2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ചുവപ്പുനാട ഫയല്‍ ജീവികളാകരുതെന്നു മുഖ്യമന്ത്രി

ഇന്നലെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രി അവര്‍ക്കു മുന്നില്‍ നടത്തിയ പ്രസംഗത്തിനു പുറമേ ഒരു പ്രത്യേക നോട്ട് തയാറാക്കി നല്‍കുകയും ചെയ്തു. മൂന്നു
പേജു വരുന്ന ആ നോട്ടില്‍ സംസ്ഥാനം നേരിടുന്ന ഭരണസ്തംഭനത്തെക്കുറിച്ചാണു പറയുന്നത്. ഒച്ചിഴയും വേഗത്തില്‍ കാര്യങ്ങള്‍ പോകാതിരിക്കാന്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുള്‍പ്പെടെയുള്ളവര്‍ ചുവപ്പുനാട ജീവികളാകാതിരിക്കണമെന്നാണു മുഖ്യമന്ത്രിയുടെ ഉപദേശം.

 

 

ചുവപ്പുനാട സമ്പ്രദായവും ഫയല്‍ ഇഴഞ്ഞുനീങ്ങലും ഇപ്പോഴും തുടരുന്നു. പ്രകടനപത്രികയിലെ ഓരോ വകുപ്പുകളിലെയും വിവരങ്ങള്‍ അതതുവകുപ്പിന്റെ മന്ത്രിമാരുടെ ഓഫിസ് സ്റ്റാഫ് ഹൃദിസ്ഥമാക്കിയിരിക്കണം. ഒരുവര്‍ഷത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റി ലക്ഷ്യബോധമുണ്ടായിരിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സമയബന്ധിതമായി ശ്രമിക്കണം. അതിനുള്ള ഉത്തരവാദിത്വം മന്ത്രിയുടെ ഓഫീസ് കൂട്ടായി ഏറ്റെടുക്കണം.

സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളും നടപ്പില്‍വരുത്തുന്നതിന്റെ നേതൃത്വവും മേല്‍നോട്ടവും മന്ത്രിയുടെ ഓഫീസില്‍ ഉണ്ടാവണം. പേഴ്‌സനല്‍ സ്റ്റാഫംഗങ്ങള്‍ അസഹിഷ്ണത കാണിക്കരുത്. യജമാനബോധം ഉണ്ടാവരുത്. ജനങ്ങളാണു യജമാനന്മാര്‍ എന്ന തിരിച്ചറിവുവേണം. ഇടതുമുന്നണി അധികാരത്തിലേറ്റിയ സര്‍ക്കാരാണെങ്കിലും ഇത് എല്ലാ ജനങ്ങളുടെയു സര്‍ക്കാര്‍കൂടിയാണ്. ഭരണപരമായ കാര്യങ്ങളില്‍ കക്ഷിതാല്‍പര്യം വച്ചു പ്രവര്‍ത്തിക്കാന്‍ പാടില്ല. ന്യായവും നീതിയും മാത്രം നോക്കിയാല്‍ മതി.

നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ട് സഹായിക്കാന്‍ പറ്റുന്ന നിലപാടു സ്വീകരിക്കണം. ഒരിക്കലും നടക്കാത്ത കാര്യങ്ങളില്‍ വ്യാമോഹം കൊടുക്കരുത്. മന്ത്രിമാരുടെ ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍ അയച്ചുകൊടുക്കേണ്ട ഓഫീസിനെപ്പറ്റി ധാരണയുണ്ടാകണം. അയച്ചുകൊടുത്ത പരാതി തീര്‍പ്പാക്കുന്നതില്‍ വകുപ്പു തലവന്മാര്‍ ശ്രദ്ധിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണം. സമൂഹത്തിനു നീതിലഭിക്കുന്നതിനു നിയമമോ ചട്ടമോ മാറ്റേണ്ടതുണ്ടെങ്കില്‍ ആ നിലപാട് ഉന്നയിക്കണം. ഏതെങ്കിലും വിഷയങ്ങളില്‍ പൊതു ഉത്തരവുണ്ടാകണമെങ്കില്‍ അതിനുള്ള ഇടപെടല്‍ നടത്തണം.
പദ്ധതി രൂപീകരണം, ഭരണാനുമതി സാങ്കേതികാനുമതി, ടെണ്ടര്‍ തുടങ്ങിയവയില്‍ കൃത്യതയുണ്ടാകണം. അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുവേണ്ടി പ്രത്യേകശ്രദ്ധ ബന്ധപ്പെട്ട മന്ത്രിയുടെ ഓഫിസ് പുലര്‍ത്തണം. അടുത്ത വാര്‍ഷികപദ്ധതിയിലെ ജനങ്ങള്‍ പ്ലാനിങ് ബോര്‍ഡില്‍ സമര്‍പ്പിച്ച പദ്ധതിരേഖയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ബഡ്ജറ്റില്‍ ഉള്‍പ്പെടേണ്ട കാര്യങ്ങള്‍ക്കു മുന്‍ഗണന വേണം. കേന്ദ്രവിഷ്‌കൃതപദ്ധതികള്‍, പുതിയ കേന്ദ്രപദ്ധതികള്‍, എന്നിവയെപ്പറ്റി പഠിക്കണം. കേന്ദ്രസഹായം വാങ്ങിയെടുക്കുന്നതില്‍ നിലവില്‍ വീഴ്ചയുണ്ട്. അതു പരിഹരിക്കണം.
കേന്ദ്രപദ്ധതികള്‍ക്കു കേരളഹൗസിലെ റസിഡന്റ് കമ്മിഷണറുടെ സേവനം ഉപയോഗിക്കണം. സംസ്ഥാനവികസനം, കേന്ദ്രഫണ്ടുകള്‍കൂടി വാങ്ങിയെടുത്തു മാത്രമേ സാധിക്കുകയുള്ളൂ. കേന്ദ്രവുമായോ മറ്റു സംസ്ഥാനങ്ങളുമായോ ഇടപെടല്‍ നടത്തുന്നതിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ അതതു വകുപ്പുമന്ത്രിമാരുടെ ഓഫിസ് നല്‍കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഇതുസംബന്ധിച്ച ആരായുന്ന വിവരങ്ങള്‍ക്കു പെട്ടെന്നുതന്നെ മറുപടി നല്‍കണം. കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെപ്പറ്റിയുള്ള വിവരങ്ങള്‍ മനസിലാക്കണം. കഴിവതും അവരുമായി പരിചയമുണ്ടാക്കണം.
മുഖ്യമന്ത്രി നേരിട്ടിടപ്പെട്ടു യോഗങ്ങള്‍ വിളിക്കേണ്ട സംഗതികള്‍ അജന്‍ഡ നാലുദിവസത്തിനു മുമ്പു തയാറാക്കി നല്‍കണം. യോഗത്തിനുശേഷം നടപടിക്കുറിപ്പു തയാറാക്കി താമസംവിനാ ഒപ്പുവയ്ക്കണം. ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടുണ്ടാകണം. പ്രഖ്യാപിച്ചിട്ടുള്ള നാലു ദൗത്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഫലപ്രദമായ ഇടപെടല്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ ഓഫീസില്‍നിന്നുണ്ടാകണം. ഫയല്‍ നോട്ടങ്ങള്‍ക്കു മുന്‍ഗണന നല്‍കണം. കാലതാമസം വരുത്തരുത്. മന്ത്രി ഒപ്പിട്ട ഉത്തരവുകള്‍ ബന്ധപ്പെട്ട സെക്ഷനുകളില്‍ യഥാസമയം പുറത്തേയ്ക്കു പോകുന്നുവെന്ന് ഉറപ്പുവരുത്തണം.
ഫയലുകളില്‍ വരുന്ന എതിര്‍വാദങ്ങളും വിമര്‍ശനങ്ങളും ശ്രദ്ധിക്കണം. രാഷ്ട്രീയതീരുമാനങ്ങളുണ്ടാകണമെങ്കില്‍ അതുണ്ടാക്കണം. മറ്റു മന്ത്രിമാര്‍ നല്‍കുന്ന കത്തുകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയണം. മന്ത്രിമാരുടെ ഓഫീസില്‍ പ്രൈവറ്റ് സെക്രട്ടറി എത്തുമ്പോള്‍ത്തന്നെ മറ്റു സ്റ്റാഫും എത്തിയിരിക്കണം. വെറും ചുവപ്പുനാട ഫയല്‍ജീവികള്‍ ആകാതെ പോസിറ്റീവ് ഫയല്‍നോട്ടവും ഉണ്ടാകണം. കാലതാമസം ഒഴിവാക്കാന്‍ ഇലക്‌ട്രോണിക് ഫയല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തി നല്‍കാന്‍ നിര്‍ബന്ധമാക്കണം.

