2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ചുട്ടുപൊള്ളുന്ന ചൂടിലെങ്കിലും ഭൂമിയെ ഓര്‍ക്കാം…

ഗള്‍ഫ് നാടുകളില്‍ മാത്രമുണ്ടായിരുന്ന അസഹ്യമായ ചൂട് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലേക്ക് വരെ കടന്നെത്തിയ ഈ വേളയിലാണ് വീണ്ടുമൊരു ഭൗമദിനം വിരുന്നെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയ ചൂട് 41.1 ഡിഗ്രി സെല്‍ഷ്യസാണ്. ഇനിയെങ്കിലും നാം ഭൗമ സംരക്ഷണത്തിന് വില കല്‍പിച്ചേ മതിയാകൂ എന്നാണ് ഭൂമി നമ്മോട് വിളിച്ചു പറയുന്നത്.

1970ല്‍ അമേരിക്കയിലാണ് ആദ്യമായി ഭൗമദിനം കൊണ്ടാടുന്നത്. 1969ല്‍ കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറയിലുണ്ടായ അതിഭീകരമായ എണ്ണ ചോര്‍ച്ചയെതുടര്‍ന്ന് യു.എസ് സെനറ്റംഗമായ ഗേലോര്‍ഡ് നെല്‍സണ്‍ ആണ് ഭൂമിയെ സംരക്ഷിക്കാനായി ഇത്തരമൊരു ദിനാചരണത്തിന് തുടക്കം കുറിക്കുന്നത്. അന്ന്അമേരിക്കയില്‍ നടന്ന റാലിയില്‍

20 മില്യണ്‍ പരിസ്ഥിതിസ്‌നേഹികളാണ് അണിനിരന്നത്. പിന്നീട് 1990ല്‍ 141 രാജ്യങ്ങള്‍ ആഗോളവ്യാപകമായി ഭൗമദിനം കൊണ്ടാടി. 2009ലാണ് യു.എന്‍ ഔദ്യോഗികമായി ഭൗമദിനാചരണത്തിന് തുടക്കമിടുന്നത്. ഇന്ന് ലോകത്ത് 192 രാജ്യങ്ങളിലായി നൂറ് കോടി ജനങ്ങള്‍ ഭൂമിക്കുവേണ്ടി കൈകോര്‍ക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചില രാജ്യങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും നടത്തുന്നു. 46ാമത്തെ ഭൗമദിനമാണ് വെള്ളിയാഴ്ച ലോകമെമ്പാടും ആഘോഷിക്കുന്നത്.

നാം ജീവിക്കുന്ന നമ്മുടെ ഉപഗ്രഹമായ ഭൂമിയെക്കുറിച്ച് ചിന്തിക്കാനും അതിനെ സംരക്ഷിക്കാനുള്ള പുതിയ ആശയങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് അന്നേദിനം ലോക രാഷ്ട്രങ്ങള്‍ ചെയ്യുന്നത്. പുതുതലമുറയ്ക്കും വിദ്യാര്‍ഥികള്‍ക്കും ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആഗോളതാപനം മൂലം ക്ഷയിച്ച് പോകുന്ന ഭൂമിയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളുമാണ് അന്ന് നടക്കുക. ഭൗമദിന റാലികളും മാരത്തോണുകളും പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ കണ്‍വെന്‍ഷനുകളുമായി ലോകം വെള്ളിയാഴ്ച ഭൗമദിനം കൊണ്ടാടും.

ഭൂമിയെ സംരക്ഷിക്കാനായി വര്‍ഷത്തില്‍ ഒരു ദിവസം മാത്രമല്ല മാറ്റിവയ്‌ക്കേണ്ടതെന്നും 365 ദിവസവും ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നുമുള്ള ചര്‍ച്ച ഒരു ഭാഗത്ത് നടക്കുമ്പോഴും ഫേസ്ബുക്കിലും ട്വിറ്ററിലും ഒരു പരിസ്ഥിതി പോസ്റ്റ് ഇടുന്നതോടെ അവസാനിക്കുന്നു നമ്മുടെ ഭൗമസ്‌നേഹം. മറിച്ച് ഭൂമിക്കായി ഒരു മരം നടുകയോ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയോ ചെയ്താല്‍ അത് നാം ഭൂമിയോടും വരും തലമുറയോടും ചെയ്യുന്ന വലിയ അനുഗ്രഹമായിരിക്കും.


