
ചെങ്ങന്നൂര്‍ : നഗരത്തിലെ അനധികൃത പാര്‍ക്കിംഗ്, വഴിയോരക്കച്ചവടങ്ങള്‍ എന്നിവ കാരണം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ വ്യാപാരികള്‍ സമരത്തിന് തയ്യാറാകുമെന്ന് വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂര്‍ യൂനിറ്റ് മുന്നറിയിപ്പ് നല്കി. ഫുട്പാത്തുകള്‍ അനധികൃത കച്ചവടക്കാര്‍ കൈയേറിയിരിക്കുന്നതിനാല്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇത്തരം കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. നഗരത്തിലെ എല്ലാ വഴിവിളക്കുകളും തെളിയിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുക, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ടച്ചിംഗ് വെട്ടുന്നതിനും വേണ്ടി രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളില്‍ മണിക്കൂറുകളോളം ലൈന്‍ ഓഫ് ചെയ്യുന്നതുമൂലം കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടാകുന്ന പ്രയാസങ്ങള്‍ നിരവധിയാണ്.
സ്കൂള്‍ കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ശല്യവും ഭീഷണിയുമായി പെരുകുന്ന തെരുവ് നായ്ക്കളുടെ അക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിന് മുനിസിപ്പല്‍ പൊലിസ് അധികാരികള്‍ തയ്യാറാകണം. മഴക്കാല ജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നഗരത്തിലെ ഓടകള്‍ വൃത്തിയാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുന്നതിന് വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂര്‍ ടൗണ്‍ കമ്മറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് സുനു തുരുത്തിക്കാടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി മുരുകേശന് ഉദ്ഘാടനം ചെയ്തു. സതീഷ് നായര്‍, ആര് രാധാകൃഷ്ണന്, ഗിരീഷ് കുമാര്‍, മനോജ്, ബിജു സെലക്ഷന്, ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.