2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

ചുട്ടുപഴുക്കുന്ന പകലുകള്‍, പൊള്ളലേല്‍ക്കുന്ന മനുഷ്യര്‍


 

മഹാപ്രളയം കഴിഞ്ഞ് ആറുമാസം ആകുമ്പോഴേക്കും കൊടും വരള്‍ച്ചയിലേക്കാണു കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. സൂര്യതപമേറ്റു മരിക്കുന്നവരുടെയും പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സക്കെത്തുന്നവരുടെയും എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്. വേനല്‍മഴ ലഭിക്കാത്തതിനാല്‍ കുടിവെള്ളക്ഷാമവും പാരമ്യത്തിലെത്തിക്കഴിഞ്ഞു. അക്ഷരാര്‍ഥത്തില്‍ വറചട്ടിയില്‍ വീണ അവസ്ഥയിലാണു മലയാളികള്‍.

മിതമായ ചൂടും തണുപ്പും ലഭിച്ചിരുന്ന സംസ്ഥാനമായിരുന്നു അടുത്തകാലം വരെ കേരളം. അത്തരമൊരു കാലാവസ്ഥ അന്യമാവാന്‍ തുടങ്ങിയത് തൊണ്ണൂറുകള്‍ മുതല്‍ക്കാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ രീതിയില്‍ പോയാല്‍ കേരളത്തിന്റെ പാരിസ്ഥിതിക ഘടന പൂര്‍ണമായും തകരാറിലാകും.
ഈ വേനലില്‍ ഇന്നലെവരെ സംസ്ഥാനത്ത് സൂര്യാതപംമൂലം 118 പേര്‍ക്കാണ് പൊള്ളലേറ്റത്. മൂന്നുപേര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. താപനില ഇന്നും നാളെയുമായി നാലു ഡിഗ്രിവരെ ഉയരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. ഉഷ്ണതരംഗത്തെയും ന്യൂനതാപത്തെയും സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നിടത്തോളം എത്തിനില്‍ക്കുന്നു കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അമിതമായ ചൂട്.

പതിനൊന്നു ജില്ലകളില്‍ ഇനിയും ചൂടു വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുകയെന്നതു കേരളത്തെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വി മാത്രമായിരുന്നു. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ വീശിയടിക്കുന്ന ചൂടു കാറ്റാണ് ഇപ്പോള്‍ കേരളത്തെയും ബാധിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ കേരളത്തില്‍ ചൂടാരംഭിക്കുക മാര്‍ച്ച് മാസം മുതലാണ്. ഏപ്രില്‍ മാസത്തില്‍ ചൂട് അല്‍പ്പം കൂടും. ഇതിനിടയില്‍ മോശമല്ലാത്ത അളവില്‍ ലഭിക്കുന്ന വേനല്‍മഴ മെയ് മാസത്തിലെ ചൂടിന്റെ കാഠിന്യം കുറക്കുകയാണു പതിവ്.

