2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ചലിക്കുന്ന ശില്‍പങ്ങളായി വിഡിയോ പ്രതിഷ്ഠാപനങ്ങള്‍

കൊച്ചി:വിഡിയോ പ്രതിഷ്ഠാപനങ്ങളില്‍ വൈവിധ്യങ്ങള്‍ സൃഷ്ടിച്ച് ബിനാലെയുടെ മൂന്നാംപതിപ്പ്. 39 വിഡിയോ പ്രതിഷ്ഠാപനങ്ങളാണ് മുഖ്യവേദിയിലും മറ്റു വേദികളിലുമായി ഒരുക്കിയിരിക്കുന്നത്. ബഹുമാധ്യമ പ്രതിഷ്ഠാപനങ്ങളുടെ പിതാവെന്നു വിശേഷിപ്പിക്കുന്ന ഗാരി ഹില്ലി മുതല്‍ പുതുതലമുറയിലെ റേച്ചല്‍ മക്‌ലിവരെയുള്ളവരുടെ പ്രതിഷ്ഠാപനങ്ങള്‍.
മിനിട്ടുകള്‍ മാത്രം നീളുന്നവ മുതല്‍ നാലു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളവ. വിഡിയോ പ്രതിഷ്ഠാപനങ്ങളെ പിന്തുടര്‍ന്നു പോകുമ്പോള്‍ വൈചിത്ര്യങ്ങളുടെയും സമകാലീന കലാവൈവിധ്യങ്ങളുടെയും അത്ഭുത ലോകമാണു തുറന്നിടുന്നത്. ഇതില്‍ വിഡിയോ മാത്രമുള്ളവയും മറ്റു മാധ്യമങ്ങള്‍ക്കൊപ്പം വിഡിയോ ഉള്‍ക്കൊള്ളിച്ചിരിക്കുന്നവയുമുണ്ട്. അന്‍പതുകളിലാണ് വിഡിയോ ഇന്‍സ്റ്റലേഷനുകള്‍ കലാമാധ്യമമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ടത്.
1974ല്‍ ‘വോള്‍ ഇന്‍ ദ് ഹോള്‍’ എന്ന വിഡിയോ പ്രതിഷ്ഠാപനത്തിലൂടെ ഗാരി ഹില്‍ ആസ്വാദകരെ അഭിമുഖീകരിക്കുമ്പോള്‍ ബഹുമാധ്യമ പരീക്ഷണങ്ങള്‍ ഏറെ നടന്നിരുന്നില്ല. ദര്‍ബാര്‍ ഹാള്‍ വേദിയില്‍ ഹില്ലിന്റെ മൂന്ന് പ്രതിഷ്ഠാപനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഡ്രീം സ്റ്റോപ്പ് സ്റ്റോ, ക്ലെയ്ന്‍ ബോട്ടില്‍, സൈന്‍ വേവ് എന്നിവ. ‘ഡ്രീം സ്റ്റോപ്പ്’ കാണികളെ വിഭ്രമത്തിന്റെയും അമ്പരപ്പിന്റെയും ലോകത്തേക്കു നയിക്കുന്ന ബഹുമാധ്യമ ശില്‍പം തന്നെയാണ്.
32 വിഡിയോ പ്രൊജക്ഷനുകളാണ് ഇതില്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്. അത്രതന്നെ ഒളിക്യാമറകളും. പ്രതിഷ്ഠാപനം കണ്ണാടിയിലെന്ന പോലെ ഒളിക്യാമറകള്‍ പ്രൊജക്ടറുകളിലൂടെ പ്രദര്‍ശിപ്പിക്കുമ്പോള്‍ തങ്ങളുടെ 32 രൂപങ്ങള്‍ കണ്ട് കാഴ്ചക്കാര്‍ അമ്പരക്കും. മറ്റു കലാസാമഗ്രികളെ വിഡിയോയുമായി സന്നിവേശിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ആഹ്ലാദത്തില്‍നിന്നാണ് തന്റെ കല പിറവിയെടുക്കുന്നതെന്ന് ഗാരി ഹില്‍ പറയുന്നു.
കബീര്‍ മൊഹന്തി നാലു മണിക്കൂര്‍ നീളുന്ന’സോങ് ഫോര്‍ ആന്‍ ഏന്‍ഷ്യന്റ് ലാന്‍ഡ്’എന്ന പ്രതിഷ്ഠാപനം നാലു ഭാഗങ്ങളായാണ് ആസ്പിന്‍വാള്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന മിഖായേല്‍ കാരികിസിന്റെ ‘എയ്ന്റ് ഗോട്ട് നോ ഫിയര്‍’ എന്ന വിഡിയോ ഇന്‍സ്റ്റലേഷന്‍പ്രതിഷ്ഠാപനം കുട്ടികള്‍ക്കൊപ്പം ഒരു വര്‍ഷം ചെലവഴിച്ചു ചിത്രീകരിച്ചതാണ്. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഒരു വൈദ്യുത പദ്ധതി നശിപ്പിക്കുന്ന ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ റാപ്പ് ഗാനങ്ങളുണ്ടാക്കുന്നു. ഒരുമിച്ചു ജീവിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രണയികളെപ്പോലെയാണ് തനിക്കു ശബ്ദവും ദൃശ്യവുമെന്ന് കാരികസ് പറയുന്നു.
ഡല്‍ഹി സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകാരനുമായ രവി അഗര്‍വാളിന്റെ’സംഘം ഡയലോഗും’ സുപ്രധാന വിഡിയോ പ്രതിഷ്ഠാപനമാണ്. പരിസ്ഥിതിക്കു വിനാശം വരുത്തുന്നതിന്റെ അപകടങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് അദ്ദേഹം. വൂ ടിയെന്‍ ചാങ്ങിന്റെ വിഡിയോ പ്രതിഷ്ഠാപനം കൊച്ചുകുട്ടികളെപ്പോലും ആഹ്ലാദിപ്പിക്കുന്ന രീതിയില്‍ തായ്‌വനീസ് നാടോടി ഈണങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു. ഇവയ്ക്ക് ബിനാലെയില്‍ മികച്ച ആസ്വാദക ശ്രദ്ധയാണു ലഭിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.