2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

ചെമ്പരിക്ക ഖാസി കേസ് രണ്ട് മാസത്തിനകം സി.ബി.ഐ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെടുന്ന നിവേദനം സി.ബി.ഐയുടെ കൊച്ചി എസ്.പി രണ്ട് മാസത്തിനകം പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
കേസില്‍ പുനരന്വേഷണം നടത്തണമോയെന്ന് സി.ബി.ഐക്ക് തീരുമാനിക്കാമെന്നും ഉത്തരവിലുണ്ട്. ചെമ്പരിക്ക ഖാസിയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് ഹുദവി നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തിയത്. ഖാസിയുടെ മരണകാരണത്തെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കാട്ടി സി.ബി.ഐ രണ്ടുതവണ കുറ്റപത്രം എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ആത്മഹത്യയാണെന്നു കാണിച്ച് സി.ബി.ഐ നല്‍കിയ അനുബന്ധ കുറ്റപത്രത്തിനെതിരേ ഖാസിയുടെ മകന്‍ നല്‍കിയ ഹരജി സി.ജെ.എം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ കാസര്‍കോട് പരപ്പ സ്വദേശി പി.എ.അശ്‌റഫ് ഖാസിയുടെ മരണത്തിനുത്തരവാദികളാരാണെന്ന് അറിയാമെന്ന് കോടതിയെ അറിയിച്ചു. തനിക്കറിയാവുന്ന കാര്യങ്ങള്‍ വ്യക്തമാക്കി അശ്‌റഫ് സി.ബി.ഐക്ക് കത്തെഴുതുകയും ചെയ്തു.
2017 നവംബര്‍ രണ്ടിനും 30നും മുഹമ്മദ് ത്വയ്യിബ് ഹുദവി ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സി.ബി.ഐക്ക് കത്തെഴുതിയിരുന്നു.
എന്നാല്‍ ഇവയൊന്നും അന്വേഷണസംഘം കണക്കിലെടുത്തില്ലെന്നും ഹൈക്കോടതി ഇടപെട്ടില്ലെങ്കില്‍ കേസില്‍ സത്യം തെളിയിക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.