2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ചെങ്ങന്നൂരും കുട്ടനാട്ടും കുടിവെള്ള ഗുണനിലവാര പരിശോധന തുടങ്ങി

ആലപ്പുഴ: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ ചെങ്ങന്നൂര്‍, കുട്ടനാട് ഭാഗങ്ങളിലെ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് തുടക്കമായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ആശാവര്‍ക്കര്‍മാര്‍, നാഷനല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍, ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പുകളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് ഗുണനിലവാര പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരിക്കുന്നത്. പ്രാഥമികമായി ക്ലോറിനേറ്റ് ചെയ്ത കിണറുകളിലെ വെള്ളത്തിന്റെ പരിശോധനയാണ് നടക്കുക. പി.എച്ച്., റസിഡ്യുവല്‍ ക്ലോറിന്‍, ക്ഷാരപരിശോധന, ക്ലോറൈഡ്, ഫ്‌ളൂറൈഡ്, ടോട്ടല്‍ കോളിഫോം എന്നിവയാണ് പരിശോധിക്കുന്നത്.
ഇവ പരിശോധിക്കുന്നതിനുള്ള പ്രത്യേക കിറ്റുകളും ചെറിയ ലാബ് സൗകര്യവും സംഘത്തോടൊപ്പം ഉണ്ട്. സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് പ്രാഥമിക ഘട്ടമായി കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പ്രളയബാധിത പ്രദേശങ്ങളിലാണ് ആദ്യം പരിശോധന പൂര്‍ത്തിയാക്കുക.
ജില്ലയില്‍ ചെങ്ങന്നൂരും തലവടി പഞ്ചായത്തിലും പരിശോധന തുടങ്ങി. ഇതിനായി ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മൂന്ന് ബൂത്തുകള്‍ ഉണ്ടാകും. ഗുണനിലവാര പരിശോധനയ്ക്ക് നേതൃത്വം നല്‍കി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചീഫ് എന്‍വിയോണ്‍മെന്റ് എന്‍ജിനീയര്‍ എസ് ശ്രീകല ചെങ്ങന്നൂരും തലവടിയും സന്ദര്‍ശിച്ചു. തലവടി ഗ്രാമപഞ്ചായത്തിലെ പരിശോധന പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂബ് പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. തലവടി പഞ്ചായത്ത് അംഗം ബാബുവലിയവീടന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ അജിത്കുമാര്‍ പിഷാരത്ത്, പ്രകാശ് പനവേലി, സുഷമ സുധാകരന്‍, രമാമോഹന്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.