2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ചരിത്രപരമായ കൂടിക്കാഴ്ച നാളെ ട്രംപും കിമ്മും സിംഗപ്പൂരിലെത്തി

സിംഗപ്പൂര്‍ സിറ്റി: ചരിത്രപ്രധാനമായ ഉച്ചകോടിക്കായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സിംഗപ്പൂരിലെത്തി. പരിവാരങ്ങളുമായി കിം സിംഗപ്പൂരില്‍ കാലുകുത്തിയതിനു തൊട്ടുപിറകെയാണ് ട്രംപ് വ്യോമസേനാ വിമാനത്തില്‍ എത്തിയത്. ചൊവ്വാഴ്ച സിംഗപ്പൂര്‍ ഉപദ്വീപായ സെന്റോസയിലെ റിസോര്‍ട്ടില്‍ വച്ചാണ് ഉച്ചകോടി നടക്കുന്നത്. ഇതാദ്യമായാണ് അധികാരത്തിലിരിക്കെ രണ്ടു രാജ്യങ്ങളുടെയും തലവന്മാര്‍ കൂടിക്കാഴ്ച നടത്തുന്നത്.
എയര്‍ ചൈനാ 747 വിമാനത്തിലാണ് കിം എത്തിയത്. ചാങ്ങി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ എത്തിയിരുന്നു. തുടര്‍ന്ന് ബെന്‍സ് മേഴ്‌സിഡസ് കാറില്‍ കിമ്മിനെ 20ഓളം ഔദ്യോഗിക വാനങ്ങളുടെ അകമ്പടിയോടെ പ്രത്യേക വസതിയിലെത്തിച്ചു. ശേഷം സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ എച്ച്‌സൈന്‍ ലൂങ്ങുമായി കിം ചര്‍ച്ച നടത്തുകയും ചെയ്തു.

സിംഗപ്പൂരിലെ പായാ ലെബാര്‍ വ്യോമസേനാ താവളത്തിലാണ് ട്രംപ് വിമാനമിറങ്ങിയത്. ഇവിടെയും വിദേശകാര്യ മന്ത്രി സ്വീകരിക്കാനെത്തിയിരുന്നു. ഉച്ചകോടിയെ കുറിച്ച മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് വളരെ നല്ലതെന്നു പറഞ്ഞ് ട്രംപ് ഒഴിഞ്ഞുമാറി. കാനഡയില്‍ നടന്ന ജി7 ഉച്ചകോടി കഴിഞ്ഞാണ് ട്രംപ് സിംഗപ്പൂരിലേക്കു തിരിച്ചത്. സെന്‍ട്രല്‍ സിംഗപ്പൂരിലെ ഹോട്ടലില്‍ എത്തിയ ട്രംപ് പിന്നീട് സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായാണു വിവരം.
ഒറ്റത്തവണ മാത്രമുള്ള സമാധാന ചര്‍ച്ചയെന്നാണ് ട്രംപ് ഉച്ചകോടിയെ വിശേഷിപ്പിച്ചത്. അന്തിമമായ സമാധാനപ്രക്രിയയ്ക്ക് ഉ.കൊറിയ തയാറായില്ലെങ്കില്‍ ഇനി ചര്‍ച്ചയില്ലെന്ന നിലപാടാണ് അമേരിക്കയുടേത്. ഉച്ചകോടി കഴിഞ്ഞയുടന്‍ തന്നെ കിം തങ്ങളുടെ ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്നാണ് യു.എസ് ആവശ്യം.
ഇരുനേതാക്കളും ഉച്ചകോടിക്കായി വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താനായിരിക്കും അടുത്ത ഒരു ദിവസം ഉപയോഗപ്പെടുത്തുക. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ നേതാക്കളുടെയും കൂടി പങ്കാളിത്തത്തോടെ ഉച്ചകോടിയുടെ നടപടിക്രമങ്ങളെ കുറിച്ചുള്ള അന്തിമവട്ട ചര്‍ച്ചയും നടക്കും.

18 മാസത്തോളമായി ട്രംപിനും കിമ്മിനുമിടയില്‍ തുടരുന്ന വാക്ക്‌പോരുകള്‍ക്കും പരസ്പര ഭീഷണികള്‍ക്കും ഒടുവിലാണ് ഇരുനേതാക്കളും ഒരു മേശയ്ക്കും ചുറ്റുമിരിക്കാന്‍ തയാറായത്. ദ.കൊറിയയുടെ മധ്യസ്ഥതയിലാണ് ഇങ്ങനെയൊരു സാഹചര്യം ഒരുങ്ങിയത്. തൊട്ടുമുന്‍പു നടന്ന ചരിത്രം കുറിച്ച കൊറിയന്‍ ഉച്ചകോടിയും ഇതില്‍ നിര്‍ണായകമായി. ഇതിനിടെ ഇരുരാജ്യങ്ങളും ഉച്ചകോടിയില്‍നിന്നു പിന്മാറുന്നതായി അറിയിച്ചിരുന്നെങ്കിലും ദ.കൊറിയയുടെ ഇടപെടലില്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം വീണ്ടും ഉരുത്തിരിഞ്ഞുവരികയായിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന ഉച്ചകോടിയില്‍ ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതിനു പുറമെ 65 വര്‍ഷത്തോളമായി സാങ്കേതികമായി തുടരുന്ന കൊറിയന്‍ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനും തീരുമാനമുണ്ടായേക്കും.


 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.