2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചെടിവളര്‍ത്തി ഗൃഹാന്തരീക്ഷം ശുദ്ധീകരിക്കാം

അശ്വതി ഗോപിനാഥ്

ഗൃഹാന്തരീക്ഷം ശുദ്ധീകരിക്കണം എന്നുകേള്‍ക്കുമ്പോള്‍ പണച്ചെലവേറുമെന്നു കരുതി പേടിക്കേണ്ടതില്ല. ഡല്‍ഹിയിലെപ്പോലെ വായു മലിനീകരണം മുന്‍കൂട്ടിക്കണ്ട് വന്‍ ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ വായു ശുദ്ധീകരണ ഉത്പന്നങ്ങളുമായി വിപണിയിലുണ്ട്. പതിനായിരം രൂപ മുതല്‍ 35000 രൂപ വരെ ചെലവു വരുന്ന ഇത്തരം ഉത്പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല. പണച്ചെലവില്ലാതെ ഗൃഹാന്തരീക്ഷം ശുദ്ധീകരിക്കുന്നതിനോടൊപ്പം മാനസിക ഉല്ലാസവും നേടാവുന്നതാണ് ഇനിപ്പറയുന്നത്.
ഇതിനുവേണ്ടത് സാധാരണ ചെടികള്‍ വയ്ക്കുന്നതുപോലെ വീടിനുള്ളിലും ചെടികള്‍ വയ്ക്കണമെന്നു മാത്രമേയുള്ളൂ. ചെടികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് ആഹ്ലാദകരമായ വാര്‍ത്തയാണ്. മറ്റുള്ളവരെ സസ്യജാലങ്ങളോട് അടുക്കാന്‍ ഇത് പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ തിരഞ്ഞെടുക്കുന്ന ചെടികള്‍ ഏതെന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട വിഷയം.

കവുങ്ങ് (അരെകാ പാം – കമുക് – ക്രിസാലിഡോകാര്‍പസ് ല്യൂട്ട്‌സെന്‍സ്)
കവുങ്ങ് എന്നുപറയുമ്പോള്‍ പുരയിടത്തില്‍ വളരുന്ന ദീര്‍ഘാകാരമായ വൃക്ഷമല്ല ഉദ്ദേശിക്കുന്നത്. ഈ ഇനത്തില്‍പ്പെട്ടതും ഇവയുടെ ഇലകളോടുകൂടിയതുമായ ചെടിയാണ്. വീടിനുള്ളില്‍ വളര്‍ത്താം. ഇത് കാര്‍ബണ്‍ ഡയോക്‌സൈഡ് ധാരാളമായി വലിച്ചെടുക്കും. അത് ഓക്‌സിജനാക്കി മാറ്റുകയും ചെയ്യും. ഇതുകൂടാതെ വായു മലിനീകരിക്കുന്ന ചില വസ്തുക്കളെ ആഗിരണം ചെയ്യുകയും ചെയ്യും. ഈ ചെടികള്‍ വീടിനുള്ളില്‍ തോളറ്റം ഉയരത്തിലാണ് വയ്‌ക്കേണ്ടത്. അധികം സൂര്യപ്രകാശം തട്ടാത്ത സ്ഥലത്ത് ഈ ചെടി നന്നായി വളരും. ദിവസവും നനച്ചുകൊടുക്കണം. സാധാരണ വീടുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലും ഓഫീസ് കെട്ടിടങ്ങളിലും ഈ ചെടി ഇപ്പോള്‍ സര്‍വ സാധാരണമാണ്.

