
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് രണ്ടാം സെമിയില്‍ ഇന്നു റയല്‍ മാഡ്രിഡ് സ്വന്തം മണ്ണില്‍ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഏറ്റുമുട്ടും. രണ്ടാംപദ പോരാട്ടമാണ് ഇന്നു റയല്‍ മാഡ്രിഡിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബുവില്‍ അരങ്ങേറുന്നത്. ആദ്യപാദ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇരു പക്ഷത്തിനും ഇന്നു വിജയിക്കാനും അതുവഴി ഫൈനലിലേക്ക് ടിക്കറ്റുറപ്പിക്കാനും അവസരം ലഭിക്കും.
പരുക്കിനെ തുടര്‍ന്നു ആദ്യപാദ പോരാട്ടത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നു റയലിനായി കളത്തിലിറങ്ങുന്നത് അവര്‍ക്ക് മാനസ്സികമായി കരുത്തു പകരുന്നു. നടാടെ സെമിയിലെത്തിയ സിറ്റി വിജയത്തോടെ ആദ്യ ചാംപ്യന്‍സ് ലീഗ് ഫൈനലാണ് ലക്ഷ്യം വയ്ക്കുന്നത്. റയല്‍ 14ാം ചാംപ്യന്‍സ് ലീഗ് ഫൈനലാണ് മുന്നില്‍ കാണുന്നത്.
ആദ്യപാദത്തില്‍ എവേ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന സിറ്റി കഴിഞ്ഞ ദിവസം സതാംപ്ടനെതിരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ പ്രധാന താരങ്ങളെ പുറത്തിരുത്തിയാണ് കളിച്ചത്. സതാംപ്ടനെതിരേ 4-2ന്റെ തോല്‍വി വഴങ്ങിയാണ് സിറ്റി ഇന്നിറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ കിരീടം നഷ്ടപ്പെട്ട സ്ഥിതിക്ക് ചാംപ്യന്‍സ് ലീഗ് പ്രതീക്ഷ നീട്ടിയെടുക്കുക ലക്ഷ്യമിട്ടാണ് പെല്ലെഗ്രിനി അഗ്യെറോ അടക്കമുള്ള താരങ്ങളെ പുറത്തിരുത്തി സതാംപ്ടനെ നേരിടാനിറങ്ങിയത്. ഇന്നത്തെ കളിക്കു അത്രയും പ്രാധാന്യം കോച്ച് നല്‍കുന്നുണ്ടെന്നു സാരം. റയലുമായുള്ള പോരാട്ടത്തില്‍ സിറ്റിയുടെ മനോഭാവം വ്യത്യസ്തമായിരിക്കുമെന്നും കോച്ച് വ്യക്തമാക്കി.
2012ല്‍ സ്വന്തം തട്ടകത്തില്‍ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് പോരാട്ടത്തില്‍ റയല്‍ സിറ്റിയെ കീഴടക്കിയിരുന്നു. മൂന്നു മിനുട്ടിനിടെ രണ്ടു ഗോളുകള്‍ നേടി മത്സരം 3-2നാണ് റയല്‍ വിജയിച്ചത്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളിലായി ഒരു ഇംഗ്ലീഷ് ക്ലബിനും റയലിനെ ചാംപ്യന്‍സ് ലീഗില്‍ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല- തുടങ്ങിയ കണക്കുകള്‍ റയലിനു അനുകൂലമായി നില്ക്കുന്നു. പരുക്കു മാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നു കളിക്കാനിറങ്ങുമെന്നു കോച്ച് സിനദിന്‍ സിദാന് വ്യക്തമാക്കി.
സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുത്ത് കളിക്കാനാകും റയല്‍ ശ്രമിക്കുക. ഒരു ഏവേ ഗോള്‍ നേടി മത്സരം തങ്ങള്‍ക്കനുകൂലമാക്കുകയാണ് സിറ്റി ലക്ഷ്യം വയ്ക്കുന്നത്. ഇരു പക്ഷവും ആക്രമണത്തിനു പ്രാധാന്യം നല്കുന്ന ടീമുകളായതിനാല്‍ സാന്റിയാഗോ ബര്‍ണാബുവില്‍ മത്സരം കനക്കും.