2019 April 24 Wednesday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ചാവേറുകളുടേത് ഇസ്‌ലാമല്ല

ഇമാം സൈദ് ശാക്കിര്‍

ഇമാം സൈദ് ശാക്കിര്‍

ലോകത്ത് നടക്കുന്ന ചാവേറാക്രമണങ്ങള്‍ ഓരോ മുസ്‌ലിമിനേയും ഏറെ അസ്വസ്ഥനാക്കുന്നുണ്ട്. കാരണം അത്തരം ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നവര്‍ ഇസ്‌ലാമിന്റെ പേരിലാണ് അവ നിര്‍വഹിക്കുന്നത്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിന് അത്തരം പൈശാചിക നടപടികളുമായി പുലബന്ധം പോലുമില്ല. 

കൊലപാതകം കടുത്ത അപരാധമാണെന്ന പോലെതന്നെ ആത്മഹത്യയും നിഷിദ്ധമാണ്. യഥാര്‍ഥമോ സാങ്കല്‍പികമോ ആയ അനീതിക്ക് പകരമായിട്ടാണെങ്കില്‍ പോലും അതിന്റെ പേരില്‍ സംശയിക്കപ്പെടുകപോലും ചെയ്യാത്ത നിരപരാധികളെ ആക്രമിക്കുന്നത് കുറ്റകരമാണ്. പൊതു ഇടങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതും തെറ്റാണെന്ന് നമ്മള്‍ മനസിലാക്കുന്നു.
ഇത്തരം അരുതായ്മകള്‍ ഇസ്‌ലാമിന്റെ മേല്‍ ചുമത്തുന്നതു കടുത്ത അപരാധമാണ്. തിരുനബി (സ) പറയുന്നു: ‘ഒരു മുസ്‌ലിമിനും അവന്‍ വിശ്വാസിയായിരിക്കേ കൊലപാതകിയാവാന്‍ സാധിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ സൂക്ഷിക്കുക’ (ഇബ്‌നു ഹിബ്ബാന്‍: 5979). വ്യക്തമായി പറഞ്ഞാല്‍ യഥാര്‍ഥ വിശ്വാസി ഒഴിഞ്ഞുനില്‍ക്കേണ്ട ഒരു പ്രവര്‍ത്തനത്തിലാണ് ഒരു കൊലപാതകി വ്യാപൃതനാകുന്നത്. അതുകൊണ്ടുതന്നെ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നയാള്‍ താനൊരു വിശ്വാസിയല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.
മറ്റൊരു പ്രവാചക വചനം ഇങ്ങനെ വായിക്കാം: ‘അവനില്‍ നിന്ന് വിശ്വാസം, ഊരപ്പെട്ട വസ്ത്രം പോലെ മാറിനില്‍ക്കും. കൊലപാതകത്തില്‍ നിന്ന് അവന്‍ എപ്പോള്‍ വിരമിക്കുന്നുവോ ആ സമയത്ത് ഊരിയ വസ്ത്രം വീണ്ടും ധരിച്ചാലെന്നവണ്ണം വിശ്വാസം അവനിലേക്ക് മടങ്ങിവരും’. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആസൂത്രണവും മനനവുമായി കൊലപാതകത്തിന്റെ മാര്‍ഗത്തില്‍ എത്രയേറെ അവന്‍ മുന്നോട്ടു പോകുന്നുവോ അത്രയും കാലം അവന്‍ വിശ്വാസരാഹിത്യത്തിന്റെ മാര്‍ഗത്തിലാണ് സഞ്ചരിക്കുന്നത്.
തുര്‍ക്കി, യെമന്‍, ഇറാഖ്, സിറിയ, നൈജീരിയ എന്നു മാത്രമല്ല ലോകത്ത് എവിടെയാണെങ്കിലും ചാവേറാക്രമണം പോലെയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ മുസ്‌ലിംകളായിക്കൊണ്ടോ ഇസ്‌ലാമിന്റെ പേരിലോ അല്ല പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ശരിയായ തെളിവാണ് പരാമര്‍ശിച്ചിരിക്കുന്ന നബിവചനം. തീര്‍ച്ചയായും അവര്‍ പ്രവാചകാധ്യാപനങ്ങള്‍ പഠിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യണം.
പുണ്യനബി മറ്റൊരിക്കല്‍ പറഞ്ഞു: ‘ഏതൊരുത്തന്റെ കൈകളില്‍ നിന്നും നാവില്‍ നിന്നുമാണോ മറ്റുള്ളവര്‍ സുരക്ഷിതരാകുന്നത്, അവനാണ് മുസ്‌ലിം’ (അഹ്മദ്, ത്വബ്‌റാനി). മറ്റുള്ളവരുടെ ജീവിതത്തിലേക്കും അഭിമാനത്തിലേക്കും കടന്നു കയറുന്നവര്‍ വിശ്വാസിയല്ലെന്നാണ് ഈ അധ്യാപനം സൂചിപ്പിക്കുന്നത്.
ജനങ്ങളുടെ ജീവനും ജീവിതോപാധികളും ഏതൊരാളില്‍ നിന്നാണോ സുരക്ഷിതമായിരിക്കുന്നത് അയാളാണ് യഥാര്‍ഥ വിശ്വാസിയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത് (നസാഇ. ഇബ്‌നുമാജ).
മറ്റൊരിക്കല്‍ തിരുനബി (സ) പ്രഖ്യാപിച്ചു: ‘അല്ലാഹുവാണ് സത്യം, അവന്‍ വിശ്വാസിയല്ല. മൂന്നു തവണ പ്രവാചകന്‍ ഇത് ആവര്‍ത്തിക്കുന്നത് കേട്ട സ്വഹാബത്ത്, ആര്? നബിയേ എന്നന്വേഷിച്ചു. ‘ഏതൊരുത്തന്റെ ദുഷ്‌ചെയ്തികളില്‍ നിന്ന് അവന്റെ അയല്‍വാസികള്‍ നിര്‍ഭയരാകുന്നില്ല, അവന്‍’ എന്നായിരുന്നു പുണ്യനബി (സ)യുടെ പ്രതിവചനം (ബുഖാരി). ഈ ഹദീസിന്റെ സ്വഹീഹ് മുസ്‌ലിമിലെ ഉദ്ധരണി ഇങ്ങനെ വായിക്കാം: ‘തന്റെ പൈശാചിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് അയല്‍ക്കാരനെ സംരക്ഷിക്കാത്തവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയേ ഇല്ല’ (മുസ്‌ലിം).
ചുരുക്കത്തില്‍ വിവേചനരഹിതമായ ചാവേറാക്രമണം പോലെയുള്ള കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ വിശ്വാസം ഉപേക്ഷിക്കുകയും അങ്ങനെ സ്വര്‍ഗപ്രവേശം നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നാണ് പ്രവാചകസാക്ഷ്യം.

(അമേരിക്കയിലെ പ്രമുഖ ഇസലാമിക പണ്ഡിതനും സൈത്തൂനാ കോളജിന്റെ സഹസ്ഥാപകനുമാണ ് സൈദ് ശാകിര്‍)

വിവര്‍ത്തനം: മുദ്ദസിര്‍ ഫൈസി മലയമ്മ

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.