സ്‌നേക്ക് പ്ലാന്റ് (മദര്‍ ഇന്‍ലാസ് ടങ് – സാന്‍സെവിയേറിയ ട്രൈഫാഷിയേറ്റ)
പേര് കേട്ട് പേടിവേണ്ട. അമേരിക്കയിലെ ഒരു നാടന്‍ ചെടിവര്‍ഗമാണിത്. അന്തരീക്ഷത്തില്‍ നിന്നും അപകടകാരികളായ മൂലകങ്ങളെ വലിച്ചെടുക്കാനുള്ള അസാധാരണ കഴിവുണ്ട് ഈ ചെടിവര്‍ഗത്തിന്. രാത്രികാലം ഓക്‌സിജന്‍ ധാരാളമായി പുറത്തുവിടുന്നതിനാല്‍ കിടപ്പു മുറികളില്‍ ഈ ചെടി വളര്‍ത്തുന്നത് നല്ലതാണെന്നു വിദഗ്ധര്‍ ഉപദേശിക്കുന്നു. സൂര്യപ്രകാശത്തിലെന്നപോലെ മങ്ങിയ വെളിച്ചത്തിലും ഈ ചെടിക്ക് വളരാനുള്ള കഴിവുണ്ട്. ഈ ചെടിയുടെ ഇലകളുടെ പ്രത്യേകത കാരണം ഇവയ്ക്ക് മറ്റ് ചെടികള്‍ക്കു നല്‍കുന്നതുപോലെ എപ്പോഴും നനച്ചുകൊടുക്കേണ്ട ആവശ്യവുമില്ല. അരയറ്റം പൊക്കത്തില്‍ ഉള്ള ചെടികളാണാവശ്യം. വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പൂച്ച, നായ എന്നിവയ്ക്ക് ഈ ചെടി ദോഷകാരികളാണ്. അതുകൊണ്ട് വളര്‍ത്തുമൃഗങ്ങളുള്ളവര്‍ ഈ ചെടി വീട്ടില്‍ വയ്ക്കരുത്.

മണി പ്ലാന്റ് (എപിപ്രേമ്‌നം ഔറിയം)
വായിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു പേരാണിത്. നമ്മുടെ നാട്ടില്‍ ഏറ്റവും സുലഭമായുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. മിക്കവീടുകളിലും മണിപ്ലാന്റുണ്ടുതാനും. ഇനി ഇത് വീട്ടിനുള്ളില്‍ വളര്‍ത്തുകയേ വേണ്ടൂ. അന്തരീക്ഷത്തില്‍ നിന്നും അപകടകാരികളായ രാസമൂലകങ്ങളെ വലിച്ചെടുക്കാനുള്ള കഴിവാണ് മണി പ്ലാന്റിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇക്കാര്യം ഏറ്റവും നന്നായി ചെയ്യാന്‍ മണി പ്ലാന്റ് കഴിഞ്ഞേ മറ്റു ചെടികളുള്ളൂ. മുന്തിയ നഗരങ്ങളിലും വന്‍കിട ഫഌറ്റുകളിലും മണി പ്ലാന്റ് സ്ഥാനം പിടിച്ചുകഴിഞ്ഞു.
ബാല്‍കണികളുടെ അവശ്യഘടകമായിരിക്കുന്നു ഇത്. നേരിട്ട് വെയിലേല്‍ക്കാത്തയിടത്ത് തഴച്ചുവളരും. നേരിട്ടല്ലാത്ത, ഒരുമാതിരി വെയിലേല്‍ക്കുന്നിടത്ത് ദിവസവും നനച്ചുവളര്‍ത്താവുന്ന ചെടിയാണ്. മണി പ്ലാന്റും വളര്‍ത്തുമൃഗങ്ങള്‍ക്ക് ദോഷകരമാകുന്ന ചെടിയാണ്. അതുകൊണ്ടുതന്നെ മണിപ്ലാന്റ് എവിടെ വയ്ക്കണം എന്നതില്‍ കൂടുതല്‍ കരുതല്‍ വേണം. വായുശുദ്ധമാക്കുന്നതില്‍ മണി പ്ലാന്റിന്റെ കഴിവില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നവര്‍ പോലും ഇന്ന് മുന്‍തൂക്കം നല്‍കിവരുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.