രൂപയുടേതാണ് പദ്ധതി. മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് നിശ്ചയിച്ച തിയതിക്കകം പ്രവൃത്തി പൂര്‍ത്തിയാക്കത്തതിനാല്‍ നഷ്ടപ്പെട്ട പദ്ധതിയാണിത്. പി. കരുണാകരന്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേ വീണ്ടും ടെന്‍ഡര്‍ നടപടികള്‍ക്കുള്ള അംഗീകാരം നല്‍കിയത്. കിഴക്ക് ഭാഗത്തുനിന്ന് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനും അവിടെ നിന്നും ഇറങ്ങുന്നതിനു വലിയ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കുന്നത്.
യാത്രക്കാരുടെയും നാട്ടുകാരുടേയും നീണ്ട മുറവിളിക്കൊടുവിലാണ് നടപ്പാലം നീട്ടിപ്പണിയാന്‍ റെയില്‍വേ നേരത്തെ അംഗീകാരം നല്‍കിയത്. പ്രാരംഭ പ്രവൃത്തികള്‍ക്ക് ഒന്നര ലക്ഷം രൂപ പഞ്ചായത്തും പദ്ധതി അടങ്കലിലേക്ക് പി. കരുണാകരന്‍ എം.പി 20 ലക്ഷവും എം. രാജഗോപാലന്‍ എം.എല്‍.എ 25 ലക്ഷം രൂപയും അനുവദിച്ചതിനെ തുടര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്ന ഘട്ടത്തിലേക്കെത്തി. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. മലപ്പുറം സ്വദേശി കരാറെടുത്തു. തറക്കല്ലിടലും കഴിഞ്ഞ് കരാറുകാരന്‍ പ്രവൃത്തിക്കെത്തിയപ്പോള്‍ ലാന്‍ഡിങ് സ്ഥലവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികള്‍ തടസമുന്നയിച്ചു.
ഇതേതുടര്‍ന്ന് കരാറുകാരന്‍ പ്രവൃത്തി ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കടക്കാനുള്ള നടപ്പാലമായതിനാല്‍ ലാന്‍ഡിങ് സ്ഥലം തദ്ദേശ സ്ഥാപനം കണ്ടെത്തിക്കൊടുക്കണമെന്നാണ് വ്യവസ്ഥ. പി. കരുണാകരന്‍ എം.പി, റെയില്‍വേ എന്‍ജിനീയര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, റെയില്‍വേ വികസന സമിതി ഭാരവാഹികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അടങ്ങുന്ന സംഘം വീണ്ടും സ്ഥല ഉടമകളുമായി ചര്‍ച്ച നടത്തി. സ്ഥലം വിട്ടു നല്‍കാമെന്ന് സമ്മതിച്ചു. ഇതേ തുടര്‍ന്നാണ് നഷ്ടപ്പെട്ടുപോയെന്ന് കരുതിയ നടപ്പാലത്തിന്റെ നീട്ടിപ്പണിയല്‍ പ്രവൃത്തിക്ക് വീണ്ടും ജീവന്‍വച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.