2018 August 21 Tuesday
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

ചാംപ്യന്‍മാര്‍ ഇന്നിറങ്ങും സിറ്റി, ലിവര്‍പൂള്‍, നാപ്പോളി, ബൊറൂസിയ ടീമുകള്‍ ഇന്ന് കളത്തില്‍

 

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ ഘട്ട പോരാട്ടങ്ങളില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് ടൂര്‍ണമെന്റിന് വിജയത്തുടക്കമിടാന്‍ ഇന്നിറങ്ങും. സൈപ്രസില്‍ നിന്നുള്ള ക്ലബായ അപ്പോയെലാണ് റയലിന് എതിരാളി. അതേസമയം വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, നാപ്പോളി, ബൊറൂസിയ ഡോര്‍ട്മുണ്ട് എന്നിവരും കളത്തിലിറങ്ങുന്നുണ്ട്.
നിലവിലെ ജേതാക്കളായ റയലിന് ആദ്യ മത്സരം എളുപ്പമാണ്. അവരുടെ കരുത്തിനൊത്ത ടീമല്ല അപ്പോയെല്‍. എന്നാല്‍ മത്സരത്തെ നിസാരമായി കാണില്ലെന്ന് ടീം വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം തട്ടകത്തില്‍ കളിക്കുന്ന ആനുകൂല്യം ടീമിനുണ്ട്. എന്നാല്‍ അപ്പോയെല്‍ സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്റിലെ ജേതാക്കളാണ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമെന്ന് കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു. സീസണില്‍ താരത്തിന്റെ ആദ്യ മത്സരമാണിത്.
എന്നാല്‍ പരുക്കേറ്റ കരീം ബെന്‍സേമ കളിക്കില്ല. താരത്തിന്റെ കാലിനേറ്റ പരുക്ക് ഗുരുതരമാണ്. മറ്റൊരു സുപ്രധാന താരം മാര്‍കോ അസെന്‍സിയോ കളിക്കാനുള്ള സാധ്യതയും കുറവാണ്. കഴിഞ്ഞ ദിവസം നടന്ന ടീമിന്റെ പരിശീലനത്തില്‍ താരം പങ്കെടുത്തിരുന്നില്ല. റാഫേല്‍ വരാനെ കളിക്കുമെന്ന് ക്ലബ് വ്യക്തമാക്കി. ക്രിസ്റ്റ്യാനോ വരുന്നതോടെ മറ്റു താരങ്ങളുടെ അഭാവം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് സിദാന്‍ കരുതുന്നത്.
മധ്യനിര താരങ്ങളായ ജോര്‍ജ് എഫ്രെം, ഫാഗുണ്ടോ ബെര്‍ട്ടോഗ്ലിയോ, പ്രതിരോധ താരം സിവ്‌കോ മിലാനോവ് എന്നിവരില്ലാതെയാണ് അപ്പോയെല്‍ കളത്തിലിറങ്ങുക. ഇത് തങ്ങള്‍ക്ക് തിരിച്ചടിയാവില്ലെന്ന് ക്ലബ് സൂചിപ്പിച്ചു. ലാലിഗയില്‍ തുടര്‍ച്ചയായി രണ്ടു സമനില വഴങ്ങിയ റയല്‍ സമ്മര്‍ദത്തിലാണ്. ക്രിസ്റ്റ്യാനോയുടെ മികവില്‍ വിജയത്തുടക്കമിടാനാണ് ക്ലബ് ഇന്ന് കളത്തിലിറങ്ങുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ മത്സരത്തില്‍ ഫെയ്‌നൂര്‍ദിനെയാണ് നേരിടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമിലുള്ള ടീമിന് അത് തുടരാനാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ലിവര്‍പൂളിനെതിരായ മത്സരത്തില്‍ പരുക്കേറ്റ ഗോള്‍കീപ്പര്‍ എഡേഴ്‌സന്‍ ടീമില്‍ തിരിച്ചെത്തിയ സിറ്റിക്ക് ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. ലിവര്‍പൂള്‍ താരം സാഡിയോ മാനെയുടെ ബൂട്ട് തട്ടിയാണ് താരത്തിന് പരുക്കേറ്റത്. എട്ടു തുന്നിക്കെട്ടലുകളാണ് താരത്തിന് വേണ്ടിവന്നത്. ഫെയ്‌നൂര്‍ദിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ മധ്യനിര താരം യായാ ടുറെ കളിക്കില്ലെന്ന് സിറ്റി വൃത്തങ്ങള്‍ സൂചിപ്പിച്ചു. റഹീം സ്റ്റെര്‍ലിങ്, ഡേവിഡ് സില്‍വ, ഫെര്‍ണാണ്ടീനോ,ഗുണ്ടോഗന്‍, സെര്‍ജിയോ അഗ്യെറോ, കെവിന്‍ ഡിബ്രൂയിന്‍ എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ലിവര്‍പൂളിന് സ്പാനിഷ് ടീമായ സെവിയ്യയാണ് എതിരാളികള്‍. യുവേഫ യൂറോപ്പ ലീഗ് ഫൈനലിന് ശേഷം ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. നേരത്തെ യൂറോപ്പ ലീഗില്‍ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് സെവിയ്യ ജേതാക്കളായത്. ഇതിന് പകരം വീട്ടാനാണ് ഇംഗ്ലീഷ് ടീം കളത്തിലിറങ്ങുന്നത്. ലിവര്‍പൂള്‍ നിരയില്‍ ആദം ലല്ലാന കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം ഫിലിപ്പ് കുട്ടീഞ്ഞോ ആദ്യ ഇലവനിലുണ്ടാകും. സെവിയ്യയില്‍ നോളീറ്റോയും കളിക്കില്ല. ജൊഹാനസ് ഗീസും ആദ്യ ഇലവനിലുണ്ടാകില്ല. ബൊറൂസയക്ക് ബൊറൂസിയ ഡോര്‍ട്മുണ്ടും നാപ്പോളിക്ക് ഷാക്തറുമാണ് എതിരാളി. മറ്റു മത്സരങ്ങളില്‍ മൊണാക്കോ ലീപ്‌സിഗിനെയും പോര്‍ട്ടോ ബെസിക്റ്റസിനെയും മാരിബോര്‍ സ്പാര്‍ട്ടക് മോസ്‌കോയെയും നേരിടും.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.