1995നു ശേഷമാണ് കേരളത്തില്‍ കാര്യമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്നത്. ജനുവരി കുളിര് ഓര്‍മയായി. ജനുവരി അവസാനമാകുമ്പോഴേക്കും ഉഷ്ണതരംഗങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങുകയും ഫെബ്രുവരിയില്‍ത്തന്നെ ചൂട് ശക്തമാകുകയും ചെയ്യുകയാണ്. മാര്‍ച്ചില്‍ അത് അസഹനീയമായ അവസ്ഥയിലെത്തുന്നു. എത്രയും പെട്ടെന്ന് ഇടമഴ കിട്ടിയില്ലെങ്കില്‍ കൊടും വരള്‍ച്ച നേരിടേണ്ട അവസ്ഥയിലാകും കേരളമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റു മൂലം കേരളത്തിലെത്തുന്ന വായുപ്രവാഹത്തിന്റെ ചൂടു വര്‍ധിച്ചിട്ടുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ നിഗമനം. എല്‍നിനോ പ്രതിഭാസം കേരളത്തെ ചൂഴ്ന്നു നില്‍ക്കുന്നതും ഉഷ്ണവര്‍ധനവിനു കാരണമാണ്. വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആഗോളതാപനത്തിന് എല്‍നിനോ വലിയൊരു കാരണമാണ്. അസാധാരണമായ തണുപ്പും അസാധാരണമായ ചൂടും നല്‍കുന്നതാണ് എല്‍നിനോ. എല്‍നിനോ പ്രവചനാതീതമായതിനാല്‍ ഏതു സമയത്തും എല്‍നിനോ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരള്‍ച്ച, അതുമൂലമുണ്ടാകുന്ന ക്ഷാമം എന്നിവ വരുത്തിവെക്കും. പസഫിക് പ്രദേശങ്ങളില്‍ നിലവിലുള്ള കാറ്റിലും മഴയിലും മാറ്റം ആരംഭിക്കുന്നതോടെ എല്‍നിനോയുടെ പ്രത്യാഘാതവും ഉണ്ടാകുന്നു. കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. എല്‍നിനോയും രോഗങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ചില വര്‍ഷങ്ങളില്‍ എല്ലായിടത്തും മഞ്ഞപിത്തം, ചിലവര്‍ഷങ്ങളില്‍ മലമ്പനി, ഡെങ്കി പോലുള്ള പകര്‍ച്ചവ്യാധികള്‍ കാലാവസ്ഥാ വ്യതിയാനംമൂലം സംഭവിക്കുന്ന എല്‍നിനോ പ്രതിഭാസത്താലാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ തരം പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എല്‍നിനോ പ്രതിഭാസം മൂലമാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ, വെനസ്വല, കൊളംബിയ എന്നീ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ ഇപ്പോള്‍ എല്‍നിനോയുമായി ബന്ധപ്പെട്ടിരിക്കുന്നു. മലേറിയ, ഡെങ്കിപ്പനി, എലിപ്പനി, അതേപോലെ കൊതുകുകള്‍ വഴി പകരുന്ന പകര്‍ച്ചവ്യാധികളെല്ലാം കാലാവസ്ഥാ വ്യതിയാനങ്ങള്‍മൂലം ഉണ്ടാകുന്ന എല്‍നിനോ കാരണത്താലാണ്. എല്‍നിനോ മുന്‍കൂട്ടി പ്രവചിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതിനാല്‍ ഇതിന്റെ പ്രത്യാഘാതങ്ങളെ തരണം ചെയ്യാന്‍ മുന്‍കൂട്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയുന്നില്ല.

ആഗോളതാപനമാണു പരിസ്ഥിതിക്ക് ഏറ്റവും ഭയാനകമായ ഭീഷണി. ആഗോളതാപനം സംഭവിക്കുന്നതാകട്ടെ കാലാവസ്ഥാ വ്യതിയാനം കാരണവും. വികസിത രാജ്യങ്ങളിലെ വ്യവസായശാലകളില്‍നിന്നും വാഹനങ്ങളില്‍നിന്നും അന്തരീക്ഷത്തിലേക്ക് വിടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് സൂര്യാതപത്തെ തടഞ്ഞുനിര്‍ത്തുന്ന ഓസോണ്‍പാളികളില്‍ സുഷിരങ്ങള്‍ വീഴ്ത്തുന്നു. ഹരിതഗൃഹ വാതകങ്ങളായ മീഥേന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവയും അന്തരീക്ഷത്തിലേക്കു തള്ളുന്നു. തന്മൂലം സൂര്യകിരണങ്ങള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നതിനാലാണ് സൂര്യാഘാതവും സൂര്യാതപവും ഉണ്ടാകുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ തടുത്തു നിര്‍ത്താന്‍ ഉതകുന്ന മരങ്ങളും കുന്നുകളും നാം തകര്‍ത്തുകൊണ്ടിരിക്കുന്നതിനാല്‍ സൂര്യാതപത്തിന്റെ തോതു വര്‍ധിക്കുകയും ജീവിതം ദുഃസഹമാകുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുകയല്ലാതെ ആഗോള താപനത്തിന്റെ കാഠിന്യത്തില്‍നിന്നു കേരളത്തിനു രക്ഷപ്പെടാനാവില്ല. കാലാവസ്ഥാ വ്യതിയാനം ആഗോള അടിസ്ഥാനത്തില്‍ സംഭവിക്കുന്നതാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ഒരു പരിധിവരെ പരിസ്ഥിതി സംരക്ഷണത്തിലൂടെ കഴിയും. ജലസ്രോതസുകള്‍വരെ മണ്ണിട്ടു മൂടുന്ന കേരളത്തില്‍ ഫെബ്രുവരിയില്‍തന്നെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കില്‍ എന്തിന് അത്ഭുതപ്പെടണം.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്രമായ ചൂട് മാനസികാരോഗ്യത്തെ വരെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണു ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെല്ലാം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് അധികൃതരും സംസ്ഥാന സര്‍ക്കാരും പറയുന്ന സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുക, പകല്‍ പതിനൊന്നു മുതല്‍ മൂന്നുമണിവരെ നേരിട്ടു വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക, ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പു നല്‍കുന്നുണ്ട്. അതു പാലിക്കണം. മുന്‍കരുതലുകള്‍ മാത്രമായിരിക്കും ഈ അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ഏകമാര്‍ഗം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.