2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ചിതലരിച്ച് കേരളചരിത്ര സ്മാരകം

ബോബന്‍സുനില്‍

തക്കല: ഒരു കേരളീയ ചരിത്രസ്മാരകം കൂടി ചിതലരിക്കുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ കേരളത്തിന് നഷ്ടമായ ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച ഉദയഗിരി കോട്ടയാണ് നാശത്തിന്റെ വക്കില്‍. ഡച്ച് തടവുകാരനായി പിടിക്കപ്പെട്ട് പിന്നീട് തിരുവിതാംകൂറിന്റെ വലിയപടത്തലവന്‍ പട്ടം അലങ്കരിച്ച വിദേശിയാണ് ജനറല്‍ ഡിലനോയി. തിരുവിതാംകൂര്‍ കൈവരിച്ച പേരും പെരുമക്കും പിന്നില്‍ നിസ്വര്‍ഥനായി പ്രവര്‍ത്തിച്ച ഈ വിദേശിയുടെ മൃതദേഹം പോലും അടക്കം ചെയ്ത കോട്ടയാണ് ആര്‍ക്കം വേണ്ടാതെ കിടക്കുന്നത്.
കേരളത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച സംഭവങ്ങള്‍ക്ക് സാക്ഷികളായ ഈ ചരിത്ര സ്മാരകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദയഗിരി കോട്ടയും ഡിലനോയി സ്മാരകവും. തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകുന്ന വഴിയില്‍ പുലിയൂര്‍ കുറിച്ചിയിലെ വേളിമല താഴ് വരയിലാണ് ഉദയഗിരികോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടക്കകത്തെ പള്ളിയിലാണ് കാലപ്പഴക്കത്താല്‍ ജീര്‍ണിതാവസ്ഥയിലായ ഡിലനോയിയുടെ ശവകുടീരമുള്ളത്. കേരളത്തല്‍ ആധിപത്യം സ്ഥാപിച്ച ഡച്ചുകാരെ കെട്ടുകെട്ടിച്ച യുദ്ധമാണ് 1741 ലെ കുളച്ചല്‍ യുദ്ധം. തിരുവിതാംകൂര്‍ മഹാരാജാവായ മാര്‍ത്താണ്ഡ വര്‍മ്മയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ തോറ്റോടിയ ഡച്ചുപടക്ക് പിന്നീട് കേരളം വിട്ട് പോകേണ്ടിവന്നു.
ഡച്ചുകാരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ കണ്ടുകെട്ടിയ മഹാരാജാവ് യുദ്ധത്തടവുകാരായി പിടിച്ച ഡച്ചുകാരെ ഉദയഗിരികോട്ടയില്‍ താമസിപ്പിച്ചു. ഇവരില്‍ ബല്‍ജിയം ദേശക്കാരനായ ഒരു പട്ടാളക്കാരന്‍ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ യുദ്ധമികവും കഴിവും മനസിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ ആ പട്ടാളക്കാരനെ തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി നിയമിച്ചു. ഇദ്ദേഹമാണ് ജനറല്‍ ഡിലനോയി. ഡിലനോയിയുടെ നേതൃത്വത്തിലാണ് പിന്നീട് മാര്‍ത്താണ്ഡവര്‍മ്മ നിലവിലുള്ള കോട്ടകള്‍ പൊളിച്ചുമാറ്റി കരിങ്കല്ലു കൊണ്ട് കെട്ടി തന്റെ രാജ്യം ശക്തിപ്പെടുത്തിയത്.
36 വര്‍ഷക്കാലം തിരുവിതാംകൂറിന്റെ വലിയ പടത്തലവനായി സേവനമനുഷ്ഠിച്ച ഈ ഡച്ചുകാരന്‍ 1777 ല്‍ ഉദയഗിരി കോട്ടയില്‍ അസുഖ ബാധിതനായി മരണപ്പെട്ടു. അന്ന് തിരുവിതാംകൂര്‍ ഭരണം നടത്തിയിരുന്നത് മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ ധര്‍മ്മരാജയായിരുന്നു. ഡിലനോയിയെ സര്‍വവിധ ബഹുമതികളോടെയും ഉദയഗിരികോട്ടക്കകത്തെ ഡച്ചുപള്ളിയില്‍ അടക്കം ചെയ്തു. രാജഭരണം നാടുനീങ്ങുകയും തമിഴ് ഭാഷ സംസാരിക്കുന്ന ഉദയഗിരി തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളിലാവുകയും ചെയ്തതോടെ കോട്ട തമിഴ്‌നാട്ടിലായി.
ഡച്ച് വാസ്തു ശില്‍പ്പ മാതൃകയില്‍ നിര്‍മ്മിച്ച പള്ളി നാശത്തെ നേരിട്ടു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ശ്രദ്ധിക്കാനാളില്ലാതെയും വേണ്ടത്ര സംരക്ഷണം ലഭിക്കാതെയും നാശത്തെ നേരിടുകയാണ് ഈ സ്മാരകം. തേക്ക് തടിയില്‍ നിര്‍മിച്ച കഴുക്കോലുകള്‍ പ്രദേശവാസികള്‍ ഇളക്കിയെടുത്ത് സ്വന്തം വീടിന് മേല്‍ക്കൂര പണിതു.
അവശേഷിക്കുന്ന ചുമരുകള്‍ ഏതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ഇപ്പോള്‍ ഇതിന്റെ അവകാശികളായ തമിഴനാട് പുരാവസ്തു വകുപ്പാകട്ടെ ഇതിന് മുന്നില്‍ ഒരു ബോര്‍ഡ് വെച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. കേരള സര്‍ക്കാര്‍ ഇടപെട്ട് ഇവയെ രക്ഷിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ തിരുവിതാംകൂറിന് വേണ്ടി അകമഴിഞ്ഞ് പ്രവര്‍ത്തിച്ച ഡിലനോയിയും അദ്ദേഹത്തിന്റെ സ്മാരകവും കേള്‍വിയില്‍ തെളിയുന്ന ചിത്രമായേക്കും എന്ന ഭീതിയാണ് ചരിത്രാന്വേഷികള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.