2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ചരിത്ര തിരുശേഷിപ്പുകളായിരുന്ന വഴിയമ്പലങ്ങളും ചുമടുതാങ്ങികളും വിസ്മൃതിയിലേയ്ക്ക്

ബിനുമാധവന്‍

നെയ്യാറ്റിന്‍കര: രാജഭരണ നാളുകളില്‍ കാല്‍നട യാത്രക്കാര്‍ക്കും തലചുമടുമായി വരുന്നവര്‍ക്കും വിശ്രമിക്കാനും ഭക്ഷണം കഴിക്കുന്നതിനും തലചുമടുകള്‍ പരസഹായം കൂടാതെ ഇറക്കി വയ്ക്കുന്നതിനും അന്തിയുറങ്ങുന്നതിനും സ്ഥാപിക്കപ്പെട്ട വഴിയമ്പലങ്ങളും ചുമടുതാങ്ങികളും വിസ്മൃതിയിലാകുന്നു. വാഹനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന അക്കാലത്ത് ഇത്തരത്തിലുളള ചുമടുതാങ്ങികളും വഴിയമ്പലങ്ങളും ഒറ്റയടിപ്പാതകളുടെയും കാളവണ്ടിപ്പാതകളുടെയും സമീപത്തായിരുന്നു സ്ഥാപിക്കപ്പെട്ടത്. കാര്‍ഷിക വിളകളുമായി വിദൂരങ്ങളിലെ ചന്തകളില്‍ ഓലചൂട്ടും കത്തിച്ച് പോയിരുന്ന കര്‍ഷകര്‍ക്ക് അക്കാലത്ത് ഏറെ ആശ്വാസമായിരുന്നു ഈ വഴിയമ്പലങ്ങളും ചുമടുതാങ്ങികളും.
ആനയും പന്നിയും കടുവയും കരടിയും ചെന്നായ്ക്കളും സ്വതന്ത്ര വിഹാരം നടത്തിയിരുന്ന ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭരണാധികാരികള്‍ നല്‍കിയ സാന്ത്വനമായിരുന്നു ഇവ. വഴിയമ്പലങ്ങള്‍ക്കു ചുറ്റും തീപ്പന്തങ്ങള്‍ കുത്തി നിറുത്തി ഒരാളെ കാവലേല്‍പ്പിച്ചാണ് യാത്രക്കാരുടെ ഉറക്കം. വന്യജീവികളുടെ ആക്രമണം ഭയന്നാണ് ഇപ്രകാരം ചെയ്തിരുന്നത്. നടന്ന് വലഞ്ഞെത്തുന്ന യാത്രികര്‍ക്ക് വെളളറട കോവില്ലൂര്‍ വഴിയമ്പലത്തില്‍ മുറുക്കാനും നാരങ്ങാനീരും നല്‍കുന്ന പതിവുണ്ടായിരുന്നു. സമീപം വസിക്കുന്ന ആരുടെയെങ്കിലും സംഭാവനയാകും ഇത്.
മുന്നൂറ്-നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തച്ചന്‍മാരുടെ പ്രത്യേക കരവിരുതില്‍ ഒറ്റ സ്തൂപികയില്‍ കഴുക്കോലുകള്‍ ഉറപ്പിച്ച് സംരക്ഷണ വലയവും സ്ഥാപിക്കപ്പെട്ട ഈ വഴിയമ്പലങ്ങള്‍ ഏകാധിപത്യ നാളുകളുടെ ജനകീയത വിളംബരം ചെയ്യുന്നവയായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ ആര്യങ്കോടില്‍ ഒളിവില്‍ കഴിയുമ്പോള്‍ എട്ടുവീട്ടില്‍ പിളളമാരുടെയും മാടമ്പിമാരുടെയും ആക്രമണത്തെ ഭയന്ന് വെളളറട-അമ്പൂരി വഴി മായത്തേയ്ക്ക് ഒളിച്ചോടി. ശത്രു നീക്കം മുന്‍കൂട്ടിയറിഞ്ഞ രാജാവ് ഈ സമയം റോഡുകളും വഴിയമ്പലങ്ങളും ചുമടുതാങ്ങികളും നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആര്യങ്കോട് നിന്ന് വെളളറടയ്ക്കുളള പത്ത് കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചതും അതിനുളള സ്ഥലം വിട്ടു നല്‍കിയതും പാക്യനാഥന്‍ എന്ന കരാറുകാരനായിരുന്നു. അതു കൊണ്ട് രാജാവ് ഈ റോഡിന് പാക്യനാഥന്‍ റോഡ് എന്ന് പേരു നല്‍കി. പാക്യനാഥന്‍ റോഡു വഴി കടന്നു പോകുന്ന വഴിയാത്രക്കാര്‍ കോവില്ലൂര്‍ വഴിയമ്പലത്തിലായിരുന്നു വിശ്രമിച്ചിരുന്നത്.
വെളളറട , മൈലച്ചല്‍ , പനച്ചമൂട് , കുന്നത്തുകാല്‍ , ബാലരാമപുരം , പരശുവയ്ക്കല്‍ , നരുവാമൂട് തുടങ്ങി താലൂക്കിലുടനീളം സ്ഥാപിച്ചിരുന്ന ചുമടുതാങ്ങികള്‍ ഏറെ കുറെ പോയ് മറഞ്ഞു. കാലം ഏറെ മാറിയതോടെ വഴിയമ്പലങ്ങളുടെയും ചുമടുതാങ്ങികളുടെയും ആവശ്യകത അന്യമായി. കാട് നാടായി. നാട് നഗരമായി. കാളവണ്ടിയും ഉന്തു വണ്ടിയും കാറിനും ലോറിയ്ക്കും വഴിമാറി. വഴിയമ്പലങ്ങളും ചുമടുതാങ്ങികളും നോക്കുകുത്തികളും. തിരുവനന്തപുരം ജില്ലയില്‍ മറ്റെല്ലാ പുരാതന വിശ്രമ കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞ പ്പോള്‍ കോവില്ലൂരും , തട്ടിട്ടാമ്പലവും , മൈലക്കരയിലേയും , ബാലരാമപുര ത്തെയും , പരശുവയ്ക്കലിലേയും , വെളളായണിയിലേയും വഴിയമ്പലങ്ങളും ചുമടുതാങ്ങികളും ഇന്നും ചരിത്രത്തിന്റെ മാനം കാക്കുന്നു. ഇവയും ഇന്ന് നാശത്തിന്റെ വക്കിലാണ്. ആരോരും ശ്രദ്ധിക്കാതെ രാജകീയതയുടെ ഈ ജനാധിപത്യ സ്തൂപങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ ചിതലെടുക്കുന്നത് നമ്മുടെ പാരമ്പര്യവും അസ്തിത്വവുമാണന്ന് നാം ഓര്‍ക്കണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.