
ഉദുമ: ചെണ്ട് മല്ലി കൃഷിയില്‍ വര്‍ണാഭമാക്കാനുള്ള ശ്രമത്തിലാണ് ഉദുമയിലെ അഞ്ചംഗ വനിതാ കൂട്ടായ്മ. ഉദുമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പെട്ട കൂട്ടുകാരികളായ ഇവരുടെ സായന്തന ചര്‍ച്ചകളിലാണ് പൂവ് കൃഷിയെ കുറിച്ചുള്ള ചിന്ത ഉയര്‍ന്ന് വന്നത്. പൂക്കളോടുള്ള ഇഷ്ടവും സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യണം എന്ന ചിന്തയും ഇവര്‍ക്ക് ഇതിന് പ്രചോദനമായി. ഉദുമ കൊപ്പല്‍ തറവാട്ട് വളപ്പിലെ അഞ്ച് സെന്റ് സ്ഥലത്താണ് ഇവരുടെ കൂട്ട് കൃഷി. പരീക്ഷണം വിജയമായതോടെ വിപുലപ്പെടുത്താനാണ് ഇവരുടെ തീരുമാനം. സി.പി.സി.ആര്.ഐയില്‍ നിന്നാണ് ഇവര്‍ ഇതിനാവശ്യമായ തൈ ശേഖരിച്ചത്.
ജൈവവളം ഉപയോഗിച്ചാണ് ഇവര്‍ കൃഷി നടത്തിയത്. ഓണം വിപണി പ്രതീക്ഷിച്ച് കൃഷി ആരംഭിച്ചെങ്കിലും ശക്തമായ മഴ ആദ്യ വിളവെടുപ്പില്‍ മങ്ങലേല്പിച്ചെങ്കിലും നവരാത്രി വരുന്നതോടെ കൃഷി വിപുലീകരിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണിവര്‍. കുടുംബശ്രീയിലൂടെ സംഘകൃഷിയായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. വിജയലക്ഷ്മി, ഉഷ സതീശന്, സീമ, അശ്വതി, ശര്‍മിള എന്നിവരാണ് കൂട്ടായിമയിലെ അംഗങ്ങള്‍. കൃഷിയിലെ ആദ്യ വിളവെടുപ്പ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദ്അലി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി അപ്പു, പ്രീന മധു, കെ.ജി മാധവന് സംബന്ധിച്ചു.