
കാലടി: കലാലയസ്മൃതികളുടെ ചരിത്രമുറ്റത്ത് അവര്‍ ഒത്തുകൂടി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ പഞ്ചവത്സര ബിരുദ തത്വശാസ്ത്ര കോഴ്സിലെ പ്രഥമ ബാച്ച് വിദ്യാര്‍ഥികളും ട്രിപ്പിള്‍ മെയിന്‍ ബിഎ വിദ്യാര്‍ഥികളുമാണ് കലാലയപ്രവേശനത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ വീണ്ടും ഒത്തുചേര്‍ന്നത്.
‘ഓര്‍മക്കൂട്ട്’ എന്ന പേരില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ഥി സംഗമം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലയുടെ പ്രാരംഭഘട്ടത്തില്‍ മികച്ച കലാലയാന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ വിദ്യാര്‍ഥി സമൂഹം വഹിച്ച പങ്ക് വലുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകവിദ്യാര്‍ഥി ബന്ധം ക്ലാസ് മുറിക്കു പുറത്തും ഊഷ്മളവും മാതൃകാപരവുമാകുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
പഠനകാലത്തെ ഓര്‍മകളും തുടര്‍ജീവിതത്തില്‍ കലാലയാനുഭവങ്ങള്‍ നല്കിയ പ്രചോദനങ്ങളും വിദ്യാര്‍ഥികള്‍ പങ്കുവച്ചു. അധ്യാപകരായ ഡോ. പി. സുന്ദരേശ്വരന്, ഡോ. പി. ഉണ്ണികൃഷ്ണന്, ഡോ. ജെന്നി റപ്പായി, ഡോ.കെ.ആര്. സജിത, ഡോ.സി.എം. മനോജ്കുമാര്‍, ഡോ. ആനി ട്രീസ എഫ്രേം, ഡോ. എബി കോശി, എ.എ. ഗോപി, ഡോ. അജിത്കുമാര്‍, വിദ്യാര്‍ഥി പ്രതിനിധികളായ റോബി തോമസ്, ബിജോയ് തോമസ്, മനോജ്കുമാര്‍, എല്‍ദോസ്, സരിത, സുനില്‍കുമാര്‍, ജിന്റോ പൗലോസ്, ബേബി, പ്രവിത സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.