2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ചാമ്പയ്ക്ക അഥവാ റോസ് ആപ്പിള്‍

രുചിയേക്കാളേറെ ആകര്‍ഷണത്തിന് പേരുകേട്ട ഫലമാണ് ചാമ്പയ്ക്ക. പല നിറത്തിലും വലുപ്പത്തിലും കാണപ്പെടുന്ന ഇവയുടെ ശാസ്ത്രനാമങ്ങളും വ്യത്യസ്തം.

Syzygium Guvanica എന്ന് ശാസ്ത്രനാമത്തിലും റോസ് ആപ്പിള്‍ എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന ചെറിയ ചാമ്പയ്ക്കയാണ് നമ്മുടെ നാട്ടില്‍ സര്‍വസാധാരണം. റോസ് നിറവും റോസാപ്പൂവിന്റെ നേരിയ സുഗന്ധവും ഇതിനുണ്ട്. ചുവന്ന പൂക്കളും ക്രിക്കറ്റ് ബോളിനോളം വലുപ്പമുള്ള പച്ചകലര്‍ന്ന മഞ്ഞനിറത്തോടുകൂടിയ ഫലങ്ങളുളളതുമായ Syzygium Guembos എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്നതാണ് മറ്റൊരിനം.
ഉഷ്ണമേഖലാ പ്രദേശത്തെ ആദ്യവൃക്ഷങ്ങളിലൊന്നാണിത്. ഇവയുടെ ജന്‍മനാട് ഈസ്റ്റ് ഇന്‍ഡീസ് ആണ്.
പതുപതുത്ത മാംസളഭാഗമുള്ള ഇതിന്റെ ഉള്ളില്‍ രണ്ടു വിത്തുകളാണടങ്ങിയിരിക്കുന്നത്.

വിത്തുകള്‍ മുളപ്പിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നത്. നട്ട് മൂന്നു വര്‍ഷമാവുമ്പോഴേക്കും ഫലം ലഭിക്കും. വലിയ പരിചരണമൊന്നുമില്ലാതെ വളരുന്ന ഇവയുടെ മരത്തില്‍ നിന്ന് വര്‍ഷം 1000 മുതല്‍ 2000 വരെ ചാമ്പയ്ക്ക ലഭിക്കും.

നേരിയ പുളിരുചിയാണുള്ളത്. ഇവയിലടങ്ങിയിരിക്കുന്ന അന്നജ തന്‍മാത്രകളില്‍ നിന്നും ഊര്‍ജം വേഗത്തില്‍ സ്വതന്ത്രമാകുന്നതുകൊണ്ട് ഇത് പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി (സുരക്ഷിതമായി) കഴിക്കാം. ഈ ഫലത്തിലടങ്ങിയിരിക്കുന്ന വര്‍ണവസ്തു ലൈകോപിന്‍ രക്തോല്‍പാദനത്തിന് സഹായകരമാണ്. ചാമ്പയ്ക്കയുടെ നീര് നല്ല ദാഹശമനിയായും അവശേഷിക്കുന്ന ഭാഗം മിക്‌സഡ് ഫ്രൂട്ട്ജാമിന് നിറവും മണവും നല്‍കാനും ഉപയോഗിക്കുന്നു.

കൊഴുപ്പും മാംസ്യവുമെല്ലാം വളരെ കുറച്ചു മാത്രം അടങ്ങിയിരിക്കുന്ന ഇതില്‍ 89 ശതമാനത്തോളം ജലമടങ്ങിയിരിക്കുന്നു. മറ്റുള്ള ഫലങ്ങളെ അപേക്ഷിച്ച് അന്നജവും വളരെ കുറച്ചേ അടങ്ങിയിട്ടുള്ളൂ. ഫ്രീഷുഗറിന്റെ അളവ് വളരെ കുറവായതിനാല്‍ ഭക്ഷണ നിയന്ത്രണമുള്ളവര്‍ക്കും ചാമ്പയ്ക്ക കഴിക്കാം.

ഔഷധഗുണങ്ങള്‍
ബര്‍മയില്‍ ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം നേത്രരോഗ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. ഊര്‍ജസമ്പത്തിന്റെ കാര്യത്തില്‍ ആപ്പിളിന്റെ പിന്നിലാണെങ്കിലും മറ്റു പോഷക മൂല്യങ്ങള്‍ ആപ്പിളിനോടൊപ്പം തന്നെ ഇതിലടങ്ങിയിരിക്കുന്നു.
ഇതിന്റെ മാംസളഭാഗം മിഠായി ഉണ്ടാക്കാന്‍ പറ്റിയതാണ്. റോസ് നിറത്തിലുള്ള ജാമുണ്ടാക്കാനും പ്രിസര്‍വേറ്റീവുകളും മിഠായിക്കൂട്ടുകളും ജെല്ലികളും സോപ്പും ഉണ്ടാക്കാനും ഇവ ഉപയോഗിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ അച്ചാറിടാനും ഇവ ഉപയോഗിക്കാറുണ്ട്. ചാമ്പയ്ക്കയുടെ ഉപയോഗം നമ്മുടെ ശരീരത്തിനാവശ്യമായ പല പോഷകമൂല്യങ്ങളുടേയും കുറവ് നികത്താനുപകരിച്ചേക്കും.

പോഷക മൂല്യം

100 ഗ്രാം കുരു നീക്കിയ ചാമ്പയ്ക്കയിലടങ്ങിയിരിക്കുന്ന പോഷകം
അന്നജം    – 8.5 ഗ്രാം        
വൈറ്റമിന്‍ സി    – 3 മില്ലിഗ്രാം
മാംസ്യം    – 0.7 ഗ്രാം        
നാര്    – 1.2 ഗ്രാം
കൊഴുപ്പ്     – 0.2 ഗ്രാം        
ഊര്‍ജം    – 39 കലോറി
ഇരുമ്പ്    – 0.5 മില്ലിഗ്രാം    
കരോട്ടിന്‍    – 1.41 മൈക്രോ ഗ്രാം
കാത്സിയം    – 10 മില്ലിഗ്രാം        ഫോസ്ഫറസ്    – 30 മില്ലി ഗ്രാം
പൊട്ടാസ്യം    – 50 മില്ലി ഗ്രാം    
സോഡിയം    – 34 മില്ലി ഗ്രാം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.