2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ചരിത്രാതീത കാലത്തെ ഭീമന്‍ സ്രാവിന്റെ പല്ലുകള്‍ കണ്ടെത്തി

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ ചരിത്രാതീത കാലത്തെ ഭീമന്‍ സ്രാവിന്റെ പല്ലുകള്‍ കണ്ടെത്തി. ആസ്‌ത്രേലിയയിലെ ഒരു ബീച്ചിലാണ് ഭീമന്‍ തിമിംഗലത്തിന്റെ രണ്ടിരട്ടി വലിപ്പം വരുന്ന സ്രാവിന്റേതെന്നു തോന്നിപ്പിക്കുന്ന പല്ലുകള്‍ ശാസ്ത്രസംഘത്തിനു ലഭിച്ചത്.
മെല്‍ബണില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പ്രശസ്തമായ ഗ്രേറ്റ് ഓഷ്യന്‍ റോഡിലെ ജാന്‍ ജൂക്കില്‍നിന്നാണ് സ്രാവിന്റെ പല്ലുകള്‍ ലഭിച്ചത്.
ഭൂതാവശിഷ്ടങ്ങള്‍ക്കു പേരുകേട്ട ബീച്ചാണ് ജാന്‍ ജൂക്ക്. ഇവിടെ ഉല്‍ഖനം നടത്തിക്കൊണ്ടിരിക്കെയാണ് ഫിലിപ്പ് മുലാലി എന്ന ഗവേഷകന്‍ പല്ലുകള്‍ കണ്ടെത്തിയത്. ഇവിടെ തിരഞ്ഞുനടക്കുന്നതിനിടെ ഒരു ഭാഗം പുറത്തേക്കു തള്ളിനില്‍ക്കുന്ന ഒരു തിളങ്ങുന്ന വസ്തു ശ്രദ്ധയില്‍പെടുകയായിരുന്നു.
ഏഴ് സെന്റി മീറ്റര്‍ നീളമുണ്ട് ഇവയ്ക്ക്. ഇതു പുറത്തെടുത്ത് ഫോസിലുകളെ കുറിച്ചു പഠിക്കുന്ന വിദഗ്ധരായ എറിച്ച് ഫിറ്റ്‌സ്‌ജെറാള്‍ഡ്, മ്യൂസിയംസ് വിക്ടോറിയ എന്നിവരെ സമീപിച്ചു. ഇവരാണ് ഇതു ചരിത്രാതീത കാലത്തെ ഭീമന്‍ സ്രാവിന്റേതാണെന്നു സ്ഥിരീകരിച്ചത്.
സ്ഥലത്ത് നടത്തിയ രണ്ട് ഉല്‍ഖനങ്ങളില്‍നിന്ന് ആകെ 40 പല്ലുകളാണു കണ്ടെത്തിയത്. ഏകദേശം 25 മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച സ്രാവിന്റേതാകും ഈ ഭീമന്‍ പല്ലുകളെന്നാണു ശാസ്ത്ര സംഘത്തിന്റെ നിഗമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.