ഫയലുകളില്‍ വിശദീകരണം ആവശ്യമെങ്കില്‍ കാലതാമസം ഒഴിവാക്കുവാന്‍ വേണ്ടി സുരക്ഷിത ഇമെയില്‍ സംവിധാനം ഉപയോഗിച്ച് സംശയ ദുരീകരണം നടത്തി കാര്യക്ഷമത വര്‍ദ്ധിപ്പിക്കണം. നിയമനിര്‍മാണം, സെക്രട്ടറിയറ്റ് മാനുവല്‍ റൂള്‍സ് ഓഫ് പ്രൊസീജിയര്‍, അച്ചടക്ക നടപടി നിയമങ്ങള്‍ മുതലായവയെക്കുറിച്ചു നല്ല ഗ്രാഹ്യമുണ്ടാക്കണം. ഉള്ള ധാരണ മെച്ചപ്പെടുത്തണം. കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും, കോടതിവിധികള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയവ നന്നായി മസിലാക്കണം. ഫയല്‍ കെട്ടിക്കിടക്കുന്ന വകുപ്പുകളില്‍ ഫയല്‍ തീര്‍പ്പുകല്‍പിക്കുവാന്‍ മുന്‍കൈ എടുക്കണം. വകുപ്പുസെക്രട്ടറിമാരെ അതിനു പ്രേരിപ്പിക്കണം.

അതതു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി ഹൃദ്യയബന്ധമുണ്ടാകണം. സ്ഥലംമാറ്റത്തിനു കൃത്യമായ മാനദണ്ഡമുണ്ടാകും. അതനുസരിച്ചു മാത്രം സ്ഥലംമാറ്റം നടത്തിയാല്‍ മതിയാകും. താല്‍കാലിക പ്രമോഷന്‍, സീനിയോരിറ്റി തര്‍ക്കം, സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരണം എന്നിവ അനന്തമായി നീട്ടിക്കൊണ്ടുപോകരുത്. താഴെത്തട്ടിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനു മുന്‍ഗണന നല്‍കണം. ദീര്‍ഘകാലം തസ്തികകള്‍ ഒഴിവായി കിടക്കാന്‍ അനുവദിക്കരുത്.

മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണം. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ തിരുത്തല്‍ പ്രക്രിയ നടത്തണം. തെറ്റായ വിമര്‍ശനമെങ്കില്‍ വ്യക്തത വരുത്തി പത്രക്കുറിപ്പു നല്‍കണം. മന്ത്രിമാരുടെ ഓഫീസിലെ പത്രക്കുറിപ്പുകള്‍ ശരിയായ വസ്തുത മാത്രം അടിസ്ഥാനമാക്കിയുള്ളവയാകണം. സത്യസന്ധമല്ലാത്ത, വസ്തുതാപരമല്ലാത്ത വാര്‍ത്താകുറിപ്പുകള്‍ മന്ത്രിയുടെ വിശ്വാസ്യത തകര്‍ക്കും.
സെക്രേട്ടറിയേറ്റില്‍ ഇടനിലക്കാരെ ഒഴിവാക്കണം. അഴിമതി പണമായി മാത്രമല്ല സാധനങ്ങളുടെ രൂപത്തിലും വരാം. സൗജന്യങ്ങളും പാരിതോഷികങ്ങളും വേണ്ടെന്നു തറപ്പിച്ചു പറയണം. ഓരോ സ്റ്റാഫിനും പ്രത്യേകചുമതല ഓഫിസില്‍ നല്‍കണം. പേഴ്‌സണല്‍ സ്റ്റാഫിന്റെ യാത്രകളും മറ്റും മന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിരിക്കണം. ഒരു വകുപ്പിന്റെ കാര്യത്തില്‍ മറ്റൊരു വകുപ്പു നേരിട്ടിടപെടരുത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന് ഉയര്‍ന്ന രാഷ്ട്രീയബോധം ഉണ്ടായിരിക്കണം. അവര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ തയാറകണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.