2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ചാരവൃത്തി: ബി.ജെ.പി നേതാവിന്റെ ബന്ധുവടക്കം 11 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കിയതിന് ബി.ജെ.പി നേതാവിന്റെ ബന്ധുവടക്കം 11 പേര്‍ പിടിയില്‍. മധ്യപ്രദേശ് പൊലിസിന്റെ ഭീകരവിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്.
പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉണ്ടാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലിസ് പറഞ്ഞു. ഇതുവഴിയാണ് രഹസ്യങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്തത്. അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ ഗ്വാളിയോര്‍ സ്വദേശികളും മൂന്നുപേര്‍ ഭോപ്പാലില്‍ നിന്നുള്ളവരുമാണ്. രണ്ട് ജബല്‍പൂര്‍ സ്വദേശികളും ഒരു സത്‌ന സ്വദേശിയുമുണ്ട്. ബി.ജെ.പി വനിതാ നേതാവും ഗ്വാളിയോര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറുമായ വന്ദനാസതീഷ് യാദവിന്റെ ഭര്‍തൃസഹോദരനാണ് അറസ്റ്റിലായ ജിതേന്ദ്ര താക്കൂര്‍. ജിതേന്ദ്രയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ ദേവേഷ് ശര്‍മ പറഞ്ഞു. അറസ്റ്റിലായ ജിതേന്ദ്ര താക്കൂര്‍ കേന്ദ്രമന്ത്രി നരേന്ദ്രതോമറുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ് ആരോപിച്ചു.
അറസ്റ്റിലായവരുടെ മുഴുവന്‍ പേരുവിവരങ്ങളും പുറത്തുവിടാന്‍ മധ്യപ്രദേശ് എ.ടി.എസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജീവ് ഷാമി വിസമ്മതിച്ചു. സത്‌ന സ്വദേശിയായ ബല്‍റാമാണ് ചാരസംഘത്തിന്റെ സൂത്രധാരനെന്ന് പൊലിസ് പറഞ്ഞു. ബല്‍റാം ജമ്മുവില്‍ താമസിച്ചാണ് ചാരപ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ചത്. പാകിസ്താനിലുള്ളവരുമായി ഇദ്ദേഹം ടെലിഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്നു.
ചാരപ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ നീക്കങ്ങള്‍ക്കുമായി വിവിധ ബാങ്ക് അക്കൗണ്ടുകളും ഇവരുടെ പേരിലുണ്ട്. കശ്മിരിലെ ആര്‍.എസ് പുരയില്‍ നിന്ന് കഴിഞ്ഞ നവംബറില്‍ സത്വീന്ദര്‍, ദാദു എന്നീ രണ്ട് ഐ.എസ്.ഐ ചാരന്‍മാരെ ജമ്മുകശ്മിര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് വന്‍ റാക്കറ്റ് സംഘത്തെ കുറിച്ച് സൂചന നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.