 

ഭൗമസംരക്ഷണത്തിനായി നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍

♦ നമുക്കാവശ്യമായ ഭക്ഷണങ്ങള്‍ സ്വയം ഉല്‍പ്പാദിപ്പിക്കുക
♦ ജൈവ പച്ചക്കറിയും നെല്‍കൃഷിയും മറ്റു പഴവര്‍ഗങ്ങളും സ്വന്തം മണ്ണില്‍ നട്ടുവളര്‍ത്തുക
♦ മരം വെച്ച് പിടിപ്പിക്കുക.

♦ മരം മുറിക്കുന്നത് തടയുക

♦ ഒരു മരം മുറിച്ചാല്‍ പകരം അഞ്ച് മരമെങ്കിലും നടുക
♦ കുപ്പിവെള്ളം വാങ്ങുന്നത് ഒഴിവാക്കുക

♦ പുറത്തേക്ക് പോകുമ്പോഴും യാത്രയിലും സ്വന്തം വീട്ടില്‍നിന്നുള്ള വെള്ളം ഉപയോഗിക്കുക
♦ വാഹനങ്ങളുടെ ഉപയോഗം കുറക്കുക

♦ നടക്കാവുന്ന ദൂരത്തേക്ക് നടക്കുക

♦ സൈക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുക
♦ പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കുക

♦ കടകളില്‍ നിന്നും ഷോപ്പിങ് മാളുകളില്‍ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് ബിഗ്‌ഷോപ്പറുകള്‍ ഒഴിവാക്കി പേപ്പര്‍ ബാഗുകളോ തുണിസഞ്ചികളോ ഉപയോഗിക്കുക
♦ വീടുകളിലും വ്യവസായശാലകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക

♦ മൊബൈല്‍ ഫോണിനായി സോളാര്‍ ചാര്‍ജറുകള്‍ ഉപയോഗിക്കുക


 

കഴിഞ്ഞ ഡിസംബറില്‍ പാരിസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള കരാറിന് ലോകരാജ്യങ്ങള്‍ തമ്മില്‍ ധാരണയായിരുന്നു. ആഗോളതാപനത്തിനു കാരണമാകുന്ന ഹരിത ഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറക്കുക,വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ 6.7 ലക്ഷം കോടി സഹായം

നല്‍കുക,2025ല്‍ ആ തുക വര്‍ദ്ധിപ്പിക്കും, ഉടമ്പടി ഒപ്പുവച്ച രാജ്യങ്ങള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക തുടങ്ങിയവയാണ് അന്നത്തെ പ്രധാന തീരുമാനങ്ങള്‍. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ലോക രാജ്യങ്ങളെല്ലാം ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഭൂമിയെ സംരക്ഷിക്കാനായി  ലോകം ഒരു ദിനം മാറ്റി വെക്കുന്നത്.

ഭൂമിയോട് കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ ഭൂമി വിവിധ രൂപത്തില്‍ പ്രതികരിക്കാന്‍ തുടങ്ങിയിട്ടും മനുഷ്യന് കുലുക്കമില്ല. എന്നിട്ടും അവന്‍ എല്ലാത്തിനും കാലത്തെ പഴിചാരുന്നു. തനിക്ക് മാത്രം അവകാശപ്പെട്ടതല്ല ഈ ഭൂമി എന്നുപോലും മനുഷ്യന്‍ തന്റെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കായി മനപൂര്‍വം മറക്കുന്നു. കൂടാതെ വിവിധ രാജ്യങ്ങള്‍ ഭൗമസംരക്ഷണത്തിനായി കാലങ്ങളായി ആസൂത്രണം ചെയ്യപ്പെട്ട പദ്ധതികളൊന്നും വിജയം കണ്ടിട്ടുമില്ല. കനത്ത കുടിവെള്ളക്ഷാമം, വരള്‍ച്ച, കാട്ടുതീ, കൃഷിനാശം, ഉരുള്‍പൊട്ടല്‍, ഭൂകമ്പം, സൂര്യാതപം, സമുദ്രജലനിരപ്പിലെ അപാകതകള്‍ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മണ്ണിനെയും മനുഷ്യനെയും വേട്ടയാടികൊണ്ടിരിക്കുന്ന ഈ വേളയിലാണ് മനുഷ്യനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ഭൗമദിനം വന്നെത്തുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.