2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്; സി.ബി.ഐ അശ്‌റഫിന്റെ മൊഴിയെടുത്തു

കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ കാസര്‍കോട് പരപ്പ സ്വദേശി പി.എ അശ്‌റഫിന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. കൊച്ചിയിലെ സി.ബി.ഐ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് മൊഴിയെടുത്തത്. സി.ബി.ഐ കേരള സ്‌പെഷല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ ഡാര്‍വിന്‍ മുന്‍പാകെയാണ് മൊഴി നല്‍കിയത്.
മൗലവിയുടെ കൊലപാതകം നടക്കുന്നതിന് തലേദിവസം ആലുവ സ്വദേശികളായ ബാബു, നിശാന്ത് എന്നിവരെ മൗലവിയുടെ വീട്ടില്‍ തന്റെ ഓട്ടോറിക്ഷയില്‍ സുലൈമാന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരം കൊണ്ടുവിട്ടതായി അശ്‌റഫ് മൊഴി നല്‍കി. 2010 ജനുവരി ഒന്നിനും മൗലവി കൊല്ലപ്പെടുന്നതിന് തലേന്ന് ഫെബ്രുവരി 14നും ഇടയില്‍ ഇവരെ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും താന്‍ ആറുതവണ കൂട്ടിക്കൊണ്ടുവന്നിട്ടുണ്ടെന്നും മൊഴിയിലുണ്ട്. എല്ലാതവണയും ഇവരെ തന്റെ ഭാര്യാപിതാവ് കൂടിയായ സുലൈമാന്‍ വൈദ്യരുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ച് രാജന്‍ എന്നയാളും ചേര്‍ന്ന് ഒരു മണിക്കൂറോളം ഇവര്‍ ചര്‍ച്ചനടത്തിയിരുന്നു. എല്ലാതവണയും സുലൈമാന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരം 35 കിലോമീറ്റര്‍ അകലെയുള്ള സി.എം അബ്ദുള്ള മൗലവിയുടെ വീട്ടില്‍ ബാബുവിനെയും നിശാന്തിനെയും എത്തിച്ചിരുന്നു. അവിടെനിന്ന് തിരിച്ച് ഇവരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിരുന്നതും താനായിരുന്നുവെന്നും അശ്‌റഫ് മൊഴി നല്‍കി.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയില്‍ നിന്നും സി.ബി.ഐ വിവരങ്ങള്‍ ആരാഞ്ഞു. സി.ബി.ഐയുടെ പുതിയ നീക്കത്തില്‍ വിശ്വാസവും പ്രതീക്ഷയുണ്ടെന്നും തന്നോട് ഒരിക്കല്‍കൂടി ഹാജരാകണമെന്ന് ആവശ്വപ്പെട്ടിട്ടുണ്ടെന്നും ത്വയ്യിബ് ഹുദവി പറഞ്ഞു. 2010 ഫെബ്രുവരി 15 നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. ഖാസിയുടെ മരണത്തിന് ഉത്തരവാദികളായവരെ തനിക്കറിയാമെന്ന് അശ്‌റഫ് വെളിപ്പെടുത്തിയിരുന്നെന്നും ഇതു കണക്കിലെടുത്ത് തുടരന്വേഷണം നടത്തണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
ഹരജി പരിഗണിച്ചഹൈക്കോടതി രണ്ടുമാസത്തിനകം തീര്‍പ്പാക്കാന്‍ സി.ബി.ഐയോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ സി.ബി.ഐ അശ്‌റഫിന്റെ മൊഴി രേഖപ്പെടുത്തത്. അതേസമയം സി.ബി.ഐ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് സംബന്ധിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി ഒന്‍പതിന് തീരുമാനിക്കും.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.