2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ചാലക്കുടിയില്‍ ഇനിയും കരപറ്റാതെ ജനജീവിതം

ചാലക്കുടി: പ്രളയത്തിലും ഉരുള്‍പൊട്ടലിലും ചാലക്കുടി മേഖലയില്‍ വ്യാപക നാശം. വീടുകളുടെ കേടുപാടുകള്‍ക്കു പുറമെ വ്യാപകമായ കൃഷിനാശവും സംഭവിച്ചതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.
കോടശ്ശേരി, അതിരപ്പിള്ളി, പരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടശ്ശേരി പഞ്ചായത്തിലെ മാവിന്‍ചോട്, കോര്‍മല, രണ്ടുകൈ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. അതിരപ്പിള്ളി പഞ്ചായത്തിലെ വെട്ടിക്കുഴിയില്‍ പണ്ടാരപാറയ്ക്ക് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു മരണവും സംഭവിച്ചിരുന്നു. അതിരപ്പിള്ളി, പരിയാരം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ കൊന്നക്കുഴി മേഖലയില്‍ വ്യാപകമായ ഉരുള്‍പൊട്ടലാണുണ്ടായത്.
മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ വ്യാപകനാശം വിതച്ചിട്ടുണ്ട്. ഉരുള്‍പൊട്ടിയ മേഖലകളില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ചവര്‍ ഇപ്പോഴും ക്യാംപില്‍ തന്നെയാണ്. ഭീതിമൂലം ക്യാംപുകളില്‍നിന്നു തിരികെപ്പോകാന്‍ ഇവര്‍ തയാറാകുന്നില്ല. പുതിയ വീടുകള്‍ പണിതുനല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ചന്ദനകുന്നിലെ ക്യാംപില്‍ 22 പേരാണുള്ളത്. മാവിന്‍ചോട്ടിലെ വനഭൂമിയില്‍ ഭീഷണിയായി നില്‍ക്കുന്ന മൂന്നു പടുകൂറ്റന്‍ പാറകള്‍ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. ഉരുള്‍പൊട്ടലില്‍ മലയില്‍നിന്ന് ഉരുണ്ടുവന്നവയാണിത്.
ഏതുനിമിഷവും ഇവ താഴേക്കു പതിക്കാന്‍ സാധ്യയുണ്ട്. നിരവധി വീടുകളുടെ മുകളിലേക്കായിരിക്കും ഇവ ചെന്നുപതിക്കുക. ഇവ പൊട്ടിച്ചു നീക്കംചെയ്യാമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന പരാതിയുണ്ട്.
പരിയാരം പഞ്ചായത്തില്‍ ചാലക്കുടി പുഴയോരത്തെ ഒരു കിലോമീറ്ററോളം ചുറ്റളവില്‍ കൃഷിയിടത്ത് വെള്ളം കയറി കൃഷി പൂര്‍ണമായും നശിച്ചു. മേലൂര്‍ പഞ്ചായത്തിലും വ്യാപകമായ കൃഷിനാശമാണു സംഭവിച്ചത്. ഇവിടത്തെ ഇറച്ചിക്കോഴി ഫാമുകളും പൂര്‍ണമായി നശിച്ചിരിക്കുകയാണ്. കോടശ്ശേരി പഞ്ചായത്തിലെ കമ്മളം പ്രദേശത്താണ് കൂടുതലായും കൃഷി നശിച്ചത്.
അതിരപ്പിള്ളി പഞ്ചായത്തിലെ കണ്ണംകുഴി തോട് കരകവിഞ്ഞൊഴുകിയതിനാല്‍ ഇരുഭാഗത്തമുള്ള കൃഷി പൂര്‍ണമായും നശിച്ചു. വെറ്റിലപ്പാറയിലെ വഞ്ചികടവിലും നാശം വിതച്ചിട്ടുണ്ട്. കാടുകുറ്റി പഞ്ചായത്തിലും വന്‍ തോതിലുള്ള കൃഷിനാശമാണു സംഭവിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.