
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഡ്രിഡ് ടീമുകളുടെ പോരാട്ടത്തിനായി ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ ലാ ലിഗയിലെ വമ്പന്മാരായ ബാഴ്സലോണ ഇതില്‍ ഏത് ടീമിനെ പിന്തുണയ്ക്കുമെന്നാണ് കളിപ്രേമികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ച് മറുപടിയുമായി സൂപ്പര്‍ താരം ലയണല്‍ മെസി രംഗത്തെത്തി. അത്ലറ്റിക്കോ മാഡ്രിഡിനാണ് മെസിയുടെയും ബാഴ്സലോണയുടെയും പിന്തുണ. അത്ലറ്റിക്കോയെ പിന്തുണയ്ക്കുന്ന കൂട്ടത്തില്‍ റയലിനോട് വൈരാഗ്യം പ്രകടിപ്പിക്കാനും താരം മറന്നില്ല. ഈ സീസണില്‍ റയല്‍ ഒരു കിരീടം പോലും നേടുന്നത് ബാഴ്സലോണ ഇഷ്ടപ്പെടുന്നില്ലെന്ന് മെസി പറഞ്ഞു. ഫൈനലില്‍ അത്ലറ്റിക്കോ റയലിനെ പരാജയപ്പെടുത്തിയാല്‍ ബാഴ്സയുടെ സന്തോഷം ഇരട്ടിക്കുമെന്നും മെസി പറഞ്ഞു.
മികച്ച കളിയാണ് അത്ലറ്റിക്കോയുടേത്. അവരെ തോല്‍പ്പിക്കുക എന്നത് കഠിനമാണ്. സിമിയോണിയുടെ തന്ത്രങ്ങളാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് തന്നെ ടീമിന്റെ വിജയങ്ങളില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
നേരത്തെ അത്ലറ്റിക്കോയോട് ക്വാര്‍ട്ടറില്‍ തോറ്റാണ് ബാഴ്സ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത്.ചാംപ്യന്‍സ് ലീഗിലെ തോല്‍വി കനത്ത തിരിച്ചടിയാണെന്ന് മെസി പറഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബാഴ്സയായിരുന്നു മികച്ചു നിന്നത്. എന്നാല്‍ പിന്നീട് കളി കൈവിട്ടു പോയെന്നും മെസി പറഞ്ഞു. സീസണില്‍ മൂന്നു കിരീടങ്ങള്‍ നേടിയിരുന്നെങ്കില്‍ ടീമിന് അതൊരു നേട്ടമാകുമായിരുന്നെന്നും മെസി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒളിംപ്കിസിനുള്ള അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശയുണ്ടെന്നും മെസി പറഞ്ഞു. ജൂണില്‍ കോപ അമേരിക്കയ്ക്ക് ശേഷമാണ് ഒളിംപിക്സ് വരുന്നത് ഇക്കാരണത്താലാണ് മെസിയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞിരുന്നു.